വീട്ടുകാർ കരുതിയത് ഏറ്റെടുത്ത ഏതോ ജോലിയെന്ന്; വിവരം അറിയുന്നത് പൊലീസെത്തിയപ്പോള്‍
Mail This Article
കണ്ണൂർ∙ അഷ്റഫിന്റെ വീട്ടിൽനിന്നു മോഷ്ടിച്ച സ്വർണവും പണവും രണ്ടുചാക്കുകളിലാക്കിയാണ് ലിജേഷ് സ്വന്തം വീട്ടിലെത്തിച്ചത്. ചുറ്റുമതിലും ഗേറ്റുമുള്ള ഇരുനില കോൺക്രീറ്റ് വീടാണ് ലിജേഷിന്റേത്. വീടിന്റെ ഒരു മുറി ലിജേഷിന്റെ വർക്ക് ഷെഡായി ഉപയോഗിക്കുന്നു. അവിടെയാണ് സ്വർണവും പണവും ആദ്യം വച്ചത്. കിടപ്പുമുറിയിലെ കട്ടിലിനടിയിൽ ഇരുമ്പുഷീറ്റ് കൊണ്ട് പ്രത്യേക അറയുണ്ടാക്കി അതിലേക്ക് പണവും സ്വർണവും പിന്നീട് മാറ്റി. ഇത് കട്ടിലിനോടു ചേർന്നു സ്ക്രൂ ചെയ്ത് വെൽഡ് ചെയ്തു.
അതോടെ ആർക്കും മനസ്സിലാകാതെ വന്നു. ഇതെല്ലാം വർക്ക്ഷെഡിൽവച്ചാണു ചെയ്തത്. ഏറ്റെടുത്ത ഏതോ ജോലിയെന്നാണു വീട്ടുകാർ കരുതിയത്. മോഷണം നടത്തിയതിനെ തുടർന്നുള്ള പരിഭ്രമമൊന്നും ലിജേഷ് കാണിച്ചിരുന്നില്ല. പൊലീസ് അന്വേഷണം തുടങ്ങിയപ്പോഴും ലിജേഷ് വീട്ടിൽ തന്നെയുണ്ടായിരുന്നു. ഞായറാഴ്ച രാത്രി പൊലീസെത്തി പരിശോധിക്കുമ്പോഴാണ് വീട്ടുകാർ വിവരം അറിയുന്നത്.