കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
Mail This Article
കണ്ണൂർ ∙റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചു. കണ്ണൂർ ജില്ലാ വെറ്ററിനറി റീജനൽ ഡിസീസ് ഡയഗനോസ്റ്റിക് ലാബിൽ നടത്തിയ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിലും പരിസരത്തുമായി 15 ലേറെ പേരെയാണ് തെരുവ് നായ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നത്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. അക്രമണകാരിയായ തെരുവ് നായയെ പിന്നീട് സ്റ്റേഷനു സമീപം ചത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഡോ.രഞ്ജിനിയുടെ നേതൃത്വത്തിൽ നടത്തിയ സ്രവ പരിശോധനയിൽ പേവിഷബാധ സ്ഥിരീകരിച്ചതിനു പിന്നാലെ വെറ്ററിനറി ആശുപത്രിയിൽ നായയെ സംസ്കരിച്ചു.
കടിയേറ്റവർ ആശങ്കയിൽ
തെരുവ് നായയുടെ കടിയേറ്റവർ ചികിത്സ തേടിയെങ്കിലും, നായയ്ക്ക് പേ വിഷബാധയുണ്ടായിരുന്നതായി സ്ഥിരീകരിച്ചതോടെ ആശങ്കയിലായി. നിലവിലുള്ള കുത്തിവയ്പ് തുടരാനാണ് ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുള്ളത്. പേവിഷബാധയുണ്ടായ നായ ഒട്ടേറെ നായ്ക്കളുമായി സമ്പർക്കം പുലർത്തിയിരുന്നതിനാൽ മറ്റ് നായ്ക്കളെ പിടികൂടി പ്രത്യേകം പാർപ്പിക്കേണ്ടതുണ്ട്.
തെരുവുനായ്ക്കളെ പിടികൂടാനാളെത്തി
തെരുവ് നായ്ക്കളെ പിടികൂടാൻ കോർപറേഷൻ ആളെ നിയോഗിച്ചു. റെയിൽവേ സ്റ്റേഷനിൽ തെരുവ് നായയുടെ ആക്രമണ പശ്ചാത്തലത്തിലാണ് നടപടി. പാർപ്പിക്കാൻ ഇടമില്ലാത്തതിനാൽ, പിടികൂടുന്ന നായ്ക്കളെ എന്ത് ചെയ്യുമെന്നാണ് കോർപറേഷനു ആശങ്ക.
ഷെൽറ്ററുണ്ട് പോലും!!!
തെരുവ് നായ്ക്കളെ പാർപ്പിക്കാൻ കോർപറേഷനു സ്വന്തമായി ഷെൽറ്ററില്ല, അടിയന്തര ഘട്ടത്തിൽ പിടികൂടാനായി കോർപറേഷനു നായ പിടിത്തക്കാരും ഇല്ല. കഴിഞ്ഞ ദിവസം റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായപ്പോൾ റെയിൽവേ അധികൃതർ ബന്ധപ്പെട്ടെങ്കിലും കൈമലർത്തുകയായിരുന്നു കോർപറേഷൻ. കഴിഞ്ഞയാഴ്ച്ച ഗെസ്റ്റ് ഹൗസിൽ നടന്ന മനുഷ്യാവകാശ കമ്മിഷൻ സിറ്റിങ്ങിൽ തെരുവുനായ ശല്യം സംബന്ധിച്ച പരാതിയിൽ കോർപറേഷനു തെരുവ് നായ്ക്കളെ പാർപ്പിക്കാൻ ഷെൽറ്റർ ഉണ്ട് എന്നാണ് ഹാജരായ എച്ച്ഐ കമ്മിഷനിൽ അറിയിച്ചത്. എവിടെയാണ് ഷെൽറ്റർ എന്നത് സംബന്ധിച്ച് കമ്മിഷന്റെ ചോദ്യത്തോട് പടിയൂർ എന്നാണ് എച്ച്ഐ മറുപടി പറഞ്ഞത്. ഇല്ലാത്ത ഷെൽറ്റർ ഉണ്ടെന്ന് പറഞ്ഞ് കമ്മിഷനെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് പരാതിക്കാരൻ കമ്മിഷനെ ബോധ്യപ്പെടുത്തുകയായിരുന്നു.
മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു
കണ്ണൂർ ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമിലും പരിസരത്തുമായി യാത്രക്കാരെ നായ കടിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത് അധികൃതർക്ക് നോട്ടിസ് അയച്ചു. കലക്ടർ, കോർപറേഷൻ സെക്രട്ടറി. കണ്ണൂർ റെയിൽവേ സ്റ്റേഷൻ മാനേജർ എന്നിവർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണം. കോർപറേഷൻ സെക്രട്ടറിയും റെയിൽവേ സ്റ്റേഷൻ മാനേജറും ഡിസംബർ 18 ന് രാവിലെ 11ന് കണ്ണൂർ ഗവ.ഗെസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജു നാഥ് ആവശ്യപ്പെട്ടു. മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ റജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.