വളപട്ടണം കവർച്ച: ലോക്കർ തുറന്നതെങ്ങനെ? അന്വേഷണസംഘം വിപുലീകരിച്ചു
Mail This Article
വളപട്ടണം∙ മന്നയിലെ അരി മൊത്ത വ്യാപാരി കെ.പി.അഷ്റഫിന്റെ വീടു കുത്തിത്തുറന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവൻ സ്വർണാഭരണങ്ങളും മോഷ്ടിച്ച കേസിൽ അന്വേഷണം ഊർജിതമാക്കുന്നതിനായി അന്വേഷണസംഘം വിപുലീകരിച്ചു. റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി.കെ.രത്‌നകുമാറിന്റെയും നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. ടി.കെ.രത്നകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അന്വേഷണസംഘം വിപുലീകരിച്ചത്.
ലോക്കർ തുറന്നത് കൃത്യമായ ധാരണയോടെ
ഒരുകോടി രൂപയും സ്വർണവും സൂക്ഷിച്ച ലോക്കറിന്റെ താക്കോൽ മറ്റൊരു ഷെൽഫിൽ വച്ചു പൂട്ടിയതായിരുന്നു. ഇതിന്റെ താക്കോൽ മറ്റൊരിടത്ത് വച്ചു. ഈ താക്കോൽ എടുത്താണ് ഷെൽഫ് തുറന്നു താക്കോൽ എടുത്ത് ലോക്കർ തുറന്നത്. വീടിന്റെ താഴത്തെ നിലയിലെ ജനൽ മാത്രമാണ് അകത്തുകയറാനായി തകർത്തത്. രണ്ടു താക്കോൽ ഉപയോഗിച്ചു കൃത്യം ധാരണയോടെയാണ് ലോക്കർ തുറന്നതെന്ന് പൊലീസ് പറഞ്ഞു. മരംകൊണ്ടുള്ള അലമാരയ്ക്കകത്താണ് ലോക്കർ. അലമാരയുടെ വാതിൽ തകർത്ത് ലോക്കറിനു ഒരു കേടുംവരാതെയാണ് മോഷണം നടത്തിയത്.
ആദ്യം ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണു ഈ ലോക്കർ തുറക്കാനാവുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കി. അതുകൊണ്ടു തന്നെ വീടിനെക്കുറിച്ചും മര അലമാരയ്ക്ക് അകത്തു സ്ഥാപിച്ച ലോക്കറിനെക്കുറിച്ചും വ്യക്തമായി അറിയാവുന്നവരാണ് കവർച്ചയ്ക്ക് പിന്നിലെന്ന നിലപാടിലാണ് അന്വേഷണസംഘം. ലോക്കർ ഉപയോഗിക്കുന്നതും തുറക്കുന്നതും അഷ്റഫ് ഉൾപ്പെടെ വീട്ടിലെ പ്രധാന അംഗങ്ങൾ മാത്രമാണെന്ന് പൊലീസിൽ നൽകിയ മൊഴിയിലുണ്ട്.
അന്വേഷണം പുരോഗമിക്കുന്നു
പ്രധാന സിസിടിവി ക്യാമറകൾ സെക്കൻഡുകൾ തെറ്റാതെ പൂർണമായും നോക്കി മാത്രമേ വിലയിരുത്താവൂ എന്നതിനാൽ ഏറെ സമയമെടുത്താണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ട്ടേറെ സംഘങ്ങളായി തിരിഞ്ഞ് സിസിടിവി പരിശോധന, ടവർ ലൊക്കേഷൻ എന്നിവ കേന്ദ്രീകരിച്ചാണ് അന്വേഷണം. സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുള്ള പരിശോധനയാണ് കൂടുതലായും നടത്തുന്നത്. സമീപപ്രദേശങ്ങളിലെ മുഴുവൻ സിസിടിവി ദൃശ്യങ്ങളും ഒരാഴ്‌ചയ്ക്കുള്ളിൽ ശേഖരിക്കുന്നതിനൊപ്പം കാസർകോട്, മംഗളൂരു റെയിൽവേ സ്‌റ്റേഷനുകളിലെയും ദൃശ്യങ്ങൾ പരിശോധിക്കും. അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കു വ്യാപിപ്പിക്കും. ഇതര സംസ്ഥാനക്കാരാണ് എന്ന് ഉറപ്പിക്കാത്തതിനാൽ ഇതുവരെ അന്വേഷണസംഘം മറ്റു സംസ്ഥാനങ്ങളിലേക്കു പോയിട്ടില്ല.
അഷ്‌റഫിന്റെ നീക്കങ്ങൾ കൃത്യമായി അറിയാവുന്ന ഒരാൾ മോഷ്‌ടാക്കളെ സഹായിച്ചുവെന്ന നിഗമനത്തിലാണ് പൊലീസ്. സമാന സ്വഭാവമുള്ള കേസുകളിൽ വിവിധ സംസ്ഥാനങ്ങളിലെ പ്രതികളുടെ വിരലടയാളവും പരിശോധിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നൂറിലേറെ വിരലടയാളങ്ങൾ പരിശോധിച്ചു. എന്നാൽ വീട്ടിൽനിന്നു ലഭിച്ച വിരലടയാളവുമായി പൊരുത്തപ്പെടുന്നതൊന്നും ലഭിച്ചിട്ടില്ല. മോഷണം നടന്ന വീട്ടിൽ നിന്ന് 16 വിരലടയാളങ്ങളാണ് ലഭിച്ചത്. മോഷ്ടാക്കളിൽ ഒരാൾ മാത്രമാണ് വീട്ടിനകത്ത് കയറിയതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായത്.
മറ്റുള്ളവർ പുറത്തു കാത്തുനിൽക്കുകയും മറ്റു സഹായങ്ങൾ ചെയ്യുകയും ചെയ്തിരിക്കാം എന്നാണ് പൊലീസ് നിഗമനം. മതിൽ ചാടിയ ഭാഗത്തും വീട്ടുപരിസരത്തെ മിക്ക സിസിടിവി ക്യാമറകളും പ്രവർത്തനക്ഷമമല്ല. ഇക്കാര്യം മോഷ്‌ടാക്കൾക്ക് അറിയാമായിരുന്നുവെന്ന് അന്വേഷണസംഘം ഉറപ്പിക്കുന്നു. കഴിഞ്ഞ 19ന് ആണ് അഷ്റഫും കുടുംബവും വീടുപൂട്ടി മധുരയിലേക്കു പോയത്. 24ന് രാത്രി തിരിച്ചെത്തിയപ്പോഴാണു മോഷണം നടന്നതായി കാണുന്നത്. 20നാണ് കവർച്ച നടന്നതെന്നാണ് സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമാകുന്നത്. തൊട്ടടുത്ത ദിവസവും വീടിനകത്ത് മോഷ്ടാവെന്നു സംശയിക്കുന്ന ആളുടെ ദ്യശ്യം സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.