അനുഗ്രഹ വഴിയിൽ, പ്രാർഥനകളോടെ
Mail This Article
എടൂർ ∙ ദൈവാനുഗ്രഹ നിറവിൽ കുടിയേറ്റത്തിന്റെ എട്ടര പതിറ്റാണ്ടിലേക്കു കാലെടുത്തുവച്ച വേളയിലാണ് എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയം ആർക്കിഎപ്പിസ്‌കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഉയരുന്നത്. ഇന്ന് വൈകിട്ട് 6.15നു തലശ്ശേരി ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി ഔദ്യോഗിക പ്രഖ്യാപനം നടത്തും. അതിരൂപതാ ചാൻസലർ ഫാ.ഡോ.ജോസഫ് മുട്ടത്തുകുന്നേൽ മെട്രോപ്പൊലിറ്റൻ കൂരിയ തീരുമാനത്തിന്റെ ഡിക്രി വായിക്കും. ആർച്ച് ബിഷപ്പിന്റെ നേതൃത്വത്തിൽ എടൂർ ഫൊറോനയിലെ മുഴുവൻ വൈദികരും ചേർന്നു കുർബാന അർപ്പിക്കും. പ്രഖ്യാപനത്തിനും തീർഥാടനയാത്രയ്ക്കും മുന്നോടിയായി വൈകിട്ട് 4 മുതൽ മരിയൻ സന്ധ്യയുണ്ടാകും.
പ്രഖ്യാപനത്തിനുശേഷം രാത്രി 7.45ന് അതിരൂപതയുടെ നേതൃത്വത്തിൽ ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്കു നടത്തുന്ന പ്രഥമൻ മരിയൻ തീർഥാടന യാത്രയ്ക്കു തുടക്കമാകും. തലശ്ശേരി അതിരൂപതയിൽ ഈ പദവിയിലേക്ക് ഉയർത്തപ്പെടുന്ന ആദ്യ ദേവാലയമാണ് എടൂർ. ഈ പദവിയിലേക്കെത്തുന്ന മലബാറിലെയും ആദ്യ തീർഥാടന കേന്ദ്രമാണിത്. അതിരൂപതയിൽ പരിശുദ്ധ മാതാവിന്റെ നാമധേയത്തിൽ സ്ഥാപിതമായ ആദ്യ ഇടവക ദേവാലയം കൂടിയാണ് എടൂർ സെന്റ് മേരീസ് ദേവാലയം. അന്നു മുതൽ ഇന്നു വരെ ഇവിടത്തെ ‘എടൂരമ്മ’യെ തേടി നാനാജാതി മതസ്ഥരാണ് എത്തുന്നത്, അനുഗ്രഹങ്ങൾ സ്വീകരിക്കുന്നത്.
‘എടൂർ പള്ളി; സർപ്പത്തെ തോൽപിച്ച മാതാവ് അടിസ്ഥാനം ഉറപ്പിച്ചത്’ ഫാ.സി.ജെ.വർക്കിയുടെ അനുസ്മരണ കുറിപ്പിലെ സാക്ഷ്യം
എടൂർ സെന്റ് മേരീസ് ഫൊറോന പള്ളിയുടെ തുടക്കകാലത്തു വികാരിയായിരുന്ന സി.ജെ.വർക്കിച്ചൻ ഇടവകയുടെ സുവർണജൂബിലി സ്മരണികയിൽ ‘ഞാൻ സ്നേഹിച്ച എടൂർ’ എന്ന ലേഖനത്തിൽ എടൂർ പള്ളിയുടെ സ്ഥാപനത്തെക്കുറിച്ചു പറയുന്നത് അറിവിന്റെ ചരിത്രവും വിശ്വാസത്തിന്റെ നേർസാക്ഷ്യവുമാണ്. പള്ളി സ്ഥാപിച്ചത് സർപ്പത്തിന്റെ തല തകർത്ത ശേഷമാണ്. ഭൗതികമായി സംഭവിച്ച ഈ ചരിത്രം ആത്മീയമായി വിശകലനം ചെയ്യുമ്പോൾ തിന്മയുടെ പ്രതീകത്തെ ഉന്മൂലനം ചെയ്ത ശേഷമാണ് ഇന്നു കാണുന്ന ദേവാലയം സ്ഥാപിക്കപ്പെട്ടതെന്ന ദൈവാനുഭവവമാണു വിശ്വാസി ജനതയ്ക്കുള്ളത്.
