പാന്റ്സ് ഉടുക്കാത്ത ലിജേഷ്, തുമ്പായി സേർച് ഹിസ്റ്ററി; തിരിച്ചുവച്ച ക്യാമറയും ‘ചതിച്ചു, പൊക്കിയതിങ്ങനെ..
Mail This Article
കണ്ണൂർ∙ മോഷണം നടന്നതിന്റെ ആദ്യ മണിക്കൂറുകളെ ഗോൾഡൻ അവർ എന്നാണ് പൊലീസ് വിശേഷിപ്പിക്കുക. മോഷ്ടാവിനെ പിന്തുടർന്ന് പിടികൂടാൻ ഏറ്റവുമധികം സാധ്യതയുള്ള സമയമാണിത്. വളപട്ടണത്ത് മണിക്കൂറുകളല്ല, അഞ്ചു ദിവസത്തിനു ശേഷമാണ് മോഷണവിവരം പുറത്തറിയുന്നത്. 20ന് രാത്രിയായിരുന്നു മോഷണം. 25ന് അഷ്റഫും കുടുംബവും വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരം അറിഞ്ഞത്. അപ്പോഴേക്കും തെളിവുകളെല്ലാം ഒരുവിധം നഷ്ടപ്പെടുമായിരുന്നു. ടൗൺ എസിപി ടി.കെ.രത്നകുമാറിന്റെ നേതൃത്വത്തിൽ 20 പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനു ചുമതലപ്പെടുത്തിയത്. പിന്നീട് 5 പേർ കൂടി ചേർന്നു.
24x7 ഇതായിരുന്നു അന്വേഷണസംഘത്തിന്റെ രീതി. ഓരോ അംഗവും എന്തൊക്കെ അന്വേഷിക്കണമെന്ന് കൃത്യമായ നിർദേശം നൽകി. മീശമാധവൻ എന്ന സിനിമയിൽ നായകൻ ദിലീപിന്റെ കഥാപാത്രം ഓടുപൊളിച്ചാണ് എല്ലാ വീട്ടിലും മോഷണം നടത്തുന്നത്. മോഷ്ടാക്കൾക്ക് ഇങ്ങനെ ചില സ്ഥിരം രീതികളുണ്ടാകും. ചിലർ വീടിന്റെ അടുക്കളഭാഗത്തെ വാതിൽകുത്തിത്തുറന്നേ അകത്തുകയറൂ. ചിലർ ടെറസിലെ വാതിൽ തുറന്ന്. ചിലർ ജനൽ കുത്തിത്തുറന്ന്.
വീടിന്റെ ഭിത്തിയോ വാതിലോ പൊളിക്കാതെ, ജനലിന്റെ ഗ്രിൽ ഇളക്കിമാറ്റിയുള്ള മോഷണരീതിയായിരുന്നു ലിജേഷിന്റേത്. ഗ്യാസ് കട്ടറോ മറ്റോ ഉപയോഗിച്ചില്ല. പകരം, ജനലിന്റെ മരത്തടിയിൽ ഉളി ഉപയോഗിച്ച് ഗ്രിൽ പിഴുതെടുക്കുകയായിരുന്നു. ഇതേ രീതിയിൽ മുൻപ് കീച്ചേരിയിൽ നടന്ന മോഷണത്തിലെ വിരലടയാളം പരിശോധിച്ചപ്പോൾ ലിജേഷിനു പിടിവീഴുകയും ചെയ്തു.
100 സിസിടിവി ഫൂട്ടേജുകളും കോഴിക്കോട് മുതൽ മംഗലാപുരം വരെയുള്ള ടവർ ലൊക്കേഷനുകളിലായി 115 കോൾ ഡേറ്റ റെക്കോർഡുകളും പൊലീസ് പരിശോധിച്ചു. 76 പേരുടെ വിരലടയാളങ്ങൾ, വീടുകളിൽ സ്ഥിരം മോഷ്ടിക്കുന്ന 67 പേരുടെ മോഷണരീതി തുടങ്ങിയവയും പൊലീസ് വിലയിരുത്തി. 215 പേരെ ചോദ്യം ചെയ്തു. മോഷ്ടാവിനെ തേടി 35 ലോഡ്ജുകളിൽ കയറിയിറങ്ങി.
