ADVERTISEMENT

കണ്ണൂർ ∙ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരെ പേപ്പട്ടി ആക്രമിച്ച പശ്ചാത്തലത്തിൽ തെരുവുനായ പ്രശ്നപരിഹാരത്തിന് മോണിറ്ററിങ് കമ്മിറ്റി രൂപീകരിക്കാൻ റെയിൽവേയുടെ തീരുമാനം. റെയിൽവേ, കോർപറേഷൻ, ജില്ലാ പഞ്ചായത്ത്, പൊലീസ്, റവന്യു, മൃഗസംരക്ഷണ വകുപ്പ്, ആരോഗ്യം, എസ്പിസിഎ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെട്ടതാണ് മോണിറ്ററിങ് കമ്മിറ്റി. റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന വിവിധ വകുപ്പുകളുടെ യോഗത്തിലാണ് തീരുമാനം.      റെയിൽവേ സ്റ്റേഷനിലെ ഭക്ഷണാവശിഷ്ടം യഥാസമയം സംസ്കരിക്കാൻ സൗകര്യം ഒരുക്കും. റെയിൽവേ സ്റ്റേഷനിലും പ്ലാറ്റ്ഫോമുകളിലും ഭക്ഷണാവശിഷ്ടം തള്ളാൻ ഒരുതരത്തിലും അനുവദിക്കില്ല. യാത്രക്കാർ നായകൾക്കു ഭക്ഷണം നൽകുന്നത് ഒഴിവാക്കാൻ ബോധവൽക്കരണം നടത്തും. തെരുവുകളിൽ അലയുന്ന നായ്ക്കൾക്ക് വന്ധ്യംകരണം നടത്തും. 



അനങ്ങാതിരുന്നാൽ കൊള്ളാം... കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് അടിയിൽ കിടക്കുന്ന നായ. ചിത്രം:മനോരമ
അനങ്ങാതിരുന്നാൽ കൊള്ളാം... കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരുടെ ഇരിപ്പിടത്തിന് അടിയിൽ കിടക്കുന്ന നായ. ചിത്രം:മനോരമ

പേപ്പട്ടിയുടെ കടിയേറ്റ മറ്റു നായ്ക്കളെ പിടികൂടി വാക്സിനേഷൻ നടത്തും.   റെയിൽവേ സ്റ്റേഷനു സമീപത്തെ കച്ചവടക്കാരും ഹോട്ടൽ നടത്തിപ്പുകാരും ഭക്ഷണാവശിഷ്ടം പൊതുസ്ഥലത്തു തള്ളുന്നത് ഒഴിവാക്കാൻ സഹകരിക്കണമെന്ന് റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ജയകൃഷ്ണൻ അഭ്യർഥിച്ചു. 

കോർപറേഷൻ ഡപ്യൂട്ടി മേയർ പി.ഇന്ദിര, സ്ഥിരസമിതി അധ്യക്ഷൻ സുരേഷ് ബാബു എളയാവൂർ, ക്ലീൻ സിറ്റി മാനേജർ പി.ബൈജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി, സ്ഥിര സമിതി അധ്യക്ഷ ടി.സരള, എസിപി ടി.കെ.രത്നകുമാർ, റെയിൽവേ സ്റ്റേഷൻ മാസ്റ്റർ സജിത്ത് തുടങ്ങിയവർ പങ്കെടുത്തു. 

റെയിൽവേക്ക് അനങ്ങാപ്പാറ നയം 
പേപ്പട്ടിയുടെ കടിയേറ്റവരുടെ കാര്യത്തിൽ അനങ്ങാപ്പാറ നയവുമായി റെയിൽവേ. പതിനഞ്ചിലേറെ യാത്രക്കാരെയാണ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പേപ്പട്ടി കടിച്ചുപറിച്ചത്. പലർക്കും ഗുരുതരമായി പരുക്കേറ്റു. പേപ്പട്ടിയുടെ കടിയേറ്റവർ മുഴുവൻ പേരും സ്വന്തം നിലയിൽ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. യാത്രക്കാർക്കൊപ്പം പോകുകയോ ചികിത്സാ സഹായം നൽകുകയോ റെയിൽവേയിൽ നിന്നുണ്ടായില്ലെന്നാണു പരാതി. ട്രെയിൻ ടിക്കറ്റ് എടുത്തവരും ട്രെയിനിറങ്ങി പോകുന്നവരെയുമാണ് റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടി കടിച്ചത്. റെയിൽവേ സ്റ്റേഷനിൽ നടന്ന സംഭവമായതിനാൽ മുഴുവൻ ഉത്തരവാദിത്തവും റെയിൽവേക്കാണെങ്കിലും റെയിൽവേയുടെ ഭാഗത്തുനിന്ന് അനുകൂലമായ നടപടി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം. 

