കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ്: ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കും
Mail This Article
കണ്ണൂർ∙ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ ആഗിരണപ്രക്രിയ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ധനവകുപ്പ് ആഗിരണപ്രക്രിയയുമായി ബന്ധപ്പെട്ട ഫയലുകളില്‍ തീരുമാനമെടുക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇടക്കാല ആശ്വാസം അനുവദിക്കുന്നത് പരിശോധിച്ച് അടിയന്തരമായി തീരുമാനമെടുക്കും. മെഡിക്കല്‍ കോളജിലെ കുടിശ്ശികയായി അടച്ചു തീര്‍ക്കേണ്ട തുക കണ്ടെത്തി അനുവദിക്കുന്നതിനും ധനവകുപ്പിന് നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളജിലെ ജീവനക്കാരുടെ നിയമനാംഗീകാരം ഉള്‍പ്പെടെയുള്ള വിഷയങ്ങളുമായി ബന്ധപ്പെട്ട് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ, ധനകാര്യ വ്യയ സെക്രട്ടറി കേശവേന്ദ്ര കുമാര്‍, മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു, ജോയിന്‍റ് ഡയറക്ടര്‍ ഡോ. വിശ്വനാഥന്‍, കണ്ണൂര്‍ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സൈറു ഫിലിപ്പ്, സൂപ്രണ്ട് ഡോ. കെ.സുധീപ്, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. വിമല്‍ റോഹന്‍ എന്നിവര്‍ പങ്കെടുത്തു.