മരം വീണ് നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞ് വിദ്യാർഥിക്ക് ദാരുണാന്ത്യം
Mail This Article
ഇരിട്ടി ∙ ആനപ്പന്തിയിൽ മരംവീണു നിയന്ത്രണംവിട്ട കാർ കുളത്തിലേക്കു മറിഞ്ഞ് വിദ്യാർഥിക്കു ദാരുണാന്ത്യം. അങ്ങാടിക്കടവിലെ കുറിച്ചിക്കുന്നേൽ ബെന്നി ജോസഫ് – ബീന ദമ്പതികളുടെ മകൻ, തൃശൂർ വടക്കഞ്ചേരി വ്യാസ കോളജ് അവസാന വർഷ ഡിഗ്രി വിദ്യാർഥി ഇമ്മാനുവൽ (കുട്ടു – 21) ആണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് അങ്ങാടിക്കടവിലെ വീട്ടിലേക്കുള്ള യാത്രയിലാണ് അപകടം. വീട്ടിലേക്ക് ഒന്നര കിലോമീറ്റർ മാത്രം അവശേഷിക്കെയായിരുന്നു ദുരന്തം. ഫുട്ബോൾ താരവും ജിം പരിശീലകനുമാണ്. തൃശൂരിൽ ഫുട്ബോൾ അക്കാദമിയിൽ പരിശീലനവും നടത്തുന്നുണ്ട്.
അയ്യൻകുന്ന് റീബിൽഡ് കേരള റോഡിൽ ആനപ്പന്തിക്കു സമീപം ഇന്നലെ പുലർച്ചെ 5ന് ആണ് അപകടം. ഇമ്മാനുവൽ ഓടിച്ച കാറിനു മുകളിലേക്ക് മരം വീണതോടെ നിയന്ത്രണംവിട്ട് 100 മീറ്ററോളം മുന്നോട്ടോടി സമീപത്തെ പറമ്പിലെ തെങ്ങിലിടിച്ച് കുളത്തിലേക്കു മറിയുകയായിരുന്നു. വലിയ ശബ്ദംകേട്ട് സമീപത്തെ വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾ റോഡിൽ സമീപത്തെ പറമ്പിൽ നിന്നുള്ള റബർ മരം വീണു കിടക്കുന്നതാണു കണ്ടത്. അടുത്തു ചെന്നു പരിശോധിച്ചപ്പോൾ ഏതോ വാഹനത്തിന്റെ റെയ്ൻ ഗാർഡിന്റെ ഭാഗവും കണ്ടു.സംശയം തോന്നി അങ്ങാടിക്കടവ് റൂട്ടിൽ 100 മീറ്ററോളം മുന്നോട്ടു പരിശോധിച്ചപ്പോഴാണു റോഡിനു താഴെ 15 അടിയോളം താഴ്ചയുള്ള കുളത്തിൽ 4 ടയറുകളും മുകളിലായി കിടക്കുന്ന കാറിന്റെ ഇൻഡിക്കേറ്റർ മിന്നുന്നത് ശ്രദ്ധയിൽപെട്ടത്.
പകുതിയിലധികം വെള്ളംമൂടിയ കാറിൽ ഇവർക്ക് രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. കൂടുതൽ നാട്ടുകാരും ഇരിട്ടിയിൽ നിന്നുള്ള അഗ്നിരക്ഷാ സേനയും കരിക്കോട്ടക്കരി പൊലീസും എത്തി മണ്ണുമാന്തി യന്ത്രത്തിൽ വടം കെട്ടി കാർ ഉയർത്തി ഇമ്മാനുവലിനെ പുറത്തെടുത്തപ്പോഴേക്കും മരിച്ചു. സംസ്കാരം ഇന്ന് 4ന് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് പള്ളിയിൽ. സഹോദരിമാർ: എലിസബത്ത് ബെന്നി (യുകെ), എമിലി ബെന്നി.