വാതിൽ, അലമാര, ലോക്കർ എന്നിവ മുറിക്കുകയോ തകർക്കുകയോ ചെയ്യാതെ കവർച്ച; വീടും നാടും ഞെട്ടി !
Mail This Article
വളപട്ടണം∙ മന്നയിൽ അഷ്റഫ് അരി ഉടമ കെ.പി.അഷ്റഫിന്റെ വീട് കുത്തി തുറന്ന് 300 പവനും ഒരു കോടി രൂപയും കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചിട്ടില്ല. റൂറൽ പൊലീസ് മേധാവി അനൂജ് പലിവാൾ, എസിപി ടി.കെ.രത്നകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. വീട്ടിലെ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളിൽ ഒരാൾ രാത്രി മതിൽ ചാടി കോംപൗണ്ടിലേക്ക് കടക്കുന്നതായി വ്യക്തമായിട്ടുണ്ട്. മറ്റൊരാൾ മതിലിനു പുറത്തു നിന്നിരുന്നതായും സൂചനയുണ്ട്. എന്നാൽ മുഖം വ്യക്തമല്ല. വീടിന്റെ സൺഷേഡിൽ സ്ഥാപിച്ച ക്യാമറകളിൽ മുഖം പതിയാതിരിക്കാൻ ക്യാമറകൾ തിരിച്ചുവച്ച നിലയിലാണ്. വീട്ടിലെ എല്ലാ ക്യാമറകളും പ്രവർത്തന ക്ഷമമല്ല.
താഴത്തെ നിലയിലെ കിടപ്പുമുറിയുടെ ജനൽ ഗ്രിൽസ് ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. ഈ മുറിയിലെ അലമാരയിൽ നിന്നും മറ്റൊരു മുറിയിലെ അലമാരയുടെ താക്കോൽ കൈക്കലാക്കി രണ്ടാമത്തെ അലമാരയിൽ നിന്നാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്. ലോക്കറിന്റെ താക്കാൽ ഉപയോഗിച്ച് തുറന്നാണ് ആഭരണങ്ങളും പണവും കവർന്നത്. 19ന് രാവിലെയാണ് വീട്ടുടമ കെ.പി.അഷ്റഫും കുടുംബവും വ്യാപാര ബന്ധമുള്ള സുഹൃത്തിന്റെ കല്യാണത്തിന് മധുരയിലേക്ക് പോയത്. സിസിടിവി ദൃശ്യങ്ങളിൽ ലഭിച്ച വിവരങ്ങൾ പ്രകാരം 20ന് കവർച്ച നടന്നതായാണ് സൂചന.
ഡോഗ് സ്ക്വാഡ് നടത്തിയ അന്വേഷണത്തിൽ നായ മണം പിടിച്ച് വീടിന്റെ ഏതാനും അകലെയുള്ള ഇടുങ്ങിയ റോഡിലൂടെ 200 മീറ്ററോളം ദൂരത്തിലുള്ള റെയിൽപാളത്തിലെത്തി അവിടെ നിന്നും 1 കിലോ മീറ്ററോളം ഓടി വളപട്ടണം റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റ്ഫോമിലാണ് നിന്നത്. അതുകൊണ്ടു തന്നെ പ്രതികൾ ട്രെയിൻ മാർഗം രക്ഷപ്പെട്ടിരിക്കാമെന്നാണ് നിഗമനം. എന്നാൽ റെയിൽവേ സ്റ്റേഷനിൽ സിസിടിവി ക്യാമറകൾ ഇല്ലാത്തതിനാൽ ഇതിനു ശേഷമുള്ള കാര്യങ്ങൾ വ്യക്തമല്ല. വീട്ടിലെ സിസിടിവി ദൃശ്യങ്ങളിലും പ്രതികളുടെ ചിത്രങ്ങൾ വ്യക്തമല്ല.പണവും ആഭരണങ്ങളും അല്ലാതെ മറ്റൊന്നും നഷ്ടപ്പെട്ടിട്ടില്ല. വീട്ടിലെ താഴത്തെയും മുകളിലത്തെയും മുറികളിലെ അലമാരകൾ വാരിവലിച്ചിട്ട നിലയിലാണ്. ജനൽ ഗ്രിൽസ് വളച്ചാണ് അഴിച്ചുമാറ്റിയത്.
വാതിലുകൾ, അലമാര, ലോക്കർ എന്നിവ മുറിക്കുകയോ തകർക്കുകയോ ചെയ്യാതെ എല്ലാം തുറന്ന് എളുപ്പത്തിലാണ് കവർച്ച നടത്തിയത്. എന്നാൽ പ്രത്യേക സംവിധാനത്തിലൂടെ മാത്രം തുറക്കാവുന്ന ലോക്കർ എങ്ങനെ എളുപ്പത്തിൽ തുറക്കാനായി എന്നത് അന്വേഷണ സംഘത്തെയും കുഴക്കുകയാണ്. അന്വേഷണം ഇതര സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. വീടിനു സമീപത്തെയും കവലകളിലെയും സ്ഥാപനങ്ങളിലെയും വീടുകളിലെയും സിസിടിവി ക്യാമറകളും പരിശോധിച്ചുവരികയാണ്.
