കുനുമ്മൽ കണ്ടോത്തുചാലിൽ വീണ്ടും സ്ഫോടനം; ഇടവേളകളിൽ നടക്കുന്നത് പരീക്ഷണപ്പൊട്ടിക്കലുകളെന്നു സംശയം
Mail This Article
പാനൂർ ∙ ചെണ്ടയാട് കുനുമ്മൽ കണ്ടോത്തുംചാലിൽ വീണ്ടും സ്ഫോടനം. ഇന്നലെ പുലർച്ചെ 2 ബോംബുകൾ റോഡിൽ വീണ് ഉഗ്ര സ്ഫോടനം. ആർക്കും പരുക്കില്ല. റോഡിലേക്ക് ബോംബ് എറിഞ്ഞതാകാമെന്നാണ് സൂചന. സ്ഫോടനം നടന്ന സ്ഥലത്തെ ടാറിളകി കുഴി രൂപപ്പെട്ടു. സ്ഫോടനാവശിഷ്ടങ്ങൾ പൊലീസ് കണ്ടെടുത്തു.
സ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് മിന്നൽപരിശോധന നടത്തി. കൂത്തുപറമ്പ് എസിപി എം.കൃഷ്ണൻ, പാനൂർ പൊലീസ് ഇൻസ്പെക്ടർ സുധീർ കല്ലൻ, എസ്ഐ ടി.കെ.ജയേഷ്കുമാർ, ഡോഗ് സ്ക്വാഡ് എസ്ഐ സി.അശോകൻ എന്നിവർ നേതൃത്വം നൽകി. കണ്ണൂരിൽ നിന്ന് ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
കഴിഞ്ഞ ആഴ്ചയും ഇതിനു സമീപത്തു സ്ഫോടനം നടന്നിരുന്നു. ഇടയ്ക്കിടെ നടക്കുന്ന അജ്ഞാത സ്ഫോടനങ്ങൾ പ്രദേശത്തെ സ്വാസ്ഥ്യം കെടുത്തി. പരീക്ഷണ പൊട്ടിക്കലുകളാകാമെന്ന് സംശയിക്കുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തണമെന്ന് സിപിഎം പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല, കോൺഗ്രസ് പുത്തൂർ മണ്ഡലം പ്രസിഡന്റ് കെ.പി.വിജീഷ് എന്നിവർ ആവശ്യപ്പെട്ടു.