പാന്റ്സ് ഉടുക്കാത്ത ലിജേഷ്;തുമ്പായി സേർച് ഹിസ്റ്ററി
∙ നവംബർ 20ന് രാത്രി 8 മണിക്കും 8.45നും ഇടയിലായിരുന്നു മോഷണം. സിസിടിവി ദൃശ്യത്തിൽ പാന്റ്സ് ധരിച്ചയാളാണ് മോഷ്ടാവ്. അഷ്റഫിന്റെ വീട്ടിലെ ഒരു സിസിടിവിയിൽ അന്നു രാത്രി 9.30ന് ലിജേഷ് മുണ്ടുടുത്ത് റോഡിലൂടെ പോകുന്ന ദൃശ്യമുണ്ട്. അതു താനാണെന്നും മരുന്നുവാങ്ങാൻ പോയതാണെന്നും പൊലീസിനോടു സമ്മതിക്കുകയും ചെയ്തു. ലിജേഷ് പൊതുവെ പാന്റ്സ് ധരിക്കാറുമില്ല. എന്നാൽ, ലിജേഷിന്റെ ഫോൺ പരിശോധിച്ചപ്പോൾ സേർച് ഹിസ്റ്ററിയിൽ അധികവും മോഷണവുമായി ബന്ധപ്പെട്ടതായിരുന്നു.
മോഷണം നടന്ന അന്നും അടുത്തദിവസവും രാത്രി 9 മുതൽ അടുത്തദിവസം രാവിലെ 10 വരെ ഫോണിലേക്ക് കോളൊന്നും വന്നിരുന്നില്ല. എന്നാൽ ട്രാവൽ ഹിസ്റ്ററി കൃത്യമായി കാണിക്കുന്നുണ്ടായിരുന്നു. മൊബൈൽ ഫോൺ ഫ്ലൈറ്റ് മോഡിൽ ഇട്ടതാണെന്നു പൊലീസിനു മനസ്സിലായി. മോഷണം നടത്തിയ ദിവസം ധരിച്ച വസ്ത്രങ്ങൾ അന്നുരാത്രി തന്നെ വീടിന്റെ മുകൾനിലയിൽ കൊണ്ടുപോയി കത്തിച്ചതായി ലിജേഷ് പൊലീസിനോടു പറഞ്ഞു.
ക്യാമറ നൽകിയ പണി
∙ ഏഴു സിസിടിവി ക്യാമറകളുള്ള വീട്ടിൽ മോഷണത്തിനെത്തിയപ്പോൾ ലിജേഷ് പ്രഫഷനൽ മോഷ്ടാക്കൾ ചെയ്യുന്നതുപോലെ വീടിന്റെ ഇടതുഭാഗത്തുള്ള രണ്ടു ക്യാമറകളും താൻ പതിയാത്തവിധം തിരിച്ചുവച്ചു. പക്ഷേ, രണ്ടാമത്തെ ക്യാമറ തിരിച്ചുവച്ചത് ലിജേഷിനു തന്നെയുള്ള കെണിയായി. വീടിന്റെ അകത്തെ ദൃശ്യങ്ങൾ പതിയുന്ന വിധമായിരുന്നു ക്യാമറ തിരിച്ചുവച്ചത്. ഈ ക്യാമറയുടെ സമീപത്തുള്ള ജനലിന്റെ ഗ്രിൽ എടുത്തുമാറ്റി അകത്തുകടന്ന ലിജേഷിന്റെ ദൃശ്യം പുറത്തെ ക്യാമറയിൽ പതിയുന്നുണ്ടായിരുന്നു. ജനലിന്റെ കർട്ടൺ മാറ്റി പുറത്തേക്കു നോക്കിയതോടെ മോഷ്ടാവിന്റെ കഷണ്ടിയും മുഖത്തിന്റെ ഒരു ഭാഗവും ക്യാമറയിൽ പതിഞ്ഞു.
ഒപ്പം ശരീരഘടനയും രൂപവും വ്യക്തമായി. ഈ ദൃശ്യത്തിൽ പിടിച്ചാണ് അന്വേഷണസംഘം മുന്നോട്ടുപോയത്.7 സിസിടിവി ക്യാമറകളാണ് അഷ്റഫിന്റെ വീട്ടിലുള്ളത്. 3 എണ്ണം മുകളിലും 4 എണ്ണം താഴെയും. കാർ പാർക്കിങ് ഏരിയയിലെ ക്യാമറയിലാണ് ലിജേഷ് മതിൽ ചാടിയെത്തുന്ന ദൃശ്യം പതിഞ്ഞത്.
