ഡിവൈഡർ നിർമാണത്തിലെ അപാകത: ഗതാഗത തടസ്സം പതിവ്
Mail This Article
ചെറുപുഴ ∙ ഡിവൈഡർ നിർമാണത്തിലെ അപാകത മൂലം ഗതാഗത തടസ്സം ഉണ്ടാകുന്നത് പതിവായി. ചെറുപുഴ സെൻട്രൽ ബസാറിൽ അശാസ്ത്രീയമായി നിർമിച്ച ഡിവൈഡറാണു ഗതാഗതതടസ്സത്തിനു ഇടയാക്കുന്നത്. മലയോരപാതയും ജോസ്ഗിരി-ചെറുപുഴ-പയ്യന്നൂർ പിഡബ്ല്യുഡി റോഡും ഒന്നിക്കുന്ന ഭാഗത്താണു ഡിവൈഡർ നിർമിച്ചത്. മലയോരപാതയുടെ തിരുമേനി ഭാഗത്തു നിന്നു പയ്യന്നൂർ ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ ഡിവൈഡറിൽ തട്ടുന്നതിനാൽ രണ്ടും മൂന്നും തവണ പിന്നോട്ടെടുത്താൻ മാത്രമെ വാഹനങ്ങൾക്ക് ശരിയാംവിധം റോഡിലൂടെ കടന്നുപോകാനാകൂ.
ഡിവൈഡറിന്റെ ഒരു മീറ്റർ ഭാഗം നീക്കം ചെയ്താൽ വലിയ വാഹനങ്ങൾക്കും സുഗമമായി കടന്നുപോകാനാകും.എന്നാൽ ഇതിനുള്ള നടപടികളൊന്നും അധികൃതരുടെ ഭാഗത്തുനിന്നു ഉണ്ടാകുന്നില്ല.ഇതുസംബന്ധിച്ച് അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല.പരാതി നൽകിയതിനെ തുടർന്നു മരാമത്ത് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും തുടർനടപടികളൊന്നും ഉണ്ടായില്ല. ഏറെ വാഹന തിരക്ക് അനുഭവപ്പെടുന്ന പ്രദേശത്തു അശാസ്ത്രീയമായ സ്ഥാപിച്ച ഡിവൈഡർ പുനർനിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.