ADVERTISEMENT

ഇരിട്ടി∙ പെരുമ്പറമ്പിൽ തുടർച്ചയായ 3–ാം ദിവസം രാത്രിയും കാട്ടുപന്നിക്കൂട്ടം വ്യാപക കൃഷി നാശം വരുത്തി. രാത്രി കാവൽ ഉണ്ടായിരുന്ന ഷൂട്ടർ മടങ്ങിയ ഉടൻ പുലർച്ചെ 4 ഓടെയാണു കാട്ടുപന്നിക്കൂട്ടം ഇറങ്ങിയതെന്നു കർഷകർ പറഞ്ഞു. 2 ദിവസം മുൻപ് കൃഷി നശിപ്പിച്ച വാഴ കർഷകൻ ജോണി യോയാക്കിന്റെ തോട്ടത്തിലും സമീപത്തെ മനോളി വൽസന്റെ തോട്ടത്തിലും ആണു കാട്ടുപന്നിക്കൂട്ടം എത്തിയത്. ജോണി യോയാക്കിന്റെ 2 മാസം പ്രായം ആയ 30 വാഴകളും 25 മരച്ചീനിയും നശിപ്പിച്ചു. 200 വാഴയും 100 മരച്ചീനിയും നേരത്തേ നശിപ്പിച്ചിരുന്നു. വത്സന്റെ കൃഷിയിടത്തിലെ ഞാലിപ്പൂവൻ വാഴകളും നശിപ്പിച്ചു.

മനോളി ശ്രീനിവാസൻ, മന്ദംപേത്ത് പ്രമോദ്കുമാർ എന്നിവരുടെ കൃഷിയിടങ്ങളിൽ കഴിഞ്ഞ ദിവസം മരച്ചീനി, ചേന, ചേമ്പ്, എന്നിവ നശിപ്പിച്ചിരുന്നു. തുടർച്ചയായി കാട്ടുപന്നിക്കൂട്ടം എത്തി കൃഷിയിടം ഉഴുതുമറിച്ചുണ്ടാക്കുന്ന നാശനഷ്ടങ്ങളിൽ നിരാശയിലാണ് കർഷകർ.  പ്രദേശത്തെ മിക്ക കർഷകരും ഇടവിള കൃഷിയും പച്ചക്കറി കൃഷിയും ഉപേക്ഷിച്ചു. പഴശ്ശി സംഭരണി തീരം എന്ന നിലയിൽ വ്യാപകമായി ആളുകൾ പച്ചക്കറി കൃഷി നടത്തിയിരുന്ന ഗ്രാമമാണിത്. കാട്ടുപന്നികളെ വെടിവച്ചു കൊല്ലുന്നതിനായി പഞ്ചായത്ത് ലൈസൻസ് ഉള്ള കൂടുതൽ ഷൂട്ടർമാരെ പഞ്ചായത്ത് പ്രദേശത്തേക്കു നിയോഗിച്ചിട്ടുണ്ട്.

കാട്ടുപന്നി, തെരുവുനായ ശല്യം പരിഹാരംതേടി തലപുകച്ച്  ജനപ്രതിനിധികൾ
കണ്ണൂർ ∙ കാട്ടുപന്നികളും തെരുവുനായ്ക്കളും ഗ്രാമ, നഗര വ്യത്യാസമില്ലാതെ ജനജീവിതം ദുസ്സഹമാക്കാൻ തുടങ്ങിയതോടെ പരിഹാരം കാണാൻ വഴിതേടി ജനപ്രതിനിധികൾ. ജില്ലാ ആസൂത്രണ സമിതിയിൽ പിണറായി പഞ്ചായത്ത് പ്രസിഡന്റ് തുടക്കമിട്ട ചർച്ച, മലയോരത്തെ ജനപ്രതിനിധികളും ഏറ്റുപിടിച്ചു. കാട്ടുപന്നികളെ വെടിവയ്ക്കാൻ അനുമതിയുണ്ടെങ്കിലും ചെലവിനുള്ള തുക കണ്ടെത്താൻ കഴിയുന്നില്ലെന്നായിരുന്നു എല്ലാവരുടെയും പരാതി. ലൈസൻസുള്ള തോക്ക് ഉടമകളെ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കൊണ്ടുപോയാലും അവർ എത്തുമ്പോൾ കാട്ടുപന്നികളെ കണ്ടുകിട്ടണമെന്നില്ല. വെടിവയ്ക്കാൻ പറ്റുന്നില്ലെങ്കിലും ഇവ കനത്ത കൃഷിനാശമാണ് ഓരോ ദിവസവും വരുത്തിവയ്ക്കുന്നത്.