റെയിൽവേ അഡീഷനൽ ഡിവിഷനൽ മാനേജർ ജയകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലും ഇക്കാര്യത്തിൽ തീരുമാനമില്ല. പേപ്പട്ടിയുടെ കടിയേറ്റവർക്കു സഹായം ലഭ്യമാക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തീരുമാനിച്ചിട്ടില്ലെന്നായിരുന്നു റെയിൽവേ അഡീഷനൽ ഡിവിഷണൽ മാനേജറുടെ പ്രതികരണം. കടുത്ത അനാസ്ഥയാണ് റെയിൽവേയുടെ ഭാഗത്തുനിന്നുണ്ടായിട്ടുള്ളതെന്ന് 

നോർത്ത് മലബാർ റെയിൽവേ പാസഞ്ചേഴ്സ് കോഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ റഷീദ് കവ്വായി പറഞ്ഞു. പേപ്പട്ടി ആക്രമിച്ചവർക്ക് മതിയായ ചികിത്സാ സഹായവും നഷ്ടപരിഹാരവും നൽകാൻ റെയിൽവേ തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പേവിഷ വാക്സീൻ ലഭ്യത ഉറപ്പുവരുത്തി: ഡിഎംഒ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പേപ്പട്ടി ആക്രമണ പശ്ചാത്തലത്തിൽ ജില്ലാ ആരോഗ്യ വകുപ്പിലെ പ്രോഗ്രാം ഓഫിസർമാരുടെ അടിയന്തരയോഗം ഡിഎംഒ ഡോ.പിയുഷ് എം.നമ്പൂതിരിപ്പാട് വിളിച്ചു ചേർത്തു.  പേവിഷ വാക്സീനിന്റെ ലഭ്യത ജില്ലയിലെ പ്രധാന ആശുപത്രികളിൽ  ഉറപ്പു വരുത്തിയിട്ടുണ്ട്. സ്റ്റോക്കുകൾ ബന്ധപ്പെട്ട ആശുപത്രികൾ യഥാസമയം കൃത്യമായി ജില്ലാ മെഡിക്കൽ ഓഫിസിനെ അറിയിക്കാൻ നിർദേശിച്ചു. വിവിധ വകുപ്പുകളുമായി സംയുക്ത യോഗം ചേരാനും തുടർ നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.  മൃഗസംരക്ഷണ വകുപ്പ്, തദ്ദേശ വകുപ്പുകളുമായി ചേർന്നു പേ വിഷ ബാധയ്ക്കെതിരെയുള്ള പ്രചാരണ പ്രവർത്തനങ്ങൾ ശക്തമാക്കും.

വേണം, അതീവ ജാഗ്രത 
∙വളർത്തു മൃഗങ്ങളുടെയോ തെരുവുനായ്ക്കളുടെയോ കടിയോ മാന്തലോ ഏറ്റാൽ ആ ഭാഗം സോപ്പ് ഉപയോഗിച്ച് വെള്ളത്തിൽ കഴുകണം.
∙മുറിവുള്ള ഭാഗം നന്നായി കഴുകിയ ശേഷം ഏറ്റവും അടുത്തുള്ള പേവിഷ ബാധയ്ക്കുള്ള വാക്സിൻ ലഭ്യമാകുന്ന ആശുപത്രിയിലേക്ക് എത്തി വാക്സിൻ സ്വീകരിക്കണം.
∙ വളർത്തു മൃഗങ്ങളുടെയോ മറ്റോ കടിയോ മാന്തലോ ഏറ്റാൽ വാക്സിൻ സ്വീകരിക്കണോ വേണ്ടയോ എന്നത് സംബന്ധിച്ച മാർഗ നിർദേശം ലഭിക്കുന്നതിനായി ഡോക്ടറുടെ സേവനം തേടണം. വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച മാർഗനിർദേശവും വാക്സിൻ ആവശ്യമെങ്കിൽ അവയും ആശുപത്രികളിൽ നിന്ന് ലഭിക്കും.
∙പേവിഷ ബാധക്കെതിരെയുള്ള വാക്സിൻ വളരെയേറെ സുരക്ഷിതവും ജീവൻ രക്ഷിക്കുന്നതുമാണ്.
∙ചെറിയ കുട്ടികളെ വളർത്തു മൃഗങ്ങളോ മറ്റോ മാന്തുകയോ കടിക്കുകയോ ചെയ്താൽ അക്കാര്യം രക്ഷിതാക്കളോട് തുറന്നുപറയാൻ കുട്ടികളെ പ്രേരിപ്പിക്കണം. കുട്ടികൾ മൃഗങ്ങളുമായി ഇടപഴകുന്ന ശീലം കുറയ്ക്കണം.
∙വളർത്തു മൃഗങ്ങൾക്ക് പേവിഷ ബാധക്കെതിരെയുള്ള വാക്സിനേഷൻ നിർബന്ധമായും എടുക്കണം. 
∙ഭക്ഷണ മാലിന്യം, ഇറച്ചിക്കടകളിൽ നിന്നുള്ള മാലിന്യം ഉൾപ്പെടെയുള്ള ജൈവ മാലിന്യങ്ങൾ വലിച്ചെറിയരുത്. ജൈവ മാലിന്യം കൂട്ടിയിട്ട സ്ഥലങ്ങൾ വൃത്തിയാക്കണം. 
∙ഭിക്ഷാടകർ, അലഞ്ഞു തിരിയുന്നവർ, ആരാധനാലയങ്ങളോട് ചേർന്നു ജീവിച്ചു പോരുന്ന അശരണർ ഉൾപ്പെടെയുള്ളവർക്ക് പേപ്പട്ടികളുടെ കടിയേൽക്കാൻ സാധ്യതയുണ്ടാകും. ഇവരെ പ്രത്യേകം കരുതണം.

English Summary:

A recent incident involving a stray dog attack on a passenger at a railway station has prompted the Railways to establish a dedicated monitoring committee. This committee will focus on addressing the growing concern of stray dogs and ensuring the safety and well-being of passengers at railway stations.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com