പൊട്ടിത്തകർന്ന് റോഡ്; തെക്കംപൊയിൽ - പള്ള്യം - പുള്ളിപ്പൊയിൽ റോഡിലൂടെ ഓട്ടോ പോലും പോകാൻ മടിക്കുന്ന സ്ഥിതി
Mail This Article
തില്ലങ്കേരി ∙ പുള്ളിപ്പൊയിൽ - പള്ള്യം - തെക്കംപൊയിൽ റോഡ് തകർന്ന് യാത്ര ദുരിതത്തിൽ. ജലജീവൻ മിഷന്റെ ഭാഗമായി ശുദ്ധജലപൈപ്പുകൾ സ്ഥാപിക്കാൻ റോഡിന്റെ പല ഭാഗവും വെട്ടിപ്പൊളിച്ചതോടെ ദുരിതം ഇരട്ടിയായി. കഴിഞ്ഞ ദിവസം പള്ള്യം പ്രദേശത്തെ മഹാത്മാ ഹരിതം സ്വയം സഹായ സംഘത്തിന്റെ നേതൃത്വത്തിൽ താൽക്കാലിക പരിഹാരമായി ചെങ്കല്ലും മണ്ണും നിറച്ച് കുഴികളടച്ചിരുന്നു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയിലുൾപ്പെടുത്തി 2015ലാണു 3 കിലോമീറ്ററോളം വരുന്ന റോഡ് നിർമിച്ചത്. പിന്നീട് പകുതിഭാഗം താൽക്കാലിക നവീകരണം നടത്തിയതല്ലാതെ മറ്റൊന്നും ചെയ്തില്ല.
റോഡിലെ പല ഭാഗങ്ങളിലും കുഴികളായതോടെ ഓട്ടോറിക്ഷ സർവീസ് നടത്താൻ പോലും മടിക്കുകയാണ്. ഇരിട്ടി ഭാഗത്ത് നിന്നു വരുന്നവർക്ക് ശിവപുരം, ഉരുവച്ചാൽ ഭാഗത്തേക്കു എളുപ്പത്തിൽ എത്തിച്ചേരാവുന്ന റോഡാണിത്. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങളാണ് ഇതിലെ കടന്നുപോകുന്നത്. ഇരിട്ടി, മട്ടന്നൂർ ഭാഗങ്ങളിലേക്കു പോകുന്ന നിരവധി സ്കൂൾ വിദ്യാർഥികളും ആശ്രയിക്കുന്ന റോഡാണിത്. ടാറിങ് തകർന്ന കുഴികളിൽ നിന്നു കല്ല് തെറിച്ചു കാൽ നടയാത്രക്കാർക്കു പരുക്കേൽക്കുന്ന സാഹചര്യവും ഉണ്ട്. റോഡ് പൂർണമായും നവീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
‘ റോഡ് നന്നാക്കണം’
∙ പുള്ളിപ്പൊയിൽ - പള്ള്യം - തെക്കംപൊയിൽ റോഡ് നവീകരണം നടത്തണമെന്നും ഗതാഗതയോഗ്യമാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇടിക്കുണ്ട് ചേതന പുരുഷ സ്വയം സഹായ സംഘം വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സനീഷ് ഉദ്ഘാടനം ചെയ്തു. കെ.പ്രതീഷ് അധ്യക്ഷത വഹിച്ചു. പി.കെ.അഭിലാഷ്, കെ.വി.സജീവൻ, കെ.പി.അനിൽകുമാർ, എം.ബിനോജ്, എം.വിശാഖ്, കെ.സന്തോഷ് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: മഹേഷ് അത്തിക്ക (പ്രസി.), പി.കെ.അഭിലാഷ് (വൈ. പ്രസി.), കെ.സി.സജീവൻ (ജന. സെക്ര.), എം.വിശാഖ് (ജോ.സെക്ര.), വി.വിജേഷ് (ട്രഷ.).