കാട്ടുപന്നികളെ തുരത്താൻ തനത് ഫണ്ട് ചെലവഴിക്കാൻ സർക്കാർ അനുമതി തേടാൻ ജില്ലാ ആസൂത്രണ സമിതി യോഗം തീരുമാനിച്ചു.  തെരുവുനായ ശല്യം പരിഹരിക്കാൻ എബിസി പദ്ധതി ഫലപ്രദമാകുന്നില്ലെന്നും ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. തദ്ദേശ സ്ഥാപനതലത്തിൽ ഷെൽറ്റർ സ്ഥാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗം നിർദേശിച്ചു. വൃക്കരോഗികൾക്കുള്ള ഡയാലിസിസ് ധനസഹായം നൽകാൻ കഴിയുന്നില്ലെന്ന് ജനപ്രതിനിധികൾ ചൂണ്ടിക്കാട്ടി. പദ്ധതി നിർവഹണം നടത്താൻ തയാറാകാത്ത മെഡിക്കൽ ഓഫിസർമാരുടെ വിവരം ഡിഎംഒ ശേഖരിച്ച് ഡിസംബർ അഞ്ചിനകം ഡിസ്ട്രിക്ട് പ്ലാനിങ് കമ്മിറ്റിക്ക്(ഡിപിസി) സമർപ്പിക്കാൻ നിർദേശിച്ചു.

ജില്ലയിലെ ഡോക്ടർമാരുടെ ഒഴിവ് സംബന്ധിച്ച വിവരം രണ്ടാഴ്ചയ്ക്കകം അറിയിക്കണം. സ്‌മൈൽ പദ്ധതിക്ക് നഗരസഭകളും കോർപറേഷനും പദ്ധതിയിൽ തുക വകയിരുത്തണം. സ്ത്രീപദവി പഠനവുമായി ബന്ധപ്പെട്ട് കോർപറേഷന്റെ കൈവശമുള്ള വിവരങ്ങൾ രണ്ട് ദിവസത്തിനകം കൈമാറണം. മിശ്രവിവാഹിതർക്ക് ധനസഹായം നൽകുന്ന പദ്ധതി ഏറ്റെടുക്കാത്ത തദ്ദേശ സ്ഥാപനങ്ങൾ ഏറ്റെടുക്കാനും നിർദേശിച്ചു.  65 തദ്ദേശ സ്ഥാപനങ്ങളുടെ 2024-25 വാർഷിക പദ്ധതി ഭേദഗതി യോഗം അംഗീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്‌നകുമാരി അധ്യക്ഷയായി. കലക്ടർ അരുൺ കെ.വിജയൻ, ഡിപിസി അംഗങ്ങളായ ബിനോയ് കുര്യൻ, ടി.സരള, ഡിപിഒ നെനോജ് മേപ്പടിയത്ത്, കെ.വി.ഗോവിന്ദൻ, എം.ശ്രീധരൻ, തദ്ദേശ സ്ഥാപന പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു.

English Summary:

Wild boars continue to plague farmers in Iritty's Perumbramp village, causing extensive damage to banana, tapioca, and other crops for the third night in a row. Farmers are frustrated with the lack of effective solutions and many have abandoned farming altogether.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com