അന്ന് കേരളമോടി, രാഘവൻ നമ്പ്യാർക്കൊപ്പം; ഓർമയിൽ ജ്വലിച്ച് കേരളപ്പിറവി പ്രയാണം
Mail This Article
തളിപ്പറമ്പ് ∙1956ൽ കേരളം പിറന്ന ദിവസം കേരളപ്പിറവി ദീപശിഖാ പ്രയാണത്തിന് കോഴിക്കോടുനിന്ന് തുടക്കംകുറിച്ച 18 വയസ്സുകാരൻ കെ.രാഘവൻ നമ്പ്യാർ ഇപ്പോഴും കേരളപ്പിറവിയുടെ ത്രില്ലിലാണ്. ഫറോക്ക് കോളജ് ഇന്റർമീഡിയറ്റ് വിദ്യാർഥിയായിരിക്കെ, 1956ലെ കോളജ് കായിക മേളയിൽ 100 മീറ്റർ ഓട്ടമത്സരത്തിൽ ഒന്നാമനായതാണു തളിപ്പറമ്പ് സ്വദേശി കുപ്പാടകത്ത് രാഘവൻ നമ്പ്യാർക്ക് ദീപശിഖാ പ്രയാണത്തിന് തുടക്കം കുറിക്കാൻ അവസരം നൽകിയത്. ഇപ്പോൾ 87ാം വയസ്സിൽ രാജരാജേശ്വര ക്ഷേത്രത്തിന് സമീപത്തുള്ള വീട്ടിൽ വിശ്രമത്തിലാണ് ഇദ്ദേഹം.
മലബാറിന്റെ ആസ്ഥാനമായിരുന്ന കോഴിക്കോടുനിന്ന് ആരംഭിച്ച ദീപശിഖാ പ്രയാണം കൊച്ചി, തിരുവിതാംകൂർ ദീപശിഖകളുമായി ചേർന്ന് തിരുവനന്തപുരത്താണു സമാപിച്ചത്. റോഡിന് ഇരുവശത്തും തടിച്ചുകൂടിയ ജനം പുഷ്പവൃഷ്ടി നടത്തിയാണ് ദീപശിഖയെ വരവേറ്റതെന്നു രാഘവൻ നമ്പ്യാർ ഓർക്കുന്നു. തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളിൽ എൻസിസി ചുമതലയുള്ള അധ്യാപകനായിരുന്ന ഇദ്ദേഹം എൻസിസി രാഘവൻ നമ്പ്യാർ എന്നാണ് അറിയപ്പെടുന്നത്. ഫുട്ബോൾ, ബാസ്കറ്റ് ബോൾ, എന്നിവയിലും സജീവമായിരുന്നു. ഭാര്യ: തൃപുരസുന്ദരി. മക്കൾ: അനുപമ രമേശ്, നന്ദകുമാർ നമ്പ്യാർ, അനിയൻ നമ്പ്യാർ (കുവൈത്ത്).