പരിയാരം മെഡിക്കൽ കോളജിൽ ബൈപാസ് തിയറ്ററുകൾ അടച്ചിട്ട് ഒരു വർഷം: 300 രോഗികൾ കാത്തിരിപ്പിൽ
Mail This Article
പരിയാരം∙ ഗവ.മെഡിക്കൽ കോളജ് കാർഡിയോളജി വിഭാഗത്തിലെ രണ്ട് ബൈപാസ് സർജറി തിയറ്ററുകൾ എത്രയും വേഗം തുറക്കണേയെന്നു പ്രാർഥിക്കുന്നത് 300 രോഗികൾ!. നവീകരണത്തിന്റെ പേരിൽ തിയറ്ററുകൾ ഒരു വർഷം മുൻപ് അടച്ചതോടെ, സർജറി നിർദേശിച്ച 300 രോഗികളാണ് ഡോക്ടറുടെ കുറിപ്പുമായി കാത്തിരിക്കുന്നത്. പരിയാരത്ത് ബൈപാസ് സർജറി ചെയ്യുന്ന രണ്ടു ഡോക്ടർമാർ ഉണ്ടായിട്ടും സർജറി തിയറ്ററുകൾ തുറക്കാത്തതിനെതിരെ പ്രതിഷേധമുണ്ട്. സർക്കാരിന്റെ സൗജന്യ ചികിത്സാ പദ്ധതികളിൽ കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളിലെ നിർധനരായ രോഗികളാണ് പരിയാരത്തെ കൂടുതൽ ആശ്രയിക്കുന്നത്.
നിലവിൽ ബൈപാസ് സർജറി വേണ്ടവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കാണു നിർദേശിക്കുന്നത്. എന്നാൽ അവിടെ ചെല്ലുമ്പോൾ നാലു മാസത്തിനു ശേഷമുള്ള തീയതിയാണ് സർജറിക്കു നൽകുന്നത്. ഇതോടെ വീണ്ടും ഇവിടെയെത്തുന്നവർക്കു മരുന്നുമാത്രം നൽകുകയാണ് ചെയ്യുന്നതെന്ന് രോഗികൾ പറഞ്ഞു. സർജറി തിയറ്ററുകൾ പ്രവർത്തനം തുടങ്ങിയാൽ ബൈപാസ് ചെയ്യാമെന്നു മാത്രമേ ഡോക്ടർമാർ പറയുന്നുള്ളൂ. എന്നു തുറക്കുമെന്ന് ഡോക്ടർമാർക്കും അറിയില്ല.
ആരോഗ്യമന്ത്രിയെയും ജനപ്രതിനിധികളെയും രോഗികളുടെ പ്രയാസം അറിയിച്ചെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ വേണ്ടിയാണ് തിയറ്ററുകൾ തുറക്കാത്തതെന്ന ആക്ഷേപവുമുണ്ട്. കഴിഞ്ഞ ദിവസം കഠിനമായ നെഞ്ചുവേദനയുമായി എത്തിയ രോഗിക്ക് ബൈപാസ് സർജറി ആവശ്യമായി വന്നപ്പോൾ ബന്ധുക്കൾക്ക് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു സർജറി നടത്തുകയായിരുന്നു.
തിയറ്റർ തുറക്കുന്നതും കാത്ത് ക്ഷമയോടെ
മലയോരത്തെ വീട്ടമ്മ ഹൃദ്രോഗത്തെ തുടർന്ന് എട്ടുമാസം മുൻപാണ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. ബൈപാസ് സർജറിയാണ് ഡോക്ടർമാർ നിർദേശിച്ചത്. എന്നാൽ സർജറി തിയറ്ററുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാകാത്തതിനാൽ സർജറി നീണ്ടു. പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ കാണിച്ചപ്പോൾ 2026 ഫെബ്രുവരിയിൽ സർജറി നടത്താനുള്ള തീയതിയാണു നൽകിയത്. അത്രയും നാൾ കാത്തിരിക്കുമ്പോഴേക്കും തന്റെ ജീവൻ അപകടത്തിലാകുമെന്നു ഭയന്ന് വീണ്ടും പരിയാരത്തെത്തി.
തിയറ്റർ തുറക്കുന്നതുവരെ മരുന്നു കഴിക്കാനാണ് ഡോക്ടർമാർ നിർദേശിച്ചതെന്ന് ഇവർ പറഞ്ഞു.വൻ സാമ്പത്തിക ബാധ്യത വരുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ സർജറി നടത്താൻ പറ്റാത്തതിനാൽ പരിയാരത്ത് അടച്ചിട്ട ബൈപാസ് സർജറി തിയറ്റർ തുറക്കുന്നതും കാത്തു കഴിയുകയാണ് വീട്ടമ്മയും കുടുംബവും.
സൗകര്യങ്ങളൊന്നുമില്ലെങ്കിലെന്താ,വൃക്ക മാറ്റിവയ്ക്കും!
സൗകര്യങ്ങളൊന്നുമൊരുക്കാതെ ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താൻ പോകുകയാണ് ആശുപത്രി അധികൃതർ. 15 വർഷം മുൻപ് പ്രഖ്യാപിച്ചതായിരുന്നു നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കിഡ്നി റിസർച് ആൻഡ് ട്രാൻസ്പ്ലാന്റ് സെന്റർ. 2009 സെപ്റ്റംബർ 6ന് അന്നത്തെ സഹകരണമന്ത്രി ജി.സുധാകരനാണ് സെന്ററിനു തറക്കല്ലിട്ടത്. എന്നാൽ കേന്ദ്ര സർക്കാർ സഹായം ലഭിക്കാതെ വന്നതോടെ സെന്റർ തറക്കല്ലിലൊതുങ്ങി. അതാണിപ്പോൾ പൊടിതട്ടിയെടുത്ത് വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയാ കേന്ദ്രം എന്ന പദ്ധതിയാക്കുന്നത്.
നിലവിൽ ഇതു തുടങ്ങാനുള്ള ഒരു സൗകര്യവും ഇവിടെ ഏർപ്പെടുത്തിയിട്ടില്ല. വൃക്കരോഗത്തിനു ചികിത്സിക്കുന്ന ഒരു നെഫ്രോളജിസ്റ്റായിരുന്നു ഉണ്ടായിരുന്നത്. തിങ്കൾ, ബുധൻ ആയിരുന്നു ഡോക്ടറുടെ ഒപി. കഴിഞ്ഞദിവസം കോഴിക്കോട് മെഡിക്കൽ കോളജ് വൃക്കരോഗ വിഭാഗം മേധാവി ഡോ.എം.ശ്രീലത ഇവിടെ വൃക്കരോഗ വിഭാഗം മേധാവിയായി ചുമതലയേറ്റു.