വളവും തിരിവും മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും; അപകടം ഒളിപ്പിച്ച് ഏലപ്പീടിക– മലയാംപടി റോഡ്
Mail This Article
മലയാംപടി∙ കേളകം ടൗണിനേയും തലശ്ശേരി –മാനന്തവാടി ബാവലി സംസ്ഥാനാന്തരപാതയേയും ബന്ധിപ്പിക്കുന്ന ഏലപ്പീടിക– മലയാംപടി റോഡിലൂടെയുള്ള യാത്ര അപകടം മുന്നിൽക്കണ്ട്. വളവും തിരിവും മാത്രമല്ല കുത്തനെയുള്ള കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞതാണ് വീതി കുറഞ്ഞ റോഡ്. ഏലപ്പീടികയ്ക്കും മലയാംപടിക്കും ഇടയിൽ ഒരു കിലോമീറ്റർ കുത്തനെയുള്ള ഇറക്കമാണ്. വാഹനങ്ങളുടെ ബ്രേക്ക് കൃത്യമല്ലെങ്കിൽ ഈ ഇറക്കത്തിൽ തന്നെ അപകടം സംഭവിക്കാം. മലയാംപടിയിലേക്ക് എത്തുമ്പോൾ ചെറിയൊരു നിരന്ന ഭാഗം ഉണ്ട്. ഇവിടെ നിന്നു പിന്നെയും ഇറക്കം. ഈ ഇറക്കത്തിന് ഒടുവിൽ ഒരു എസ് വളവ്. ആ വളവിലാണ് നാടകസംഘത്തിന്റെ വാഹനം മറിഞ്ഞത്. മലയാംപടിയിൽ നിന്നുള്ള ഇറക്കത്തിന് ഒടുവിൽ എസ് വളവിലേക്ക് പ്രവേശിക്കാതെ താഴെയുള്ള കൊക്കയിലേക്ക് വാഹനം പതിക്കുകയായിരുന്നു.
നാടകസംഘം നെടുമ്പൊയിൽ നിന്ന് മാനന്തവാടിയിലേക്ക് പോകാൻ സംസ്ഥാനാന്തരപാതയിലൂടെ 29–ാം മൈലിൽ എത്തിയപ്പോഴാണ് ചുരത്തിൽ ഗതാഗത നിരോധനം ഉണ്ടെന്ന് മനസ്സിലാക്കിയത്. പിന്നീട് കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലൂടെ വയനാട്ടിലേക്ക് പോകുന്നതിനായി തൊട്ടടുത്തുള്ള അപകടകരമായ ഈ റോഡിലേക്ക് പ്രവേശിക്കുകയായിരുന്നു.29–ാം മൈലിൽ നിന്ന് 5 കിലോമീറ്ററാണ് കേളകത്തേക്കുള്ള ദൂരം. ഇതിൽ 3 കിലോമീറ്റർ കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിലും 2 കിലോമീറ്റർ കേളകം പഞ്ചായത്തിലെ 11–ാം വാർഡിലുമാണ്. റോഡ് പൂർണമായി ടാറിങ് നടത്തിയതാണ്. കണിച്ചാർ പഞ്ചായത്തിലെ പ്രദേശങ്ങളിൽ റോഡിന് സൈൻ ബോർഡുകളുണ്ട്. ചുരത്തിൽ റോഡ് തകർന്നതിനാൽ ഗതാഗതം നിരോധിച്ചത് സംബന്ധിച്ച് പെട്ടെന്ന് ശ്രദ്ധിക്കുന്ന ബോർഡുകൾ ഉണ്ടായിരുന്നില്ല എന്ന ആക്ഷേപമുണ്ട്.