റെയ്ഡ്കോ ഉൽപന്നങ്ങൾ കടൽകടക്കും; കയറ്റുമതിക്ക് ഫ്ലാഗ് ഓഫ്
Mail This Article
മൂന്നുപെരിയ ∙ റെയ്ഡ്കോയുടെ മസാലക്കൂട്ടുകൾ, കറി പൗറുകൾ, ബ്രേക്ക് ഫാസ്റ്റ് ഇനങ്ങൾ ഇനി ഗൾഫിലെ മലയാളികൾക്കും രുചിയറിഞ്ഞ് ഉപയോഗിക്കാം. യുഎഇ, ഖത്തർ, സൗദി അറേബ്യ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതിക്ക് മന്ത്രി പി.രാജീവ് ഫ്ലാഗ് ഓഫ് ചെയ്തു. കേരളത്തിന്റെ ഉൽപന്നങ്ങൾക്ക് ലോക വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ടെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കേരളത്തിലെ ഉൽപന്നങ്ങൾക്ക് പരമാവധി വിപണി കണ്ടെത്താൻ വേണ്ടിയാണ് കേരള ബ്രാൻഡ് എന്ന ആശയം തന്നെ നടപ്പാക്കിയതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രത്നകുമാരി അധ്യക്ഷത വഹിച്ചു. റെയ്ഡ്കോ ചെയർമാൻ എം.സുരേന്ദ്രൻ, കെ.കെ.നാരായണൻ, പെരളശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഷീബ, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, പി.പ്രകാശൻ, എം.കെ.മുരളി, വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന പ്രസിഡന്റ് ദേവസ്യ മേച്ചേരി, പി.വി.രാമകൃഷ്ണൻ, പി.വി.ഭാസ്കരൻ, എ.കെ.അരുൺ രാജ്, വി.രതീശൻ എന്നിവർ പ്രസംഗിച്ചു.
മസാലക്കൂട്ടുകൾ, കറി പൗഡറുകൾ, ബ്രേക്ക് ഫാസ്റ്റ് ഇനങ്ങൾ എന്നിവ അടങ്ങിയ ഒരു കണ്ടെയ്നർ ഉൽപന്നമാണ് ആദ്യഘട്ടത്തിൽ യുഎഇയിലേക്കു കയറ്റിയയച്ചത്. ഉൽപാദനം വർധിപ്പിക്കാനും കൂടുതൽ രാജ്യങ്ങളിൽ ഉൽപന്നങ്ങൾ ലഭ്യമാക്കാനുമുള്ള ശ്രമത്തിലാണ് റെയ്ഡ്കോയെന്നു ചെയർമാൻ എം.സുരേന്ദ്രനും ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ വി.രതീശനും പറഞ്ഞു.