2 നേരം നടക്കണം കൂലി കിട്ടാൻ; തൊഴിലുറപ്പ് തൊഴിലാളികളെ നടത്തിച്ച് പരിഷ്കാരം
Mail This Article
മയ്യിൽ∙ ജിയോ ടാഗ് എന്താ? അപ്‌ലോഡ് എന്താ? എന്നൊക്കെ ചോദിച്ചാൽ പെട്ടെന്നുത്തരം പറയാൻ പറ്റിയില്ലെങ്കിലും ഇതിന്റെ പേരിൽ ദിവസവും ഉണ്ടാകുന്ന കിലോമീറ്ററോളമുള്ള നടത്തത്തെക്കുറിച്ചു തൊഴിലുറപ്പു തൊഴിലാളികൾക്ക് ഒത്തിരി പറയാനുണ്ടാകും. ജിയോ ടാഗ് പ്രകാരം ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ രണ്ടുനേരമാണ് എല്ലാവരും കിലോമീറ്ററുകൾ അധികം നടക്കുന്നത്. പ്രായമായവർക്കെല്ലാം ഈ നടത്തം ശരിക്കുമൊരു ശിക്ഷതന്നെയാണ്. പുതുതായി ഒരു വാർഡിൽ എവിടെയാണോ പണി തുടങ്ങുന്നത്, ആ വാർഡിലെ പണി തീരുന്നതുവരെ അതേ സ്ഥലത്തുവന്നുവേണം ഫോട്ടോ അപ്‌ലോഡ് ചെയ്യാൻ. ദിവസവും രണ്ടു നേരം വന്ന് ഫോട്ടോയെടുത്ത് അപ്‌ലോഡ് ചെയ്യണം. രാവിലെ 9നു പണിക്ക് ഇറങ്ങുന്നതിനു മുൻപും ഉച്ചയ്ക്ക് അല്ലെങ്കിൽ വൈകിട്ടും ഫോട്ടോ അപ്‌ലോഡ് ചെയ്യണം.
എങ്കിൽ മാത്രമേ ലിങ്കിൽ ബന്ധപ്പെടുത്താനും കണക്കുകൾ തൊഴിലുറപ്പ് പദ്ധതിയുടെ സൈറ്റിൽ രേഖപ്പെടുത്താനും കഴിയുകയുള്ളൂ. ഫോട്ടോ അപ്‌ലോഡ് ചെയ്യുമ്പോൾ ഇന്റർനെറ്റ് ഇല്ലെങ്കിൽ ജോലിക്കിറങ്ങാൻ വൈകുംപണി നടക്കുന്ന സ്ഥലത്തുവച്ചുതന്നെ പടമെടുത്ത് അപ്‌ലോഡ് ചെയ്യുന്നതായിരുന്നു നേരത്തേ ഉണ്ടായിരുന്ന രീതി. ആ സംവിധാനം തന്നെ തുടരണമെന്നാണ് തൊഴിലാളികളും സംഘടനകളും ആവശ്യപ്പെടുന്നത്. തൊഴിലെടുത്ത് അവശതയിലുള്ളവരെ ഫോട്ടോയെടുപ്പിന്റെ പേരിൽ കിലോമീറ്ററോളം യാത്ര ചെയ്യിക്കുന്നതിൽ പ്രതിഷേധമുയരുന്നുണ്ട്. എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ സമര പ്രക്ഷോഭ പരിപാടികളും ജില്ലാതല കൺവൻഷനുകളും നടത്തി. 27നു ധർണയും അതിനുമുന്നോടിയായി പ്രചാരണ വാഹനജാഥയും നടത്തും.