ADVERTISEMENT

എടൂർ ∙ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തിൽ പ്രതിഷ്ഠിതമായിരിക്കുന്ന എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിന് അഭിമാനനിമിഷം. കുടിയേറ്റത്തിന്റെ എട്ടര പതിറ്റാണ്ടിലേക്കു കടക്കുമ്പോഴാണു തലശ്ശേരി അതിരൂപതയിലെ ആദ്യ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയർത്താനുള്ള തീരുമാനം അതിരൂപതാ ആസ്ഥാനത്ത് നിന്ന് ഉണ്ടാകുന്നത്. 1939 - 40 കാലഘട്ടത്തിലാണ് എടൂർ പ്രദേശത്ത് കുടിയേറ്റം ആരംഭിച്ചത്.

 1942 ൽ പേരാവൂരിൽ നിന്നു ഫാ. ജോസഫ് കുത്തൂർ നടന്നുവന്ന് എടൂരിന്റെ മണ്ണിൽ ആദ്യമായി കുർബാന അർപ്പിച്ചു. തുടർന്നു ഫാ. കുര്യാക്കോസ് കുടക്കച്ചിറയും എടൂരിൽ എത്തി കുർബാന അർപ്പിച്ചു. 1946 ൽ കോഴിക്കോട് മെത്രാനായിരുന്ന ഡോ. ലിയോ പ്രൊസെർപ്പിയോ എടൂർ ഇടവക സ്ഥാപിക്കുകയും 1947 ജൂൺ 24ന് സ്ഥിരം വികാരിയായി ഫാ. സി.ജെ. വർക്കിയെ നിയമിക്കുകയും ചെയ്തു. 

1949 ൽ ഫാ. ജോസഫ് കട്ടക്കയം വികാരിയായി നിയമിതനായി. 1953 ഡിസംബർ 31ന് തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ എടൂർ ഇടവക തലശ്ശേരി രൂപതയിലായി. 1954 ജൂലൈയിൽ ഫാ. സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ തലശ്ശേരി രൂപതയിൽ നിന്നുള്ള പ്രഥമ വികാരിയായി. 1970ൽ ഫാ. ജോസഫ് കൊല്ലംപറമ്പിലിന്റെ ശ്രമഫലമായാണ് ഇന്നു കാണുന്ന പളളി നിർമിച്ചത്. നിലവിൽ ഫാ. തോമസ് വടക്കേമുറിയിൽ വികാരിയും ഫാ. തോമസ് പൂകമല അസിസ്റ്റന്റ് വികാരിയുമാണ്. 2 വർഷം മുൻപാണ് എടൂർ ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്.

അർഹതപ്പെട്ട പദവി
എടൂർ ടൗണിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്ന എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന ദേവാലയമായി മാറുമ്പോൾ ആഹ്ലാദത്തിലാണ് ഇടവകസമൂഹം. എടൂരമ്മയെന്നാണു വിശ്വാസികൾ എടൂർ പള്ളിയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ സാന്നിധ്യത്തെ ഭയഭക്തിബഹുമാനത്തോടെ വിളിക്കുന്നത്. പരിശുദ്ധ കന്യക മറിയത്തിന്റെ മാധ്യസ്ഥ്യം തേടി നാനാജാതി മതസ്ഥർ ദിവസവും ഇവിടെ എത്തുന്നുണ്ട്.നിലവിൽ 9 ഇടവകകളുള്ള ഫൊറോനയാണ് എടൂർ. തലശ്ശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്‌സും എടൂരിൽ നിന്ന് തിരുസഭ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്.

വിശ്വാസികൾക്ക് പ്രിയപ്പെട്ട എടൂരമ്മ
1947-49 കാലഘട്ടത്തിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ഫാ. സി.ജെ.വർക്കിച്ചന്റെ കാലഘട്ടത്തിലാണ് തിരുസ്വരൂപം സ്ഥാപിക്കുന്നത്. മലയോരങ്ങളിൽ കുടിയേറ്റത്തിന്റെ തുടക്ക കാലഘട്ടത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ ദൈവദൂതനെ പോലെ സഹായിയായി ഉണ്ടായിരുന്ന ഇറ്റാലിയൻ മിഷനറി ടഫറേലച്ചനാണ് മാതാവിന്റെ തിരുസ്വരൂപം എടൂർ പള്ളിക്ക് നൽകിയത്. പള്ളിക്കെട്ടിടത്തിനു ഓടും വാങ്ങിത്തന്ന ടഫറേലച്ചൻ ഒരു അമേരിക്കക്കാരൻ അദ്ദേഹത്തിന് മാതാവിന്റെ തിരുസ്വരൂപം വാങ്ങാനുള്ള പണം സംഭാവനയായി നൽകുകയായിരുന്നു.