ഫാ.സി.ജെ.വർക്കിയുടെ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ
പള്ളിക്കും സ്‌കൂളിനും വേണ്ടി ഒരു കെട്ടിടം ഉണ്ടാക്കണമെന്നു ഞാൻ നിർദേശിച്ചു. യോഗം കൂടി. അന്നു സ്‌കൂളും പള്ളിയുമെല്ലാം ആയിരുന്നതു ഞാവള്ളിക്കാരുടെ തോട്ടത്തിലെ ഒരു കുന്നിൻപുറത്തുള്ള പച്ചക്കട്ട കൊണ്ടു കുറച്ചുമാത്രം മറച്ചിരുന്ന ഷെഡിലായിരുന്നു. അതു തീരെ അപര്യാപ്തമായിരുന്നതിനാലാണു പുതിയ കെട്ടിടം വേണ്ടിവന്നത്. യോഗത്തിൽ കരിക്കോട്ടക്കരി ഭാഗത്തുള്ളവർ പ്രത്യേകിച്ച്, കാവുങ്കൽ ഉലഹന്നാൻ ചേട്ടൻ പള്ളി പണിയുമ്പോൾ ഇടവകയുടെ മധ്യഭാഗത്തു പണിയണമെന്ന് അഭിപ്രായപ്പെട്ടു. അപ്പോഴുള്ള സ്ഥലം ഇടവകയുടെ ഒരു മൂലയ്ക്കാണെന്ന് ഞാൻ സമ്മതിച്ചു. സ്ഥലം നോക്കി ഇടവകയുടെ തലങ്ങും വിലങ്ങും നടന്നു. മധ്യസ്ഥലം ഇപ്പോഴത്തെ സെമിത്തേരിക്കുന്നാണെന്നു കണ്ടുപിടിച്ചു. അപ്പോൾ അതിനടുത്ത് 5 ഏക്കർ സ്ഥലം വേണമെന്നും ആരു തരുമെന്നും ആലോചനയായി.
തെയ്യംപാടിക്കാർ 5 ഏക്കർ സ്ഥലം തരാമെന്നു സമ്മതിച്ചു. അങ്ങനെ നാലുപേർ കൂടിയാണെന്നു തോന്നുന്നു, 5 ഏക്കർ സ്ഥലം സംഭാവനയായി നൽകി. പുതിയ സ്ഥലം വെട്ടിത്തെളിച്ചപ്പോൾ അവിടെ വെട്ടുകല്ലും കരിങ്കല്ലുമൊക്കെ ഉണ്ടെന്നു മനസ്സിലായി. ഉത്സാഹപൂർവം പുതിയ പള്ളിക്കെട്ടിടത്തിന്റെ പണി ആരംഭിച്ചു. മാതാവിന്റെ നാമത്തിൽ പള്ളിക്കു തറക്കല്ലിടുന്നതിനു മുൻപുയർന്ന മരങ്ങളുടെ ശിഖരങ്ങളിൽ കൂടി പോയിരുന്ന ഒരു ഭയങ്കര സർപ്പത്തെ യുവാക്കളെല്ലാം കൂടി തോട്ടി കെട്ടി വലിച്ചു താഴെയിട്ടു തല്ലിക്കൊന്നു. അതു കരിവെഴലയാണെന്നു ചിലരും കരിമൂർഖനാണെന്നു മറ്റു ചിലരും അഭിപ്രായപ്പെട്ടു. ഏതായാലും വളരെ നീളമുള്ള കറുത്ത പാമ്പായിരുന്നത്. അതിനെ കൊന്ന ശേഷമാണു തറക്കല്ലിട്ടത്. അങ്ങനെ ആദ്യം സർപ്പത്തെ തോൽപിച്ചിട്ടാണു മാതാവ് അവിടെ അടിസ്ഥാനം ഉറപ്പിച്ചത്.
തേജസ്സാർന്ന് എടൂരമ്മയുടെ തിരുസ്വരൂപം
എടൂർ പള്ളിയിൽ വിശ്വാസികൾക്ക് ഏറെ പ്രിയപ്പെട്ടതാണു പരിശുദ്ധ അമ്മയുടെ തേജസ്സാർന്ന തിരുസ്വരൂപം. പള്ളി സ്ഥാപനം പോലെ ഈ തിരുസ്വരൂപം സംബന്ധിച്ചും ചരിത്രപരമായ പ്രാധാന്യമുണ്ട്. 1947-49 കാലഘട്ടത്തിൽ ഇടവക വികാരിയായി സേവനമനുഷ്ഠിച്ചിരുന്ന ഫാ.സി.ജെ.വർക്കിയുടെ കാലഘട്ടത്തിലാണു തിരുസ്വരൂപം സ്ഥാപിക്കുന്നത്. മലയോരങ്ങളിൽ കുടിയേറ്റത്തിന്റെ തുടക്ക കാലഘട്ടത്തിലെ കഷ്ടപ്പാടുകൾക്കിടയിൽ ദൈവദൂതനെപോലെ സഹായിയായി ഉണ്ടായിരുന്ന ഇറ്റാലിയൻ മിഷനറി ടഫ്രേലച്ചനാണു മാതാവിന്റെ തിരുസ്വരൂപം എടൂർ പള്ളിക്കു നൽകിയത്.
