തിയറ്ററിന്റെ മേൽക്കൂര തകർന്നു; 4 പേർക്കു പരുക്ക്
Mail This Article
മട്ടന്നൂർ∙ സിനിമാ തിയറ്ററിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നു വീണു. സിനിമ കാണുകയായിരുന്ന 4 പേർക്ക് പരുക്കേറ്റു. തിയറ്റർ ഹാളിന് മുകളിലെ വാട്ടർ ടാങ്ക് തകർന്ന് വലിയ കോൺക്രീറ്റ് സ്ലാബും സീലിങ്ങും ഉൾപ്പെടെ പൊട്ടി വീണാണ് അപകടമുണ്ടായത്. വൈകിട്ട് ആറോടെ മട്ടന്നൂർ സഹിനാ സിനിമാസിലാണ് അപകടം.
പരുക്കേറ്റ നായാട്ടുപാറ കുന്നോത്ത് സ്വദേശികളായ വിജിൽ (30), സുനിത്ത് നാരായണൻ (36), കൂത്തുപറമ്പ് സ്വദേശികളായ ശരത്ത് (29), സുബിഷ (25) എന്നിവരെ കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കെട്ടിടത്തിനു മുകളിൽ അഗ്നിരക്ഷാ ആവശ്യത്തിനുള്ള വെള്ളം സംഭരിച്ചു വയ്ക്കുന്ന ടാങ്കാണ് തകർന്നത്. വലിയ സ്ലാബും കെട്ടിടാവശിഷ്ടങ്ങളും വെള്ളവും സിനിമ കാണുന്നവരുടെ ദേഹത്തു വീഴുകയായിരുന്നു.
തലയിൽ കോൺക്രീറ്റ് സ്ലാബ് വീണ വിജിലിന് സാരമായി പരുക്കേറ്റു. പിറകിലെ സീറ്റിൽ ഇരുന്നവരുടെ മേലാണ് സ്ലാബും മറ്റും പതിച്ചത്. തിയറ്ററിൽ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നു പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. പൊലീസ് സ്ഥലത്തെത്തി. അപകടമുണ്ടായപ്പോൾ എമർജൻസി വാതിൽ തുറന്നില്ലെന്നും എമർജൻസി ലൈറ്റ് ഓൺ ചെയ്തില്ലെന്നും പരാതിയുണ്ട്. വാതിലുകൾ പുറമേ നിന്നു പൂട്ടിയ നിലയിലായിരുന്നു. ആളുകളുടെ ബഹളം കേട്ടതോടെയാണ് അപകടവിവരം തിയറ്റർ ജീവനക്കാർ അറിഞ്ഞതെന്ന് സിനിമ കാണാൻ എത്തിയവർ പറഞ്ഞു.