ADVERTISEMENT

കണ്ണൂർ ∙ വെൽഡിങ് തൊഴിലാളിയായ ലിജേഷിന് മോഷണത്തിൽ തുണയായത് ഇതേ ജോലിയായിരുന്നു. വീടിന്റെ ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റാൻ ലിജേഷിന് അധിക സമയം വേണ്ടിവന്നില്ല. അകത്തു കയറി അലമാരകളിലാണ് ആദ്യം പരിശോധന തുടങ്ങിയത്. കിടപ്പുമുറിയിലെ ഒരു അലമാരയിൽനിന്ന് മറ്റൊരു അലമാരയുടെ താക്കോൽ ലഭിച്ചു. ആ അലമാര തുറന്നപ്പോഴാണ് ലോക്കറിന്റെ താക്കോൽ ലഭിച്ചത്. 

മരത്തിന്റെ അലമാരയുടെ അകത്തായിരുന്നു ലോക്കറുണ്ടായിരുന്നത്. ലോക്കർ ഉണ്ടാക്കുന്നതിലും തുറക്കുന്നതിലും വിദഗ്ധനായ ലിജേഷിനു മുന്നിൽ 15 കൊല്ലം പഴക്കമുള്ള ലോക്കർ തുറക്കുന്നതൊരു പ്രശ്നമായിരുന്നില്ല. ആദ്യം ഒരു താക്കോൽ ഉപയോഗിച്ചും രണ്ടാമത് മറ്റൊരു താക്കോലും ലിവറും ഒരേസമയം പ്രവർത്തിപ്പിച്ചുമാണു ലോക്കർ തുറക്കുക. ഈരീതി കൃത്യമായി പാലിച്ചാണ് ലോക്കർ തുറന്നത്. 

മോഷ്ടാവ് ഇത്ര കൃത്യമായി ലോക്കർ തുറന്നതെങ്ങനെയെന്ന് അന്വേഷണ സംഘം സംശയിച്ചിരുന്നു. ലോക്കറിനെക്കുറിച്ചു കൃത്യം ധാരണയുണ്ടെങ്കിലേ ഒരു കേടും വരാതെ തുറക്കാൻ പറ്റുമായിരുന്നുള്ളൂ. അതുകൊണ്ടുതന്നെ ഉടമയുമായി ബന്ധമുള്ള ആരെങ്കിലുമായിരിക്കുമോയെന്നും പൊലീസ് സംശയിച്ചിരുന്നു. ലോക്കർ തുറക്കാൻ പ്രയാസമൊന്നുമുണ്ടായില്ലെന്നാണ് ലിജേഷ് പൊലീസിനോടു പറഞ്ഞത്. ലോക്കറിൽനിന്നെടുത്ത സ്വർണവും പണവും അവിടെനിന്നെടുത്ത രണ്ടു ചാക്കിലാക്കി വീട്ടിലേക്കു കൊണ്ടുപോയി. 

ലിജേഷ്.
ലിജേഷ്.

അയലത്തെ കട്ടിലിനടിയിൽ... 
കണ്ണൂർ ∙ 1.21 കോടി രൂപയും 267 പവൻ സ്വർണവും – കേരളത്തിലെ ഏറ്റവും വലിയ ഭവനഭേദനക്കേസിൽ പിടിയിലായത് അയൽവാസി. പൊലീസിനു തുമ്പായത് സിസിടിവിയിൽ പതിഞ്ഞ മോഷ്ടാവിന്റെ കഷണ്ടിദൃശ്യം. സ്വന്തം മുഖം പതിയാതിരിക്കാൻ മോഷ്ടാവ് സിസിടിവി ക്യാമറ തിരിച്ചുവച്ചത് മോഷണം നടന്ന മുറിക്കു നേരെയായിരുന്നു താനും. മോഷ്ടാവിന്റെ ഇരുനില വീട്ടിലെ കട്ടിലിനടിയിലെ പ്രത്യേക അറയിൽനിന്നു മോഷണമുതൽ കണ്ടെടുത്തു. 

വളപട്ടണം മന്നയിലെ അരിവ്യാപാരി കോറൽവീട്ടിൽ കെ.പി.അഷ്റഫിന്റെ വീട്ടിൽ കഴിഞ്ഞമാസം 20നു നടന്ന മോഷണത്തിലാണ് അയൽവാസി മുണ്ടച്ചാലി വീട്ടിൽ സി.പി.ലിജേഷ് (45) അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്ത് സബ് ജയിലിലേക്കച്ചു. അഷ്റഫിന്റെ വീടിന്റെ പിറകിൽ രണ്ടാമത്തെ വീടാണ് ലിജേഷിന്റേത്. കഷ്ടിച്ച് 50 മീറ്റർ ദൂരം. വെൽഡിങ് തൊഴിലാളിയായ ലിജേഷ് ഒറ്റയ്ക്കാണു മോഷണം നടത്തിയതെന്നു കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ അജിത്കുമാർ പറഞ്ഞു.

English Summary:

Robbery becomes disturbingly easy for Lijesh, a welding worker who utilizes his professional skills to break into a house and systematically search for valuables. His knowledge of metalwork helps him bypass security and locate hidden keys within the targeted home.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com