ടൂറിസ്റ്റ് ബസിലിടിച്ച് കാർ തലകീഴായി മറിഞ്ഞു; അപകടം ദേശീയപാതയിൽ കാപ്പിറ്റൽ മാളിനു സമീപം രാത്രി 11.45ന്
Mail This Article
കണ്ണൂർ ∙ ദേശീയപാതയിൽ കാപ്പിറ്റൽ മാളിനു സമീപം ടൂറിസ്റ്റ് ബസിനെ മറികടക്കുന്നതിനിടയിൽ നിയന്ത്രണം തെറ്റിയ കാർ ബസിലിടിച്ച് മറിഞ്ഞു. ഇന്നലെ രാത്രി 11.45 നാണ് അപകടം. കാർ ബസിനെ ഇടതു വശത്തുകൂടെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിലിടിച്ച് നിയന്ത്രണം തെറ്റി തലകീഴായി മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്നവർക്ക് നിസ്സാര പരുക്കേറ്റു.
ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാറിലേക്കു പോവുകയായിരുന്ന വിനോദ സഞ്ചാരികളാണ് ബസിൽ ഉണ്ടായിരുന്നത്. കാർ ക്രെയിൻ ഉപയോഗിച്ച് റോഡിൽ നിന്നു മാറ്റി. അപകടത്തെ തുടർന്ന് അൽപനേരം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. കണ്ണൂർ ടൗൺ എസ്ഐ വിനോദ് കുമാറും സംഘവും സ്ഥലത്തെത്തി ഗതാഗതതടസ്സം പരിഹരിച്ചു.
നിർത്തിയിട്ട ലോറിയുടെ പിറകിൽ പിക്കപ് വാനിടിച്ചു 2 പേർക്ക് പരുക്ക്
പാപ്പിനിശ്ശേരി ∙ കെഎസ്ടിപി റോഡ് ഇരിണാവ് കൊട്ടപ്പാലത്തിന് സമീപം റോഡരികിൽ നിർത്തിയിട്ട ലോറിയുടെ പിറകിൽ പിക്കപ് വാൻ ഇടിച്ചു 2 പേർക്ക് പരുക്കേറ്റു. ഇന്നലെ രാത്രി 7.30നാണ് അപകടം. പിക്കപ് വാനിലുണ്ടായിരുന്ന ചങ്ങനാശ്ശേരി സ്വദേശി സുബിൻ (38), രാജേഷ് (40) എന്നിവരെ പാപ്പിനിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സുബിന്റെ പരുക്ക് ഗുരുതരമാണ്. പിക്കപ് വാനിന്റെ മുൻഭാഗം പൂർണമായും തകർന്നു. ചെങ്കല്ല് കയറ്റി താമരശ്ശേരിയിലേക്കു പോകുന്ന ലോറി കൊട്ടപ്പാലം സർവീസ് സ്റ്റേഷന് സമീപം നിർത്തിയിട്ടതായിരുന്നു.നാട്ടുകാരാണ് വാഹനത്തിനുള്ളിൽ കുടുങ്ങിയവരെ ആശുപത്രിയിലെത്തിച്ചത്.
ബൈക്ക് യാത്രക്കാരന് കാറിടിച്ച് പരുക്ക്
കൊളച്ചേരി ∙ കൊളച്ചേരിമുക്ക് പെട്രോൾ പമ്പിനു സമീപം കാർ ബൈക്കിൽ ഇടിച്ച് ബൈക്കിൽ യാത്ര ചെയ്തിരുന്ന ബക്കളത്തെ മുഹമ്മദ് റഫീക്കിനു (36) പരുക്കേറ്റു. മത്സ്യ വ്യാപാരിയായ മുഹമ്മദ് റഫീക്കിനെ കാലിനേറ്റ പരുക്കുകളോടെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ ഭാഗത്ത് നിന്നും മയ്യിലിലേക്ക് വരികയായിരുന്നു കാർ. കരിങ്കൽക്കുഴി ഭാഗത്ത് നിന്നും കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്നു ബൈക്ക്. നിയന്ത്രണം വിട്ട കാർ ഇടിച്ച് റോഡരികിലെ വൈദ്യുതത്തൂണും തകർന്നു. ഇന്നലെ രാവിലെ 6.30നാണ് അപകടം.