കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനം ഉടൻ
Mail This Article
കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ ഇലക്ട്രിക് ബഗ്ഗി സേവനം അടുത്ത ദിവസം മുതൽ ലഭ്യമാകും. നടക്കാൻ ബുദ്ധിമുട്ടുള്ളവർക്കും പ്രായമായവർക്കും പ്ലാറ്റ്ഫോമിലൂടെ സഞ്ചരിക്കാൻ ബഗ്ഗിയുടെ സഹായം തേടാം. ട്രെയിൻ കയറാൻ പ്ലാറ്റ്ഫോമിലെത്താനും ട്രെയിൻ ഇറങ്ങിയാൽ പ്ലാറ്റ്ഫോമിൽനിന്നു പുറത്തെത്താനും ബഗ്ഗി പ്രയോജനപ്പെടുത്താമെന്ന് സേവനം ലഭ്യമാക്കുന്ന മധുരൈ ആസ്ഥാനമായ സിംലി എന്റർപ്രൈസസ് പ്രതിനിധി പറഞ്ഞു. റിസർവ് ചെയ്തു യാത്ര ചെയ്യുന്നവർക്ക് കോച്ചിന്റെ സ്ഥാനം നോക്കി അതിനടുത്തുവരെ ബഗ്ഗിയിൽ എത്തിക്കും.
രണ്ട് ബഗ്ഗികളാണ് കഴിഞ്ഞ ദിവസം കണ്ണൂരിൽ എത്തിച്ചത്. ഒന്നാം പ്ലാറ്റ്ഫോമിലും രണ്ട്–മൂന്ന് പ്ലാറ്റ്ഫോമുകളിലുമായാണ് ഇവ പാർക്ക് ചെയ്യുക. ഒരാളിൽനിന്ന് 20 രൂപയാണ് ഈടാക്കുക. 8 കിലോവരെ ഭാരമുള്ള ഒരു ബാഗും കയ്യിൽ കരുതാം. അധികമുള്ള ഓരോ ബാഗിനും 10 രൂപ വീതം നൽകണം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലും വരുംദിവസങ്ങളിൽ ബഗ്ഗി സേവനം ആരംഭിക്കുമെന്ന് ഇവർ അറിയിച്ചു. അഞ്ചു വർഷത്തേക്കാണ് റെയിൽവേയുമായുള്ള കരാർ. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പേ പാർക്കിങ് കരാറെടുത്ത ഏജൻസി തന്നെയാണ് ബഗ്ഗി സേവനവും ലഭ്യമാക്കുന്നത്.
10 വർഷം മുൻപ് തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലാണ് സംസ്ഥാനത്ത് ആദ്യമായി റെയിൽവേ ബഗ്ഗി സേവനം ഏർപ്പെടുത്തിയത്. ഇപ്പോൾ എറണാകുളം, കോട്ടയം ഉൾപ്പെടെ വിവിധ സ്റ്റേഷനുകളിൽ ബഗ്ഗികളുണ്ട്. കണ്ണൂരിൽ ഈ ആഴ്ച തന്നെ സർവീസ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. ബഗ്ഗി ആവശ്യമുള്ളവർക്ക് വിളിക്കാം: 7907475752.