മുഹമ്മദ് നിസാലിന് കണ്ണീരോടെ നാടിന്റെ വിട
Mail This Article
പഴയങ്ങാടി∙ സ്നേഹവീടിൽ കഴിഞ്ഞ് കൊതി തീരുംമുൻപാണ് ഒരുനാടിനെ ആകെ സങ്കടക്കടലിലാക്കി മുഹമ്മദ് നിസാലിന്റെ വേർപാട്. കൂട്ടുകാർക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന നിസാലിന്റെ ചേതനയറ്റ ശരീരം കണ്ടപ്പോൾ എല്ലാവരും വിതുമ്പുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വീടിന് സമീപത്തെ പറമ്പിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് തെങ്ങ് നീക്കം ചെയ്യുന്നതിനിടയിൽ തെങ്ങ് തലയിൽ വീണ് ആണ് വെങ്ങര മാപ്പിള യുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിയും എസ്എംഎ രോഗബാധിതനുമായ മുഹമ്മദ് നിസാൽ ദാരണുണമായി മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നിസാലിന്റെ മൃതദേഹം മുട്ടം വെങ്ങര മാപ്പിള യുപി സ്കൂളിൽ എത്തിച്ച. മൃതദേഹം കണ്ട ഉടൻ എല്ലാവരും പൊട്ടിക്കരയുകയായിരുന്നു. തുടർന്ന് ഉച്ചയ്ക്ക് 12.30 ഓടെ വെങ്ങര കക്കാടപ്പുറത്തെ വീട്ടിൽ മൃതദേഹം എത്തിച്ചു. എസ്എംഎ ബാധിതരായ നിസാലിന്റെ മൂത്ത സഹോദരങ്ങളായ നിഹാൽ, നിയാസ് എന്നിവർ വീൽ ചെയറിൽ തങ്ങളുടെ കൊച്ചനുജനെ യാത്രാമൊഴി നൽകുന്ന കാഴ്ച ഒരുനാടിനെ ആകെ സങ്കടക്കടലിലാക്കി. നൂറുകണക്കിന് ആളുകളാണ് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. വാടക ക്വാർട്ടേഴ്സിൽ താമസിച്ച് വരുന്ന ഓട്ടോഡ്രൈവറായ യു.കെ.പി. മൻസൂർ ഇ.എൻ.പി.സമീറ ദമ്പതികൾക്ക് എസ്എംഎ രോഗബാധിതരായ മൂന്ന് മക്കൾ ആയതിനാൽ രണ്ട് വർഷം മുൻപാണ് സുമനസ്സുകളുടെ കനിവിൽ വെങ്ങര കക്കാടപ്പുറത്ത് സ്നേഹവീട് നിർമിച്ച് നൽകിയത്.
ഇവരുടെ ചികിത്സയും അന്നുമുതൽ മുടങ്ങാതെ പി.വി.അബ്ദുല്ല ചെയർമാനായ ചികിത്സാ– ഭവന നിർമാണ കമ്മിറ്റിയാണ് നടത്തി വരുന്നത്. എം.വിജിൻ എംഎൽഎ, മാടായി പഞ്ചായത്ത് പ്രസിഡന്റ് സഹീദ് കായിക്കാരൻ,കെപിസിസി അംഗം എം.പി.ഉണ്ണിക്കൃഷ്ണൻ, മുസ് ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി കെ.ടി.സഹദുല്ല, വൈസ് പ്രസിഡന്റ് കെ.വി.മുഹമ്മദലി ഹാജി, സെക്രട്ടറി ഇബ്രാഹിം കുട്ടി തിരുവട്ടൂർ,ഡിസിസി ജനറൽ സെക്രട്ടറി കെ.ബ്രിജേഷ് കുമാർ, വി.വിനോദ്,എസ്.യുറഫീഖ്, എം.പവിത്രൻ, ജോയ്ചൂട്ടാട്,എ.പി.ബദറുദീൻ എന്നിവർ അന്ത്യാഞ്ജലി അർപ്പിച്ചു.