പള്ളിക്കെട്ടിടത്തിന് ഓടും വാങ്ങി നൽകിയത് അദ്ദേഹമാണ്. ടഫ്രേലച്ചന് ഒരു അമേരിക്കൻ പൗരനാണു മാതാവിന്റെ തിരുസ്വരൂപം വാങ്ങാനുള്ള പണം സംഭാവനയായി നൽകിയത്. അമേരിക്കൻ പൗരൻ ദർശനത്തിൽ കണ്ട വിധത്തിലുള്ള രൂപമാണ് എടൂരിൽ സ്ഥാപിച്ചിട്ടുള്ളത്. ഈ രൂപം എടൂർ വഴി മറ്റൊരു സ്ഥലത്തേക്കു കൊണ്ടുപോകുമ്പോൾ രൂപവുമായി വന്ന വാഹനം എടൂരിൽ നിന്നുപോവുകയായിരുന്നെന്നും എത്ര ശ്രമിച്ചിട്ടും വണ്ടി മുന്നോട്ടു നീങ്ങിയില്ലെന്നും ഇതേത്തുടർന്ന് മാതാവ് എടൂരിൽ അനുഗ്രഹം ചൊരിയട്ടെ എന്നുപറഞ്ഞു പരിശുദ്ധ അമ്മയുടെ തിരുസ്വരൂപം എടൂർ പള്ളിക്ക് നൽകിയതെന്നും കഥയുണ്ട്.
എടൂർ ഇടവക ഒറ്റനോട്ടത്തിൽ:
∙തലശ്ശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവക
∙70 വാർഡ് കുടുംബ യൂണിറ്റുകളിലായി 1500 കുടുംബങ്ങൾ
∙100 വൈദികർ
∙300 സിസ്‌റ്റേഴ്സ്
∙നഴ്‌സറി മുതൽ ഹയർ സെക്കൻഡറി വരെ സ്‌കൂളുകൾ
∙3 കോൺവന്റുകൾ
∙വികാസ് ഭവൻ സ്‌പെഷൽ സ്‌കൂൾ
∙എടൂർ ടൗൺ അൽഫോൻസാ കപ്പേള
∙കോളിക്കടവിൽ ഉണ്ണിമിശിഹാ പള്ളി
∙നെടുമുണ്ടയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടനാലയം
∙സജീവമായ ഭക്ത സംഘടനകൾ
∙സാമൂഹിക സംഘടനകൾ
∙ഫൊറോനയിൽ 9 ഇടവകകൾ
തീർഥാടനകേന്ദ്രം ആകുന്നതോടെ കൈവരിക്കുന്ന പ്രത്യേകതകൾ
∙തീർഥാടനകേന്ദ്രം സന്ദർശിക്കുമ്പോൾ സഭ വാഗ്ദാനം ചെയ്തിട്ടുള്ള മധ്യസ്ഥാനുഗ്രഹങ്ങൾ
∙ പൂർണ ദണ്ഡവിമോചനം
തിരുക്കർമങ്ങളിലും മാറ്റം
∙എല്ലാ ശനിയാഴ്ചകളിലും ദേവാലയത്തിൽ മൂന്നു വിശുദ്ധ കുർബാനയും പരിശുദ്ധകന്യകാമറിയത്തോടുള്ള നൊവേനയും കുമ്പസാരത്തിനുള്ള സൗകര്യവും ക്രമീകരിക്കും.
ദൈവകൃപയുടെ എട്ടര പതിറ്റാണ്ട്
എടൂർ ∙ വളക്കൂറുള്ള മണ്ണും കൂടുതൽ ഭൂമിയും തേടിയെത്തിയ ജനത അധ്വാനശേഷികൊണ്ടും കൂട്ടായ്മകൊണ്ടും രചിച്ച ഇതിഹാസമാണു മലബാർ കുടിയേറ്റം. ഈ ചരിത്ര പ്രയാണത്തിൽ 1939-40 കാലഘട്ടത്തിലാണ് എടൂരിൽ കുടിയേറ്റക്കാരെത്തിയത്. ആദ്യ കാലഘട്ടം മുതൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ അനുഗ്രഹ മധ്യസ്ഥതയിൽ ഉറച്ചുവിശ്വസിച്ച പൂർവികരുടെ കൈത്തഴമ്പിലും ആത്മീയതയിലും കൈവരിച്ചതാണ് ഇന്നത്തെ എടൂരിന്റെ നേട്ടങ്ങളത്രയും. ദൈവപരിപാലനയുടെ ചരിത്രവഴികളിൽ എട്ടര പതിറ്റാണ്ടിലേക്കു കാൽവയ്ക്കുന്ന ഈ അവസരത്തിലും വിശ്വാസം കൈവിടാത്ത തലമുറയാണ് എടൂർ ഇടവകയുടെ നേട്ടം.
