വളപട്ടണം കവർച്ച: മോഷണം നടത്തിയത് 40 മിനിറ്റിനുള്ളിൽ; അടുത്തദിവസം 10 മിനിറ്റിനകം പുറത്തെത്തി
Mail This Article
വളപട്ടണം∙ മന്നയിൽ അരി മൊത്ത വ്യാപാരി കെ.പി.അഷ്റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും മുന്നൂറിലേറെ പവനും മോഷ്ടിച്ച കേസിൽ അന്വേഷണം ഉൗർജിതമായി തുടരുന്നു. മോഷണം നടത്താൻ ഒരാൾ മാത്രമാണ് വീടിന് അകത്തേക്ക് കയറിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസ് സ്ഥിരീകരിച്ചു. 20ന് രാത്രി 8.05ന് വീട്ടിലെത്തിയ മോഷ്ടാവ് 40 മിനിറ്റിനകം കവർച്ച നടത്തി കടന്നുകളഞ്ഞതായും അന്വേഷണ സംഘം സ്ഥിരീകരിച്ചു. തൊട്ടടുത്ത ദിവസം രാത്രി 9.15ന് വീണ്ടും വീട്ടിലെത്തിയ മോഷ്ടാവ് 10 മിനിറ്റുകൾക്കകം പുറത്ത് പോയതായി ദൃശ്യങ്ങളിൽ കാണാം. ഈ സമയം മോഷ്ടാവിന്റെ കയ്യിൽ പൊതി ഉള്ളതായി സിസിടിവി ക്യാമറയിൽ നിന്നും വ്യക്തമായതായാണ് സൂചന.
ലോക്കറിന്റെ താക്കോൽ ലഭിച്ചാലും എളുപ്പത്തിൽ തുറക്കാൻ സാധിക്കില്ലെന്നിരിക്കെ ഇത്രയും കുറഞ്ഞ സമയംകൊണ്ട് ലോക്കർ തുറന്ന് കവർച്ച നടത്തിയത് ഞെട്ടിപ്പിക്കുന്നതാണ്. ലോക്കറിന്റെ പ്രവർത്തന രീതി മോഷ്ടാവ് നേരത്തെ മനസിലാക്കിട്ടുണ്ടാകാമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ബെംഗളൂരുവിൽ നിന്നാണ് ലോക്കർ എത്തിച്ചിരുന്നത്. ലോക്കറിന്റെ നിർമാതാക്കളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാൻ പൊലീസ് ബെംഗളൂരുവിലേക്ക് തിരിച്ചിട്ടുണ്ട്. മംഗളൂരുവിലും അന്വേഷണം നടത്തുന്നുണ്ട്. വീടിനെകുറിച്ച് വ്യക്തമായ ധാരണയുള്ള ഒരാളുടെ സഹായം മോഷ്ടാവിന് ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസിന്റെ ഉറച്ച നിഗമനം.
സംസ്ഥാനത്തു നടന്ന സമാന സ്വഭാവമുള്ള കേസുകളിലെ പ്രതികളുടെ വിരലടയാളവും പരിശോധിച്ചു വരികയാണ്. പൊലീസ് പട്ടികയിലുള്ള മോഷ്ടാക്കളുടെ വിരലടയാളങ്ങളുമായി ഇതുവരെ സാമ്യം കണ്ടെത്താനായിട്ടില്ല. റൂറൽ എസ്‌പി അനൂജ് പലിവാളിന്റെയും കണ്ണൂർ സിറ്റി എസിപി ടി.കെ.രത്‌നകുമാറിന്റെയും നേതൃത്വത്തിലുള്ള 25 അംഗ സംഘമാണ് കേസന്വേഷണം നടത്തുന്നത്. കഴിഞ്ഞ 24നാണ് മോഷണം നടന്നത്.