തകർന്ന് തരിപ്പണമായി തിരുമേനി-ചാത്തമംഗലം റോഡ്
Mail This Article
ചെറുപുഴ ∙ തിരുമേനി-ചാത്തമംഗലം റോഡ് ഭാഗികമായി തകർന്നതോടെ വാഹനഗതാഗതം ദുസ്സഹമായി മാറി. മലയോര മേഖലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ തെരുവുമലയിൽ എത്താനുള്ള റോഡാണു തകർന്നത്.ഓട്ടോറിക്ഷകളെയും ഇരുചക്ര വാഹനങ്ങളെയും ആശ്രയിച്ചാണു പ്രദേശവാസികൾ യാത്ര ചെയ്യുന്നത്. എന്നാൽ കുത്തനെയുള്ള കയറ്റം നിറഞ്ഞ റോഡിന്റെ പല ഭാഗങ്ങളും തകർന്നതോടെ ചെറു വാഹനങ്ങൾക്കൊന്നും ഇതുവഴി യാത്ര ചെയ്യാൻ പറ്റാത്ത സ്ഥിതിയാണ്. നേരത്തെ ഒട്ടേറെ കുടുംബങ്ങൾ താമസിച്ചിരുന്ന പ്രദേശമായിരുന്നു ചാത്തമംഗലം.എന്നാൽ ഗതാഗതം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാതായതോടെ പല കുടുംബവും ഇവിടെ നിന്നു മറ്റു സ്ഥലങ്ങളിലേക്ക് താമസം മാറി. ചാത്തമംഗലം നിവാസികൾക്ക് തിരുമേനി ടൗണുമായി ബന്ധപ്പെടാനുള്ള ഏക മാർഗം ഈ റോഡാണ്. റോഡ് നവീകരിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നാണു വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരുടെ ആവശ്യം.