എടൂരിലെ മാതൃ ശിശു സംരക്ഷണ കേന്ദ്രവും ആറളം വില്ലേജ് ഓഫിസും എടൂർ ബസ് കാത്തിരിപ്പ് കേന്ദ്രവും ടൗൺ മേഖലയിൽ മലയോര ഹൈവേ റോഡും പള്ളി സംഭാവന ചെയ്ത സ്ഥലത്താണു സ്ഥാപിച്ചിട്ടുള്ളത്. ടൗണിന്റെ വളർച്ചയ്ക്കു നിർണായകമായ നാലു വ്യാപാര സമുച്ചയങ്ങളും പള്ളി വകയാണ്. കോൺവന്റും വിദ്യാഭ്യാസ സ്ഥാപനങ്ങളും അനുബന്ധ പ്രസ്ഥാനങ്ങളും എടൂരിന്റെ അനുഗ്രഹമാണ്. ഇന്നു കാണുന്ന മാടത്തിൽ - കീഴ്പ്പള്ളി റോഡ്, ആനപ്പന്തി റോഡ്, കോളിക്കടവ് പാലം എന്നിവ ആദ്യകാല കുടിയേറ്റ സമൂഹം ഒത്തൊരുമയോടെ പ്രവർത്തിച്ചു സാധ്യമാക്കിയ നേട്ടങ്ങളിൽ ചിലതു മാത്രമാണ്.
∙ആദ്യകാല കുടിയേറ്റക്കാർ തങ്ങളുടെ ആത്മീയാവശ്യത്തിനായി പേരാവൂർ പള്ളിയെയാണ് ആശ്രയിച്ചിരുന്നത്. പൊതിച്ചോറുമായി കുടിയേറ്റക്കാർ എല്ലാ ശനിയാഴ്ചയും കാൽനടയായി തൊണ്ടിയിൽ പോയി താമസിച്ചാണു ഞായറാഴ്ച കുർബാനയിൽ സംബന്ധിച്ചിരുന്നത്.
1943ൽ പേരാവൂർ പള്ളിക്കു സ്ഥിരം വികാരിയായി നിയമിച്ച ഫാ.ജോസഫ് കുത്തൂരാണ് എടൂരിൽ വന്ന് ഇവിടെയുള്ള ആളുകൾക്കായി വലിയപറമ്പിൽ കുട്ടിയുടെ വീട്ടുമുറ്റത്തു പന്തലിട്ട് ആദ്യ ബലിയർപ്പിച്ചത്. 1943 മുതൽ ഇന്നത്തെ സെമിത്തേരി സ്ഥിതി ചെയ്യുന്ന സ്ഥലത്തു താൽക്കാലിക ഷെഡ് കെട്ടി എല്ലാ ഞായറാഴ്ചകളിലും പേരാവൂരിൽനിന്നു നടന്നുവന്ന് കുത്തൂരച്ചൻ ബലിയർപ്പണം നടത്തിയിരുന്നു.
∙1946ൽ കോഴിക്കോട് മെത്രാനായിരുന്ന ഡോ.ലിയോ പ്രൊസെർപ്പിയോ എടൂർ ഇടവക സ്ഥാപിക്കുകയും പ്രഥമ വികാരിയായി കുടക്കച്ചിറ കുര്യാക്കോസച്ചനെ നിയമിക്കുകയും ചെയ്‌തെങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ സ്ഥലം മാറിപ്പോയി.
1947 ജൂൺ 24നു ഫാ.സി.ജെ.വർക്കി എടൂരിന്റെ വികാരിയായെത്തി. 1949ൽ ഫാ.സി.ജെ.വർക്കി സ്ഥലം മാറുകയും ഫാ.ജോസഫ് കട്ടക്കയം വികാരിയായി നിയമിക്കപ്പെടുകയും ചെയ്തു. 1953 ഡിസംബർ 31നു തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ എടൂർ ഇടവക തലശ്ശേരി രൂപതയ്ക്കു കീഴിലായി.
