വാഹന പാർക്കിങ് കേന്ദ്രം ഇനി ക്യാമറ കണ്ണുകളിൽ; കള്ളം ഇനി കയ്യോടെ പിടിക്കും
Mail This Article
പഴയങ്ങാടി∙ തിരക്കേറിയ പഴയങ്ങാടി റെയിൽവേ സ്റ്റേഷനിലെ രണ്ടാം നമ്പർ പ്ലാറ്റ്ഫോമിന് സമീപത്തെ വാഹന പാർക്കിങ് കേന്ദ്രം ഇനി ക്യാമറ കണ്ണുകളിൽ. വാഹന പാർക്കിങ് കേന്ദ്രത്തിലേക്ക് വാഹനങ്ങൾ കയറി ഇറങ്ങുന്ന ഭാഗങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചത്. ഈ വാഹന പാർക്കിങ് കേന്ദ്രത്തിൽ നിന്ന് വ്യാപകമായി ബൈക്കുകളിൽനിന്ന് ഇന്ധനമൂറ്റുന്നതും.വാഹനങ്ങൾക്ക് കേടുപാട് വരുത്തുന്നതും ഹെൽമറ്റ് മോഷണം വ്യാപകമായതുമാണ് ഇവിടെ ക്യാമറകൾ സ്ഥാപിക്കാൻ നടപടിയായത്. വാഹന പാർക്കിങ് കേന്ദ്രത്തിലെ മോഷണത്തെക്കുറിച്ച് ചിത്രം സഹിതം മലയാള മനോരമ വാർത്ത നൽകിയിരുന്നു. ഇതാണ് ക്യാമറകൾ സ്ഥാപിക്കാനുള്ള നടപടിക്ക് വേഗം കൂട്ടിയത്.ആദ്യ ഘട്ടത്തിൽ 6 ക്യാമറകളാണ് സ്ഥാപിച്ചത്. വാഹനപാർക്കിങ് കേന്ദ്രം നടത്തിപ്പിനെടുത്തവരാണ് ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ഇതിനെക്കാൾ വാഹനപാർക്കിങ് തിരക്കുളള ഒന്നാം നമ്പർ പ്ലാറ്റ് ഫോമിലെ വാഹന പാർക്കിങ് കേന്ദ്രത്തിലും ക്യാമറകൾ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്.