ഷെയർ ട്രേഡിങ് വഴി ലാഭം വാഗ്ദാനം ചെയ്തു പണം തട്ടി; കാസർകോട് സ്വദേശികൾ അറസ്റ്റിൽ
Mail This Article
കണ്ണൂർ ∙ ഓൺലൈൻ ഷെയർ ട്രേഡിങ് വഴി മികച്ച വരുമാനം ഉണ്ടാക്കാമെന്നു പറഞ്ഞ് കണ്ണൂർ ചാലാട് സ്വദേശിയിൽ നിന്നു 47,31,066 രൂപ തട്ടിയ കേസിൽ കാസർകോട് തളങ്കര സ്വദേശി അബ്ദുൽ സമദാനി (35), പള്ളിക്കര സ്വദേശിയായ അബ്ദുൽ മജീദ്(67) എന്നിവരെ കണ്ണൂർ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. ഓരോ തവണ ട്രേഡ് ചെയ്യുമ്പോഴും വലിയ ലാഭം വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്.
പരാതിക്കാരിയുടെ സഹോദരൻ പണം പിൻവലിക്കാൻ ശ്രമിച്ചപ്പോൾ പല സാങ്കേതിക കാരണങ്ങളും പറഞ്ഞ് പിൻവലിക്കാൻ സാധിക്കാതെ വന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്. അബ്ദുൽ സമദാനിയുടെ ബാങ്ക് അക്കൗണ്ടിൽ 5,20,000 രൂപയും അബ്ദുൽ മജീദിന്റെ ബാങ്ക് അക്കൗണ്ടിൽ 8,00,000 രൂപയും നിക്ഷേപിക്കുകയായിരുന്നു. ഈ തുക പ്രതികൾ പിൻവലിക്കുകയും ചെയ്തിട്ടുണ്ട്. ഇൻസ്പെക്ടർ ബിജു പ്രകാശിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.