∙1954 ജൂലൈയിൽ ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ ആദ്യ വികാരിയായി. 1957ൽ ഫാ.ഫ്രെഡറിക് സിഎംഐ കുറച്ചു മാസത്തേക്ക് എടൂരിന്റെ നേതൃത്വം വഹിച്ചു. 1959ൽ വികാരിയായി ഫാ.ഏബ്രഹാം മൂങ്ങാമാക്കൽ നിയമിക്കപ്പെട്ടു. 1965ൽ ജോസഫ് കൊല്ലംപറമ്പിലച്ചൻ വികാരിയായി നിയമിക്കപ്പെട്ടു. കൊല്ലംപറമ്പിലച്ചനാണു എടൂരിൽ ഇന്നുള്ള മനോഹരമായ ദേവാലയം പണികഴിപ്പിച്ചത്.
∙1966 ഏപ്രിൽ 10നു തറക്കല്ലിട്ട ദേവാലയം 1970 മേയ് 12നു തലശ്ശേരിയുടെ പ്രഥമ ബിഷപ് മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി കൂദാശ ചെയ്തു. കൊല്ലംപറമ്പിലച്ചന്റെ പൗരോഹിത്യ സുവർണ ജൂബിലിയും ഇടവകയുടെ രജതജൂബിലിയും ആ വർഷം ആഘോഷിച്ചു. 1972ൽ ഫാ.പീറ്റർ കൂട്ടിയാനി എടൂരിന്റെ വികാരിയായെത്തി. ഈ പ്രദേശത്തെ ഇരിട്ടി പട്ടണവുമായി ബന്ധിപ്പിക്കുന്ന കോളിക്കടവ് പാലം അച്ചന്റെ നേതൃത്വത്തിലുള്ള വികസന സമിതിയുടെ നിരന്തരമായ പ്രവർത്തനഫലമായി അനുവദിച്ചുകിട്ടിയതാണ്.
∙1993ൽ ഫാ.കുര്യാക്കോസ് കവളക്കാട്ട് വികാരിയായി. ഇടവകയുടെ സുവർണ ജൂബിലി 1996ൽ ആഘോഷിച്ചത് അച്ചന്റെ നേതൃത്വത്തിലാണ്. 1999 മേയിൽ ഫാ.ആന്റണി പുരയിടം വികാരിയായി. 2016ൽ വികാരിയായി നിയമിക്കപ്പെട്ട ഫാ.ആന്റണി മുതുകുന്നേലിന്റെ കാലത്താണ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത്.
∙2022 മേയ് മുതൽ ഫാ.തോമസ് വടക്കേമുറിയിലാണ് എടൂരിന്റെ വികാരി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇടവകയ്ക്കു കീഴിലുള്ള നെടുമുണ്ടയിലെ വിശുദ്ധ യൂദാശ്ലീഹായുടെ തീർഥാടന കേന്ദ്രം പുനർനിർമിച്ചു കഴിഞ്ഞ ദിവസം വെഞ്ചരിച്ചിരുന്നു. എടൂരിന്റെ ആത്മീയവും ഭൗതികവും വിദ്യാഭ്യാസപരവുമായ പുരോഗതി ഈ നാടിന്റെ വികസനത്തിന്റെയും മതസൗഹാർദത്തിന്റെയും ചരിത്രവും കൂടിയാണ്. 1500 കുടുംബങ്ങൾ ഇടവകയിലുണ്ട്. ഫാ.തോമസ് പൂകമലയാണ് ഇപ്പോഴത്തെ അസി.വികാരി.
കരുണയുടെ മുഖമായി 17 വീടുകൾ
എടൂർ ∙ കാരുണ്യ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകുന്ന എടൂരിൽ ഇടവകയുടെ നേതൃത്വത്തിൽ മാതൃകാപരമായ വിവിധ പ്രവർത്തനങ്ങളും നടത്തുന്നുണ്ട്. പ്ലാറ്റിനം ജൂബിലി, മാർ സെബാസ്റ്റ്യൻ വള്ളോപ്പിള്ളി ഭവന നിർമാണ പദ്ധതിയുടെ എന്നീ പദ്ധതികളുടെ ഭാഗമായി ഇതിനകം 17 കുടുംബങ്ങൾക്കു മനോഹരമായ സ്നേഹവീടൊരുക്കാൻ സാധിച്ചിട്ടുണ്ട്. മതസൗഹാർദത്തിന്റെ പ്രതീകമായി ഇതര മതവിഭാഗത്തിൽപെട്ടയാളും സ്നേഹവീട് പദ്ധതിയുടെ ഗുണഭോക്താവായി. നിർധന വിദ്യാർഥികൾക്കു പഠനസഹായം ഉറപ്പാക്കാൻ ലക്ഷ്യമിട്ടുള്ള പ്ലാറ്റിനം ജൂബിലി സ്മാരക നിധി ഉപയോഗപ്പെടുത്തി 2 വർഷമായി ഒട്ടേറെ വിദ്യാർഥികൾക്ക് ഉപരിപഠന സഹായം നൽകി.
തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഇരിട്ടി എയ്ഞ്ചൽ ഡയാലിസിസ് സെന്റർ മുഖേനെ നിർധന രോഗികൾക്കുള്ള സഹായമുൾപ്പെടെ ഒട്ടേറെ കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. മുപ്പത്തിയഞ്ചോളം രോഗികൾക്ക് എല്ലാ മാസവും ഡയാലിസിസ് നടത്താൻ സാമ്പത്തിക സഹായം നൽകുന്ന സമരിറ്റൻ കിഡ്‌നി ഡയാലിസിസ് ഹെൽപ് ഗ്രൂപ്പും എടൂരിന്റെ മുതൽക്കൂട്ടാണ്.
‘എടൂരമ്മേ’ വിളികളുമായി ഭക്തർ ഒഴുകിയെത്തും
എടൂർ∙ ആർക്കിഎപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി ഔദ്യോഗിക പ്രഖ്യാപനം വരുന്നതോടെ ‘എടൂരമ്മേ’ എന്ന വിളികളുമായി വിവിധ ദേശങ്ങളിൽ നിന്നു മരിയൻ ഭക്തർ എടൂരിലേക്ക് ഒഴുകിയെത്തും. കുടിയേറ്റത്തിന്റെ എട്ടര പതിറ്റാണ്ടിലേക്കു കടക്കുമ്പോഴാണു തലശ്ശേരി അതിരൂപതയിലെ ആദ്യ ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രമായി എടൂരിനെ ഉയർത്താനുള്ള തീരുമാനം അതിരൂപതാ ആസ്ഥാനത്തു നിന്നുണ്ടാകുന്നത്. നിലവിൽ 9 ഇടവകകളുള്ള ഫൊറോനയാണ് എടൂർ. തലശ്ശേരി അതിരൂപതയിലെ ഏറ്റവും വലിയ ഇടവകയും. നൂറോളം വൈദികരും മുന്നൂറോളം സിസ്റ്റേഴ്‌സും എടൂരിൽ നിന്ന് തിരുസഭയുടെ സേവനത്തിനായി ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മലബാറിലെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന ദേവാലയമായി മാറുമ്പോൾ തീർഥാടകരെ സ്വീകരിക്കാൻ ഇടവക ഒരുങ്ങിക്കഴിഞ്ഞു.
ആവശ്യമായ കൂടുതൽ ആത്മീയ സൗകര്യങ്ങൾ ഇടവക സമൂഹവുമായി ചേർന്നു നടപ്പാക്കുമെന്നും ഇതിനായി പ്രത്യേക പൊതുയോഗം ഉൾപ്പെടെ വിളിച്ചു ചേർക്കുമെന്നും വികാരി ഫാ. തോമസ് വടക്കേമുറിയിൽ പറഞ്ഞു. ഔദ്യോഗികമായി തീർഥാടന കേന്ദ്രം ആകുന്നതോടെ തീർഥാടന കേന്ദ്രം സന്ദർശിക്കുമ്പോൾ പൂർണ ദണ്ഡവിമോചനം ഉൾപ്പെടെ സഭ വാഗ്ദാനം ചെയ്തിട്ടുള്ള മധ്യസ്ഥാനുഗ്രഹങ്ങൾ ലഭിക്കും. ആർക്കി എപ്പിസ്കോപ്പൽ മരിയൻ തീർഥാടന കേന്ദ്രം പ്രഖ്യാപനത്തിനു ശേഷമുള്ള മാതാവിന്റെ പ്രഥമ തിരുനാൾ ഡിസംബർ 27 മുതൽ ജനുവരി 5 വരെ നടക്കും.
െചമ്പേരിയിലേക്ക് ഇന്ന് മരിയൻ തീർഥാടനം
തലശ്ശേരി∙ മലബാറിലെ ഏറ്റവും വലിയ മരിയൻ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ഇന്നു രാത്രി വിവിധ ഫൊറോനാ കേന്ദ്രങ്ങളിൽ നിന്ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിലേക്ക് ജപമാല ചൊല്ലി കാൽനടയായി പതിനായിരത്തിലധികം വിശ്വാസികൾ തീർഥാടന യാത്രയിൽ പങ്കെടുക്കും.
∙ഇന്നു വൈകിട്ട് നാലിന് എടൂർ സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിയാരം മദർ ഹോം ധ്യാനകേന്ദ്രം ഡയറക്ടർ റവ.ഫാ.ജയിംസ് പുത്തൻനടയിൽ മരിയൻ സന്ധ്യയ്ക്കു നേതൃത്വം നൽകും. തുടർന്ന് 6.30ന് നടക്കുന്ന കുർബാനയിൽ തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി എടൂർ സെന്റ് മേരീസ് ഫൊറോനാ ദേവാലയത്തെ ആക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കും. തുടർന്ന് രാത്രി 7.45ന് ചെമ്പേരിയിലേക്കു തീർഥാടനം ആരംഭിക്കും.
