ബ്രെറ്റ് ലീയുടെ കയ്യൊപ്പു പതിഞ്ഞ ബോളും ബാറ്റും ഇനി തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ
Mail This Article
തലശ്ശേരി ∙ ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീമിന്റെ ഫാസ്റ്റ് ബോളർ ബ്രെറ്റ് ലീ കയ്യൊപ്പ് ചാർത്തി സമ്മാനിച്ച ക്രിക്കറ്റ് ബോളും ബാറ്റും ഇനി തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ സൂക്ഷിക്കും. സിഡ്നിയിൽ കോമൺവെൽത്ത് പാർലമെന്റ് സമ്മേളനത്തിൽ പങ്കെടുക്കുന്ന സ്പീക്കർ എ.എൻ. ഷംസീർ സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ബ്രെറ്റ് ലീയെ സന്ദർശിച്ചപ്പോഴാണ് തന്റെ കയ്യൊപ്പ് വച്ച ബോളും ബാറ്റും മുൻ ഓസീസ് താരം തലശ്ശേരിക്കായി സ്പീക്കറെ ഏൽപ്പിച്ചത് തലശ്ശേരി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ പവിലിയൻ ഒരുക്കി അതിൽ താൻ സമ്മാനിച്ച ബാറ്റും ബോളും ഇരു രാജ്യങ്ങളുടെയും സ്നേഹത്തിന്റെ അടയാളമായി പ്രദർശിപ്പിക്കണമെന്നായിരുന്നു ബ്രെറ്റ് ലീയുടെ ആഗ്രഹം.
കേക്കും സർക്കസും പിറന്ന തലശ്ശേരിയിൽ ക്രിക്കറ്റിനും ഇന്ത്യയിൽ ആദ്യമായി തുടക്കം കുറിച്ചുവെന്ന് അറിയിച്ചപ്പോൾ തലശ്ശേരിയും ക്രിക്കറ്റുമായുള്ള ബന്ധത്തെക്കുറിച്ചു നല്ല ധാരണയോടെയായിരുന്നു ബ്രെറ്റലിയുടെ സംസാരമെന്ന് സ്പീക്കർ പറഞ്ഞു. 2003ലെ ലോക കപ്പും 2005, 2009 ഐസിസി ചാംപ്യൻസ് ട്രോഫിയും ഓസ്ട്രേലിയക്ക് നേടിക്കൊടുത്ത താരമാണ് ബ്രെറ്റ്ലി. അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി അർജുൻ എസ്.കുമാറും സ്പീക്കർക്കൊപ്പം ഉണ്ടായിരുന്നു.