ADVERTISEMENT

ചെറുപുഴ∙മലയോര മേഖലയിലെ പ്രധാന ജലസംഭരണിയായി അറിയപ്പെടുന്ന ചെറുപുഴ ചെക്ഡാമിലെ ജലനിരപ്പ് താഴുന്നത് നാട്ടുകാരെ ആശങ്കയിലാക്കി. കണ്ണൂർ-കാസർകോട് ജില്ലകളെ തമ്മിൽ ബന്ധിപ്പിച്ച് തേജസ്വിനിപ്പുഴയുടെ ചെറുപുഴ കമ്പിപ്പാലത്തിനു സമീപം നിർമിച്ച ചെക്ഡാമിലെ ജലനിരപ്പാണു ദിനംപ്രതി താഴുന്നത്. ഇതോടെ മലയോര മേഖലയിൽ ശുദ്ധജലക്ഷാമം രൂക്ഷമാകാനുള്ള സാധ്യതയും വർധിച്ചു. പുഴയിൽ വൻതോതിൽ മണൽ അടിഞ്ഞു കൂടിയതാണു ജലസംഭരണശേഷി കുറയാൻ കാരണമായത്. ഇപ്പോൾ ചെക്ഡാമിന്റെ പല ഭാഗങ്ങളിലും മൺതിട്ടകൾ മാത്രമെ കാണാനുള്ളൂ.

വേനൽ കനക്കുന്നതോടെ ജലനിരപ്പ് ഇനിയും കുറയുമെന്നാണു നാട്ടുകാർ പറയുന്നത്. ഏറെ കാലത്തെ മുറവിളിക്ക് ഒടുവിൽ നബാർഡിന്റെ ധനസഹായത്തോടെ 2017 ആണു ചെക്ഡാം നിർമിച്ചത്. എന്നാൽ ഇതിനുശേഷം ഡാമിൽ നിന്നു ഒരു പ്രാവശ്യം മാത്രമാണു പേരിനു മാത്രം മണൽ വാരിയത്. കഴിഞ്ഞ കാലങ്ങളിൽ തുടർച്ചയായി ഉണ്ടായ മഴ മൂലമാണു ഡാമിലേക്ക് വൻതോതിൽ മണൽ ഒഴുകിയെത്തിയത്. ഇത് നീക്കം ചെയ്യണമെന്നു പഞ്ചായത്ത് ഒട്ടേറെ തവണ ജലവിഭവ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അനുകൂല നടപടികളൊന്നും അധികാരികളുടെ ഭാഗത്തുനിന്നു ഉണ്ടായില്ല. ഇതാണ് ഇന്നത്തെ പ്രതിസന്ധിക്ക് പ്രധാന കാരണം. കണ്ണൂർ കാസർകോട് ജില്ലകളിലെ മലയോര ഗ്രാമങ്ങളിൽ വേനൽക്കാലത്ത് അനുഭവപ്പെടുന്ന ജലക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ 6 കോടി 87 ലക്ഷം രൂപ ചെലവഴിച്ചാണ് ചെക്ഡാം നിർമിച്ചത്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനു പുറമേ കൃഷി ആവശ്യത്തിനുള്ള വെള്ളം ലഭ്യമാക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. എന്നാൽ പദ്ധതി കൊണ്ടു ഉദ്ദേശിച്ച കാര്യങ്ങളൊന്നും നടന്നില്ല. ചെക്ഡാമിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്തു ജല സംഭരണ ശേഷി പൂർണമായി ഉപയോഗപ്പെടുത്തണമെന്നാണു നാട്ടുകാരുടെ ആവശ്യം.

English Summary:

The Cherupuzha check dam, a vital water source for hilly villages in Kannur and Kasaragod, is facing a severe water crisis due to sand accumulation and insufficient action from authorities. The decreasing water level threatens the livelihood and wellbeing of the locals who rely on the dam for their water needs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com