∙കുന്നോത്ത് ഫൊറോനായിലെ തീർഥാടകർ മാടത്തിൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ സമ്മേളിച്ച്, എടൂരിൽ നിന്നു വരുന്ന തീർഥാടക സംഘത്തിന്റെ ഒപ്പം ചേരും.
∙മണിക്കടവ് സെന്റ് തോമസ് ഫൊറോന ദേവാലയത്തിൽ നിന്നുള്ള തീർഥാടന സംഘം രാത്രി 7.30 പുറപ്പെടും. എടൂരിൽ നിന്നും മണിക്കടവിൽ നിന്നും വരുന്ന തീർഥാടക സംഘങ്ങൾ ഉളിക്കൽ ഉണ്ണി മിശിഹാ ദേവാലയത്തിൽ രാത്രി പത്തിനു സംഗമിക്കും. തുടർന്ന്, പയ്യാവൂർ കണ്ടകശേരി പള്ളിയിൽ എത്തിച്ചേരും.
∙പൈസക്കരി ഫൊറോനയിലെ തീർഥാടകർ ശനി പുലർച്ചെ രണ്ടിന് ചെമ്പേരിയിലേക്കു പുറപ്പെടും.
∙ചെമ്പൻതൊട്ടി സെന്റ് ജോർജ് ഫൊറോനാ ദേവാലയത്തിൽ ഇന്നു വൈകിട്ട് ആറിന് മരിയൻ സന്ധ്യ ആരംഭിക്കും. തലശ്ശേരി അതിരൂപത പ്രൊക്യുറേറ്റർ ഫാ.ജോസഫ് കാക്കരമറ്റത്തിൽ നേതൃത്വം നൽകും. ശനിയാഴ്ച പുലർച്ചെ 4,30ന് ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ എത്തിച്ചേരും.
∙ആലക്കോട് സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തലശ്ശേരി അതിരൂപത ചാൻസലർ ഫാ.ജോസഫ് മുട്ടത്തുകുന്നേൽ മരിയൻ സന്ധ്യയ്ക്കു നേതൃത്വം നൽകും. രാത്രി ഒൻപതിന് തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ.ആന്റണി മുതുകുന്നേലിന്റെ കാർമികത്വത്തിലുള്ള കുർബാനയ്ക്കു ശേഷം രാത്രി 10.30ന് തീർഥാടനം ആരംഭിക്കും.
∙വായാട്ടുപറമ്പ് സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിൽ തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ.സെബാസ്റ്റ്യൻ പാലാക്കുഴി മരിയൻ സന്ധ്യയ്ക്കും കുർബാനയ്ക്കും നേതൃത്വം നൽകും.
തുടർന്ന് ആലക്കോട് നിന്നുള്ള സംഘത്തിനൊപ്പം തീർഥാടനം തുടങ്ങും. പുലിക്കുരുബ സെന്റ് അഗസ്റ്റിൻ ദേവാലയത്തിലെ വിശ്രമത്തിനുശേഷം ശനിയാഴ്ച പുലർച്ചെ 4.30ന് ചെമ്പേരിയിൽ എത്തിച്ചേരും.
∙ചെമ്പേരി ലൂർദ് മാതാ ബസിലിക്കയിൽ ഇന്നു രാത്രി എട്ടു മുതൽ മരിയൻ സന്ധ്യ ആരംഭിക്കും. തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺ.മാത്യു ഇളംതുരുത്തിപ്പടവിലും ഫാ.ലൂയി മരിയദാസ് മേനാച്ചേരിയും നേതൃത്വം നൽകും.
