പതിവുതെറ്റിക്കാതെ കുണിയൻ പുഴയോരത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തി
Mail This Article
കരിവെള്ളൂർ ∙ വർണകാഴ്ചകളൊരുക്കാൻ പതിവുതെറ്റിക്കാതെ കുണിയൻ പുഴയോരത്ത് ദേശാടനപ്പക്ഷികൾ വിരുന്നെത്തി. യൂറോപ്യൻ ദേശാടനപക്ഷിയായ പച്ചക്കാലി, സൈബീരിയയിലെ സ്റ്റോൺ കൊക്ക്, വെള്ളക്കണ്ണി, വർണക്കൊക്ക്, പനങ്കാക്ക, കാലിമുണ്ടി, കരിയാല, ആട്ടക്കാരൻ, മഞ്ഞക്കൊച്ച, ആനറാഞ്ചി, ചാരമുണ്ടി, വെള്ളക്കണ്ണൻ തുടങ്ങിയ ഒട്ടേറെ പക്ഷികളെ കുണിയനിൽ കാണാം. അപകടകരമാംവിധം വംശനാശ ഭീഷണി നേരിടുന്ന ചുവപ്പു പട്ടികയിൽ ഉൾപ്പെടുത്തിയ വർണകൊക്കുകൾ, മഞ്ഞക്കാലൻ, പച്ചപ്രാവ് തുടങ്ങിയവയും വടക്കെ അമേരിക്ക, യുറേഷ്യ എന്നിവിടങ്ങളിലെ പമ്പരക്കാടയും കുണിയനിൽ സന്ദർശകരായി എത്തിയിട്ടുണ്ട്. അറേബ്യൻ സമുദ്രത്തിലൂടെ പറന്നാണ് പമ്പരക്കാട കുണിയനിലെത്തിയത്. 5000 കിലോമീറ്റർ നിർത്താതെ പറക്കാൻ ഇവർക്കു കഴിയും.
കുണിയൻ പുഴയോരത്തെ ഏക്കറുകളോളം പരന്നു കിടക്കുന്ന വയലുകളും കണ്ടൽക്കാടുകളുമാണ് ദേശാടന പ്പക്ഷികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.സമീപത്തെ പാടിയിൽപുഴ, വെള്ളൂർപുഴ, തുരുത്തി എന്നിവിടങ്ങളും പക്ഷികളുടെ ആവാസ കേന്ദ്രങ്ങളാണ്. 1987 മുതൽ 2006 വരെ നടത്തിയ സർവേകളിൽ കുണിയനിൽ 160 ഇനം പക്ഷികളെ കണ്ടെത്തിയിട്ടുണ്ട്. വയലിലേക്ക് ഉപ്പുവെള്ളം കയറുന്നത് പറവകളുടെ ആഹാരത്തെ പ്രതികൂലമായി ബാധിക്കുന്നു. രാവിലെയും വൈകിട്ടും ദേശാടനപ്പക്ഷികൾ വയലിലെത്തും. ഒട്ടേറെയാളുകളാണ് പക്ഷികളുടെ ഉത്സവകാലം കാണാനെത്തുന്നത്. ഒക്ടോബറിൽ കുണിയനിലെത്തിയ പക്ഷികൾ മാർച്ച് വരെ ഇവിടെയുണ്ടാകും.
വേണം, ഇക്കോ ഹിസ്റ്റോറിക്കൽ പാർക്ക്
കരിവെള്ളൂർ ഗ്രാമത്തിന്റെ സാംസ്കാരിക പൈതൃകം പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും വിനോദത്തിനുമായി കുണിയനിൽ ഇക്കോ ഹിസ്റ്റോറിക്കൽ ടൂറിസം പാർക്ക് വേണമെന്നത് നാട്ടുകാരുടെ ആവശ്യം ആയിരുന്നു. 2005 ൽ പാർക്കിന്റെ പ്രാരംഭ നടപടികൾ തുടങ്ങിയെങ്കിലും സ്വപ്നം കടലാസിൽ ഒതുങ്ങി. വിനോദത്തിനും ചരിത്ര പഠനത്തിനും ഒരു പോലെ പ്രാധാന്യം കൊടുക്കുന്ന പദ്ധതിയാണ് ലക്ഷ്യം വച്ചത്. ജൈവവൈവിധ്യ കലവറ സംരക്ഷിച്ച് പാർക്ക് യാഥാർഥ്യമായാൽ വിനോദത്തിനായി ഒട്ടേറെയാളുകൾ കുണിയനിൽ എത്തിച്ചേരും. ഇത് തദ്ദേശീയർക്ക് കൂടുതൽ തൊഴിലവസരങ്ങൾ ലഭ്യമാകാൻ സഹായിക്കും. സ്വയംതൊഴിൽ സംരംഭം ആരംഭിക്കാനുള്ള സാധ്യതയും
ഏറെയാണ്.