വീട്ടുകാരിൽ നിന്നും ഞായറാഴ്ച രാത്രി തന്നെ പൊലീസ് മൊഴിയെടുത്തു. ബന്ധുക്കളെയും കെ.പി.അഷ്റഫിന്റെ ഉടമസ്ഥതയിൽ വീടിന്റെ തൊട്ടടുത്ത് പ്രവർത്തിക്കുന്ന ബിരിയാണി അരി മൊത്ത വ്യാപാര സ്ഥാപനമായ അഷ്റഫ് ട്രേഡേഴ്സിലെ ഇതര സംസ്ഥാനക്കാർ ഉൾപ്പെടെയുള്ള തൊഴിലാളികളെയും ജീവനക്കാരെയും ചോദ്യം ചെയ്തു. ജീവനക്കാരിൽ ആരും തന്നെ സംഭവത്തിന് ശേഷം ഒളിവിൽ പോവുകയോ ജോലിക്ക് എത്താതിരിക്കുകയോ ഉണ്ടായിട്ടില്ല. വീട്ടിൽ വേലക്കാരി ഇല്ലെന്നും വീട്ടുകാർ പറഞ്ഞു.
അന്വേഷണത്തിന് 19 അംഗ സംഘം
∙കേസ് അന്വേഷണത്തിനായി നേരത്തെ വിവിധ കേസുകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രത്യേക അന്വേഷണ സംഘത്തെയാണ് നിയമിച്ചിട്ടുള്ളത്. വളപട്ടണം ഇൻസ്പെക്ടർ ടി.പി.സുമേഷ്, ചക്കരക്കൽ ഇൻസ്പെക്ടർ എം.പി.ആസാദ്, സിറ്റി ഇൻസ്പെക്ടർ സനൽ കുമാർ, മയ്യിൽ ഇൻസ്പെക്ടർ സഞ്ജയ് കുമാർ, എസ്ഐ മാരായ ടി.എം.വിപിൻ, എം.അജയൻ, സുരേഷ് ബാബു, കെ.രാജീവൻ (എസ്ഐ, കണ്ണപുരം), പി.കെ.ഷാജി (എസ്ഐ, ഡിഎച്ച്ക്യു), എഎസ്ഐസി രഞ്ജിത്ത്, നാസർ, സ്നേഹേഷ് (എസ്‌സിപിഒ, കണ്ണൂർ ടൗൺ), എസ്.സജിത്ത് (സിപിഒ, ട്രാഫിക്) എന്നിവർ അടങ്ങിയ 19 അംഗ സംഘമാണ് അന്വേഷണം നടത്തുന്നത്.
കവർച്ച ചെയ്യപ്പെട്ട ആഭരണങ്ങൾ
(എഫ്ഐആറിൽ പറയുന്നത് ഇങ്ങനെ) 50 പവൻ തൂക്കം വരുന്ന 33 സ്വർണ വളകൾ, 46 പവന്റെ 6 സ്വർണ മാലകൾ, 1 പവൻ തൂക്കം വരുന്ന 7 ഗോൾഡ് കോയിനുകൾ, 100 പവൻ തൂക്കം വരുന്ന ഡയമണ്ട് നെക്കലേസ്, 5 പവൻ വീതം തൂക്കം വരുന്ന 3 ചെറിയ ഡയമണ്ട് നക്കലേസ്സ, 25 പവൻ തൂക്കം വരുന്ന 10 ഡയമണ്ട് വളകൾ, 5 പവൻ തൂക്കം വരുന്ന 1 പേർഷ്യൻ സ്റ്റോൺ മാല, 42 പവന്റെ 21 സ്വർണ വളകൾ, 1 പവൻ വീതം തൂക്കമുള്ള പ്ലാറ്റിനം ചെയിനുകൾ, 50 പവന്റെ മറ്റു സ്വർണാഭരണങ്ങൾ.
നാടുണർന്നത് വൻ കവർച്ചാ വിവരമറിഞ്ഞ്
∙ അഷ്റഫ് അരി ഉടമ കെ.പി.അഷ്റഫിന്റെ വീട്ടിൽ നടന്ന കവർച്ചയുടെ വിവരമറിഞ്ഞാണ് ഇന്നലെ നാട് ഉണർന്നത്. കേട്ടത് സത്യമാണോ എന്ന് അറിയാൻ പലരും മന്നയിലെ അഷ്റഫിന്റെ കോറൽ എന്ന വീട്ടിലേക്ക് എത്തി. പ്രദേശവാസികളും വാഹന യാത്രക്കാരും വീടിനു സമീപം തടിച്ചുകൂടി. ആരെയും പൊലീസ് വീടിന് അകത്തേക്ക് കടക്കാൻ അനുവദിക്കാതെ നിയന്ത്രിച്ചു. കെ.വി.സുമേഷ് എംഎൽഎ ഉൾപ്പെടെയുള്ള ജന പ്രതിനിധികളും സന്ദർശിച്ചു
വളപട്ടണത്തെ വലിയ കവർച്ച
∙ ഇത്രയും ഉയർന്ന തുകയും 300ലേറെ പവൻ സ്വർണാഭരണങ്ങളും കവർന്നത് വളപട്ടണം സ്റ്റേഷന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യം. നാടിനെയാകെ ഞെട്ടിച്ച കവർച്ചാസംഭവമാണ് മന്നയിൽ നടന്നത്. സംസ്ഥാനത്തു തന്നെ വീട് കുത്തിത്തുറന്ന് ഇത്രയേറെ ആഭരണ കവർച്ചയും അപൂർവ സംഭവം. ജനത്തിരക്കേറിയ പ്രദേശവും പ്രധാന റോഡിനോട് ചേർന്നുള്ള വീടും കൂടിയാണിത്. വീടിന്റെ ഇരുവശങ്ങളിലും പിറകിലും മറ്റു വീടുകൾ ഇല്ലാതിരുന്നത് കവർച്ചക്കാർക്ക് തുണയായി. കവർച്ച നടന്ന വീടിന്റെ ഭാഗത്ത് ഒഴിഞ്ഞ കെട്ടിടമാണ്. ആരുടെയും ശ്രദ്ധയിൽപ്പെടാതിരിക്കാനും മോഷ്ടാക്കൾക്ക് സഹായകമായി.