സംഭാവന നൽകിയ അദ്ദേഹം ദർശനത്തിൽ കണ്ട വിധത്തിലുള്ള രൂപമാണ് എടൂരിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ രൂപം മറ്റൊരിടത്തേക്ക് കൊണ്ടുപോകുമ്പോൾ വാഹനം എടൂരിൽ നിന്നുപോയെന്നും എത്രശ്രമിച്ചിട്ടും വണ്ടി മുന്നോട്ട് നീങ്ങാത്തതിനാൽ പരിശുദ്ധ അമ്മയുടെ അനുഗ്രഹം ചൊരിയുന്ന തിരുസ്വരൂപം എടൂർ പള്ളിക്കുള്ളതാണെന്ന് മനസ്സിലാക്കി നൽകിയതാണെന്നും ഐതിഹ്യമുണ്ട്.

മലബാറിലെ കുടിയേറ്റ ജനതയുടെ വിശ്വാസത്തിന്റെ സിരാകേന്ദ്രമാണു എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം. ഈ ദേവാലയത്തോടനുബന്ധിച്ചാണു മലയോര ജനത തങ്ങളുടെ ആധ്യാത്മിക ജീവിതം പടുത്തുയർത്തിയത്. പ്രഖ്യാപനത്തോടെ തീർഥാടകർക്ക് സഭ വാഗ്ദാനം ചെയ്ത എല്ലാ ആധ്യാത്മിക അവകാശങ്ങളും മധ്യസ്ഥാനുഗ്രഹങ്ങളും പള്ളി സന്ദർശിക്കുമ്പോൾ ലഭിക്കും. 

ദൈവാനുഗ്രത്തിന് നന്ദി. എടൂർ ഇടവക ആഹ്ലാദത്തിലും അഭിമാനത്തിലുമാണ്. തലശ്ശേരി അതിരൂപതയിലെ പ്രഥമ ആർക്കിഎപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി എടൂർ പ്രഖ്യാപിക്കപ്പെടുകയാണ്. തീർഥാടകർക്കു ആവശ്യമായ കൂടുതൽ ആത്മീയ സൗകര്യങ്ങൾ ഇടവക സമൂഹവുമായി ചേർന്നു നടപ്പാക്കും.

എടൂർ സെന്റ് മേരീസ് പള്ളിക്ക് ആർക്കിഎപ്പിസ്കോപ്പൽ  മരിയൻ തീർഥാടനകേന്ദ്ര പദവി




ആർക്കിഎപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്ര പദവിയിലേക്ക് ഉയർത്തപ്പെടുന്ന എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി.
ആർക്കിഎപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്ര പദവിയിലേക്ക് ഉയർത്തപ്പെടുന്ന എടൂർ സെന്റ് മേരീസ് ഫൊറോന പള്ളി.

തലശ്ശേരി ∙ തലശ്ശേരി അതിരൂപതയിലെ എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയെ ആർക്കിഎപ്പിസ്കോപ്പൽ മരിയൻ തീർഥാടനകേന്ദ്ര പദവിയിലേക്ക് ഉയർത്താൻ തീരുമാനം.   6നു വൈകിട്ട് 5.30ന് എടൂരിൽനിന്നു ചെമ്പേരി ലൂർദ്മാതാ ബസിലിക്കയിലേക്കു നടത്തുന്ന പ്രഥമ മരിയൻ തീർഥാടനത്തിനു മുന്നോടിയായി തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഔദ്യോഗിക പ്രഖ്യാപനം നടത്തും.   മലബാറിൽനിന്ന് ഈ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ തീർഥാടനകേന്ദ്രമാണ് എടൂർ. ഇതോടെ, സിറോ മലബാർ സഭയിൽ ഏറെ പ്രാധാന്യമർഹിക്കുന്ന മരിയൻ തീർഥാടനകേന്ദ്രമായി ദേവാലയം മാറും. 

അതിരൂപതയിൽ പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിൽ സ്ഥാപിതമായ ആദ്യ പള്ളിയാണ് എടൂർ. 1946ൽ സ്ഥാപിതമായ ഇടവകയിൽ ഇപ്പോൾ 1500 കുടുംബങ്ങളുണ്ട്. ഫാ.തോമസ് വടക്കേമുറിയിൽ വികാരിയും ഫാ.തോമസ് പൂകമല അസി.വികാരിയുമാണ്.

English Summary:

Edoor St. Mary's Forane Church in Tellicherry, Kerala, has been elevated to the esteemed status of an Archdiocesan Marian Pilgrimage Center. This historic decision recognizes the church's significance as a place of devotion to Mother Mary, fondly known as "Edooramma." The article delves into the church's rich history, the beloved statue of Mother Mary, and the impact this elevation will have on the community and pilgrims.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com