ഉളി മറന്നു; ഉള്ളിലായി; മടങ്ങിവന്നത് പൊലീസിന് നിർണായകസൂചനയായി
ജനൽ കുത്തിത്തുറക്കാൻ ഉപയോഗിച്ച ഉളി അഷ്റഫിന്റെ വീട്ടിൽവച്ച് ലിജേഷ് മറന്നുപോയിരുന്നു. ഇത് വീണ്ടെടുക്കാനാണ് പിറ്റേന്ന് വീണ്ടും വീട്ടിൽ കയറിയത്. 10 മിനിറ്റ് തിരഞ്ഞെങ്കിലും ഉളി കിട്ടിയില്ല. പക്ഷേ, അപ്പോഴും രണ്ടു ദിവസത്തിനിടയിലും ലിജേഷിന്റെ ഒരു വിരലടയാളം പോലും ആ വീട്ടിൽ പതിഞ്ഞിരുന്നില്ല. കീച്ചേരിയിലെ പഴയ മോഷണത്തിലെ വിരലടയാളവും പൊലീസ് കഴിഞ്ഞദിവസം ലിജേഷിൽനിന്നെടുത്ത സാംപിൾ വിരലടയാളവും സാമ്യമുണ്ടെന്നു കണ്ടെത്തിയതോടെയാണ് ലിജേഷിനു പിടിവീണത്.
മോഷണം നടത്താൻ ലിജേഷ് സ്വീകരിച്ചത് പ്രഫഷനൽ രീതിയാണെങ്കിലും ആൾ പ്രഫഷനൽ മോഷ്ടാവല്ലെന്നു പൊലീസിന് വ്യക്തമായിരുന്നു. പ്രഫഷനൽ മോഷ്ടാക്കൾ ഒരിക്കലും മോഷ്ടിച്ച വീട്ടിൽ ഉടൻ തന്നെ തിരിച്ചെത്തില്ല.വെൽഡിങ് തൊഴിലാളിയായ ലിജേഷ് 2006 മുതൽ 3 വർഷം ഗൾഫിലായിരുന്നു. പിന്നീടാണ് നാട്ടിലെത്തി സ്വന്തമായി വെൽഡിങ് യൂണിറ്റ് തുടങ്ങിയത്.
കീച്ചേരിയിൽ വെൽഡിങ് സ്ഥാപനമുണ്ടായിരുന്നു. അതിനടുത്തുള്ള ഒഴിഞ്ഞവീട് ശ്രദ്ധയിൽപ്പെട്ടതോടെ ആദ്യ മോഷണശ്രമം നടത്തി. സ്വത്തുകേസിൽ അടച്ചിട്ട വീടാണെന്നും അവിടെ ആരും എത്താറുമില്ലെന്നും അറിഞ്ഞ് ലിജേഷ് മോഷണം ആസൂത്രണം ചെയ്തു. വെൽഡിങ് ജോലിയായതിനാൽ ജനൽ തുറന്ന് ഗ്രിൽ നീക്കാൻ എളുപ്പമായിരുന്നു. എന്നാൽ ഈ കേസിൽ പിടിയിലാകാത്തത് വീണ്ടും മോഷണം നടത്താനുള്ള ധൈര്യം നൽകി. കഴിഞ്ഞ വർഷമായിരുന്നു കീച്ചേരിയിലെ മോഷണം.
അയൽവാസി അഷ്റഫിന്റെ വീട്ടിൽ പണവും സ്വർണവും ഉണ്ടാകുമെന്ന ഉറപ്പോടെയായിരുന്നു മോഷണം ആസൂത്രണം ചെയ്തത്. 19ന് വീട്ടിൽ വെളിച്ചമൊന്നുമില്ലെന്നുകണ്ടപ്പോൾ വീട്ടുകാർ ഇല്ലെന്നുറപ്പായി. 20ന് രാത്രിയും ആളില്ലെന്നു കണ്ട് അന്നുരാത്രിതന്നെ മോഷ്ടിക്കാൻ കയറുകയായിരുന്നു.