പലിശരഹിത വായ്പയുടെ പേരിൽ തട്ടിപ്പ്; പൊലീസ് കേസെടുത്തു
Mail This Article
തളിപ്പറമ്പ്∙ പലിശരഹിത വായ്പയുടെ പേരിൽ സ്വർണാഭരണങ്ങൾ വാങ്ങിയ ശേഷം തിരിച്ചുനൽകാത്ത സംഭവത്തിൽ പൊലീസ് കേസെടുത്തു. മാട്ടൂൽ തെക്കുമ്പാട് ഇരിക്കൂർ വളപ്പിൽ തറമ്മൽ ഹൗസിൽ ഐ.വി.ടി.അബ്ദുൽ റഹിമാനാണ്(62) തളിപ്പറമ്പിലെ മെലോറ സ്വർണഭരണശാല ഉടമ പി.ടി.പി.അഷ്റഫ്, ഭാര്യ കയക്കൂൽ ആയിഷ, മെലോറ പാർട്ണർ എം.ടി.പി.സലാം, ഭാര്യ സറീന എന്നിവർക്കെതിരെ പരാതി നൽകിയത്. അബ്ദുൽ റഹിമാന്റെ മകളുടെ പഠനത്തിനായി പണം ആവശ്യമായി വന്നപ്പോൾ 2022 ഡിസംബർ 3ന് സ്വർണാഭരണങ്ങൾ തന്നാൽ പലിശ രഹിത വായ്പ നൽകാം എന്ന് പ്രതികൾ പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ 60 പവന്റെ ആഭരണങ്ങൾ ഇവർക്ക് നൽകിയത്രെ.
ഇതിന് പകരമായി 20 ലക്ഷം രൂപയാണ് അബ്ദുൽ റഹിമാന് നൽകിയത് 6 മാസത്തിന് ശേഷം പണം തിരിച്ചുനൽകുമ്പോൾ സ്വർണാഭരണങ്ങളും തിരിച്ചു നൽകാമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ആഭരണങ്ങൾ തിരിച്ച് ലഭിക്കാത്തതിനെ തുടർന്നാണ് അബ്ദുൽ റഹിമാൻ പരാതി നൽകിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി 3 വർഷത്തിനുള്ളിൽ ഇത്തരത്തിൽ 1000 ൽ അധികം പേർ കബളിപ്പിക്കപ്പെട്ടതായി ആരോപണമുണ്ട്.