ജനകീയ കൂട്ടായ്മയിൽ ഒരുക്കിയ റോഡ് കോൺക്രീറ്റ് ചെയ്തു
Mail This Article
കരിവെള്ളൂർ ∙ ജനകീയ കൂട്ടായ്മയിൽ നിർമിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് സർക്കാർ നാടിന്റെ വികസനത്തിനൊപ്പം ചേർന്നു. വടക്കേ മണക്കാട് മഠത്തിൻ താഴെ മുതൽ പലിയേരി കൊവ്വൽ വരെ കോട്ടൂർ വയൽ പാടശേഖരത്തിനു കുറുകെയാണു നാട്ടുകാർ ചേർന്ന് റോഡ് ഒരുക്കിയത്.
2013ൽ ആണ് 600 മീറ്റർ നീളത്തിൽ 80 ദിവസം കൊണ്ട് കൂലിയില്ലാതെ നാട് കൈകോർത്ത് റോഡ് നിർമിച്ചത്. വയലിലെ തോടിന് കോൺക്രീറ്റ് പാലവും നാട്ടുകാർ നിർമിച്ചു.
എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 17 ലക്ഷവും കരിവെള്ളൂർ പെരളം പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലൂടെ 14 ലക്ഷവും ചെലവഴിച്ചാണ് റോഡ് കോൺക്രീറ്റ് ചെയ്തത്. ഇതോടെ കാർഷിക ആവശ്യത്തിന് വിത്തും വളവും വയലിലെത്തിക്കാനും നെല്ല് കൊണ്ടുപോകാനും കർഷകർക്ക് ഏറെ സൗകര്യമായി.
കൂക്കാനം, പലിയേരിക്കൊവ്വൽ എന്നീ പ്രദേശത്തുള്ളവർക്ക് കരിവെള്ളൂർ ടൗണിