മദ്യലഹരിയിൽ യുവാവിന്റെ ബാഗ് തട്ടിയെടുത്ത എസ്ഐക്ക് സസ്പെൻഷൻ
Mail This Article
കണ്ണൂർ∙ മദ്യലഹരിയിൽ യുവാവിന്റെ ബാഗ് തട്ടിയെടുത്ത സംഭവത്തിൽ കണ്ണൂർ ട്രാഫിക് എൻഫോഴ്സ്മെന്റ് എസ്ഐ ജയകുമാറിനെ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ സസ്പെൻഡ് ചെയ്തു. കഴിഞ്ഞ മാസം കുടുക്കിമെട്ടയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുടുക്കിമെട്ട സ്വദേശിയായ യുവാവ് ബെംഗളൂരുവിലേക്ക് പോകാനായി പിതാവിനോടൊപ്പം ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിൽക്കവേ യുവാവിന്റെ ബാഗ് തന്റേതാണെന്ന് പറഞ്ഞ് പൊലീസുകാരൻ തട്ടിയെടുക്കുകയായിരുന്നെന്ന് പരാതിയിൽ പറയുന്നു.
സംശയം തോന്നിയ യുവാവ് പൊലീസിന്റെ ഐഡി കാർഡ് കാണിക്കാൻ പറഞ്ഞു. ഈ സമയം ഇയാൾ യുവാവിന്റെ പിതാവിനെ തള്ളിയിട്ടതായും പരാതിയിലുണ്ട്. ഈ സമയം ബെംഗളൂരുവിലേക്കുള്ള ബസ് എത്തിയതിനെ തുടർന്ന് പൊലീസുകാരന്റെ കൈയിൽ നിന്ന് ബലം പ്രയോഗിച്ച് ബാഗ് വാങ്ങി യുവാവ് ബസിൽ കയറി. സംഭവം നടക്കുന്നതിനിടയിൽ മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ കുടുംബം മുഖ്യമന്ത്രിക്കും പൊലീസിനും നൽകിയിരുന്നു. തുടർന്നാണ് സസ്പെൻഷൻ.