∙ശനിയാഴ്ച രാവിലെ അഞ്ചിന് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാർമികത്വത്തിൽ തീർഥാടകർക്കായി കുർബാനയർപ്പിക്കും. തലശ്ശേരി അതിരൂപതയിലെ മുഴുവൻ കുടുംബങ്ങളെയും പരിശുദ്ധ കന്യകാമറിയത്തിന്റെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുന്ന ചടങ്ങുമുണ്ടായിരിക്കും. ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടർ ഡോ.ജോർജ് കാഞ്ഞിരക്കാട്ട്, അസി.വികാരി റവ.ഫാ.ചെമ്പകശ്ശേരി, ബസിലിക്ക കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും. ആലക്കോട് ഫൊറോന വികാരി ഫാ.ആന്റണി പുന്നൂർ, എടൂർ ഫൊറോന വികാരി ഫാ.തോമസ് വടക്കേമുറിയിൽ, കുന്നോത്ത് ഫൊറോന വികാരി ഫാ.സെബാസ്റ്റ്യൻ മൂക്കിലിക്കാട്ട്, നെല്ലിക്കാം പൊയിൽ ഫൊറോന വികാരി ഫാ.ജോസഫ് കാവനാടി, വയനാട്ടുപറമ്പ് ഫൊറോന വികാരി ഫാ.തോമസ് തെങ്ങുംപള്ളിൽ, മണിക്കടവ് ഫൊറോന വികാരി ഫാ.പടിഞ്ഞാറേമുറിയിൽ, ചെമ്പന്തൊട്ടി ഫൊറോന വികാരി ഫാ.ആന്റണി മഞ്ഞളാംകുന്നേൽ, പൈസക്കരി ഫൊറോന വികാരി ഫാ.നോബിൾ ഓണംകുളം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ ഫൊറോന കേന്ദ്രങ്ങളിൽ മരിയൻ തീർഥാടനത്തിനുള്ള ഒരുക്കങ്ങൾക്കു നേതൃത്വം നൽകും.
അനുഗ്രഹമായി വൈദിക സമൂഹം
∙തലശ്ശേരി അതിരൂപതയിലെ ഏറ്റവും പ്രമുഖ കുടിയേറ്റ മേഖലയായി വളർന്ന്, ഇന്ന് ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രം പദവിയിലേക്കുയരുമ്പോൾ എടൂരിന് അനുഗ്രഹമായതു തുടക്കകാലം മുതൽ ഇടവകയെ നയിച്ച വൈദീകരുടെ കരുത്തുറ്റ നേതൃത്വമാണ്. 1942ൽ പേരാവൂരിൽ നിന്നു ഫാ. ജോസഫ് കുത്തൂർ നടന്നു വന്നു എടൂരിന്റെ മണ്ണിൽ ആദ്യമായി കുർബാന അർപ്പിച്ചു. തുടർന്നു ഫാ. കുര്യാക്കോസ് കുടക്കച്ചിറയും എടൂരിലെത്തി കുർബാന അർപ്പിച്ചു. 1946ൽ കോഴിക്കോട് മെത്രാനായിരുന്ന ഡോ. ലിയോ പ്രൊസെർപ്പിയോ എടൂർ ഇടവക സ്ഥാപിക്കുകയും 1947 ജൂൺ 24 ന് സ്ഥിരം വികാരിയായി ഫാ. സി.ജെ.വർക്കിയെ നിയമിക്കുകയും ചെയ്തു. 1949ൽ ഫാ.ജോസഫ് കട്ടക്കയം വികാരിയായി നിയമിതനായി. 1953 ഡിസംബർ 31ന് തലശ്ശേരി രൂപത സ്ഥാപിതമായപ്പോൾ എടൂർ ഇടവക തലശ്ശേരി രൂപതയിലായി.
1954 ജൂലൈയിൽ ഫാ.സെബാസ്റ്റ്യൻ ഇളംതുരുത്തിയിൽ തലശ്ശേരി രൂപതയിൽ നിന്നുള്ള പ്രഥമ വികാരിയായി. ഫാ.ഫെഡറിക് സിഎംഐ, ഫാ.ഏബ്രാഹം മൂങ്ങാമാക്കൽ, ഫാ.ജോസഫ് കൊല്ലംപറമ്പിൽ എന്നിവർ തുടർന്നു വികാരിമാരായി. ഫാ.ജോസഫ് കൊല്ലംപറമ്പിലിന്റെ ശ്രമഫലമായി 1970ലാണ്് ഇന്നു കാണുന്ന പളളി നിർമിച്ചത്.ഫാ. പീറ്റർ കുട്ടിയാനി, ഫാ.ജോൺ കടുകംമാക്കൽ, ഫാ.സഖറിയാസ് കട്ടയ്ക്കൽ, ഫാ.വർക്കി കുന്നപ്പള്ളി, ഫാ.തോമസ് നിലയ്ക്കപ്പള്ളി, ഫാ.ജോർജ് കൊല്ലക്കൊമ്പിൽ, ഫാ.കുര്യാക്കോസ് കവളക്കാട്ട്, ഫാ.ആന്റണി പുരയിടം, ഫാ.ഇമ്മാനുവൽ പൂവത്തിങ്കൽ, ഫാ.ആൻഡ്രൂസ് തെക്കേൽ, ഫാ.ആന്റണി മുതുകുന്നേൽ എന്നിവരും വികാരിമാരായിരുന്നു. നിലവിൽ ഫാ.തോമസ് വടക്കേമുറിയിൽ വികാരിയും ഫാ.തോമസ് പൂകമല അസിസ്റ്റന്റ് വികാരിയുമാണ്.