എഡിഎമ്മിന്റെ മരണം കോൺഗ്രസ് മാർച്ചിൽ സംഘർഷം
Mail This Article
കണ്ണൂർ∙ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കലക്ടർ അരുൺ കെ.വിജയന്റെ പങ്ക് അന്വേഷിക്കണമെന്നും കലക്ടറെ മാറ്റണമെന്നും ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി കലക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിൽ പൊലീസുമായി സംഘർഷം. കലക്ടറേറ്റ് ഗേറ്റിനു മുന്നിൽ പൊലീസിന്റെ ബാരിക്കേഡ് മറികടക്കാനുള്ള പ്രവർത്തകരുടെ നീക്കം തടയാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ ചിതറിയോടി. തിരികെയെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ വീണ്ടും ശ്രമിച്ചതോടെ പ്രവർത്തകർക്കുനേരെ പൊലീസ് ബലപ്രയോഗം നടത്തി. ഇതോടെ സംഘർഷമായി.
വനിതാ പ്രവർത്തകർ മറ്റൊരു ഭാഗത്ത് കൂടി കലക്ടറേറ്റ് മതിൽ കയറാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞു. അരമണിക്കൂറോളം സംഘർഷം തുടർന്നു. ഇതിനിടെ പ്രവർത്തകരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ബസിൽ കയറ്റാനുള്ള ശ്രമം പ്രവർത്തകർ ചെറുത്തു. ബസിനു മുൻഭാഗത്ത് റോഡിൽ കുത്തിയിരുന്ന് പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. പൊലീസുകാർ തങ്ങളെ ആക്രമിച്ചതായും അപമാനിച്ചതായും വനിതാ പ്രവർത്തകർ ആരോപിച്ചു.നേരത്തേ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി സമരം ഉദ്ഘാടനം ചെയ്തു. ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം ടി.ഒ.മോഹനൻ, കെ.സി.മുഹമ്മദ് ഫൈസൽ, ഷമ മുഹമ്മദ്, കെ.പ്രമോദ്, മനോജ് കൂവേരി, രാജീവൻ എളയാവൂർ, രജിത്ത് നാറാത്ത്, എം.കെ.മോഹനൻ, കെ.സി.ഗണേശൻ, മുഹമ്മദ് ഷമ്മാസ്, ശ്രീജ മഠത്തിൽ, വി.പി.അബ്ദുൽ റഷീദ്, വി.വി.പുരുഷോത്തമൻ, മുഹമ്മദ് ബ്ലാത്തൂർ, സജീവ് മാറോളി, ടി.ജയകൃഷ്ണൻ, ജൂബിലി ചാക്കോ, ടി.സി.പ്രിയ, കൊയ്യാം ജനാർദനൻ, അമൃത രാമകൃഷ്ണൻ, ഡപ്യൂട്ടി മേയർ പി.ഇന്ദിര, റഷീദ് കവ്വായി, കെ.പി.സാജു, ടി.ജനാർദനൻ, പി.മാധവൻ, വിജിൽ മോഹനൻ, സി.ടി.ഗിരിജ, കായക്കൽ രാഹുൽ, കൂക്കിരി രാജേഷ്, കല്ലിക്കോടൻ രാഗേഷ് എന്നിവർ പ്രസംഗിച്ചു.
കലക്ടറുടെ മൊഴി ശുദ്ധ അസംബന്ധം: കെ.സുധാകരൻ
കണ്ണൂർ ∙ എഡിഎമ്മിന്റെ മരണത്തിൽ പ്രതിയായ പി.പി.ദിവ്യയെ രക്ഷിക്കാനാണ് കലക്ടർ അരുൺ കെ.വിജയന്റെ നീക്കമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. ആണാണെന്നു പറഞ്ഞാൽ പോരാ, ആണത്തം വേണം കലക്ടർക്ക്. ഐഎഎസിന് അന്തസ്സും മഹത്വവുമുണ്ട്. കലക്ടർ അതു കളയരുത്. സമൂഹത്തിനു മുന്നിൽ കലക്ടർ ഇപ്പോൾ കുറ്റവാളിയെപ്പോലെയാണ്. തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കലക്ടറുടെ മൊഴി ശുദ്ധ അസംബന്ധമാണ്. സത്യം തുറന്നുപറയാൻ കലക്ടർ അന്തസ്സു കാണിക്കണം. ഇല്ലെങ്കിൽ ദിവ്യയ്ക്കൊപ്പം സമൂഹം കലക്ടറെയും വിലയിരുത്തും. തറവാട്ടിൽ പോകുംപോലെയാണ് ക്ഷണിക്കാത്ത യോഗത്തിൽ ദിവ്യ വന്നതും പോയതും.
‘ഷട്ട് അപ്പ് യുവർ മൗത്ത്’ എന്ന് കലക്ടർ എന്തുകൊണ്ട് ദിവ്യയോടു പറഞ്ഞില്ല. പിണറായി ഭരിക്കുന്ന ആഭ്യന്തരവകുപ്പിനു കീഴിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്നും ദിവ്യ ശിക്ഷിക്കപ്പെടുമെന്നും വിശ്വാസമില്ല. ബെനാമിയാണു ദിവ്യ. കമ്മിഷനിലെ വിഹിതം കിട്ടാത്ത ചൂടും ചൂരുമാണു ദിവ്യ പ്രകടിപ്പിച്ചത്. പെട്രോൾ പമ്പിന് അപേക്ഷ നൽകിയ പ്രശാന്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെയും ഇ.പി.ജയരാജന്റെയും വീട്ടിൽ പോകാറുണ്ട്.
ജയരാജനും ഗോവിന്ദനും വീതംവയ്പാണു പണി. അന്വേഷണം നീതിപൂർവമായില്ലെങ്കിൽ കോൺഗ്രസ് ഏതുതലം വരെയും പോകും – സുധാകരൻ പറഞ്ഞു. എഡിഎമ്മിന്റെ മരണത്തിൽ കലക്ടറുടെ പങ്ക് അന്വഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കലക്ടറേറ്റിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കലക്ടർക്കെതിരെ എഐവൈഎഫ്, ജോയിന്റ് കൗൺസിൽ
കണ്ണൂർ ∙ കലക്ടർ അരുൺ കെ.വിജയനെതിരെ, റവന്യു വകുപ്പ് ഭരിക്കുന്ന സിപിഐയുടെ യുവജന സംഘടനയും തൊഴിലാളി സംഘടനയും പോസ്റ്റർ പ്രചാരണവുമായി രംഗത്ത്. ‘എഡിഎം നവീൻ ബാബുവിന്റെ മരണം: കലക്ടറെ പുറത്താക്കുക, കലക്ടറെ പ്രതിചേർക്കുക’ എന്നീ വാചകങ്ങളുള്ള പോസ്റ്ററുകളാണ് എഐവൈഎഫിന്റെയും ജോയിന്റ് കൗൺസിലിന്റെയും പേരിൽ കലക്ടറേറ്റ് പരിസരത്ത് വ്യാപകമായി പതിച്ചിരിക്കുന്നത്.
എംഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സംശയത്തിന്റെ നിഴലിൽ നിൽക്കുന്ന കലക്ടറെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് ജില്ലാ കമ്മിറ്റി പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്. എഡിഎമ്മിന്റെ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്നും എഐവൈഎഫ് ആവശ്യപ്പെട്ടു.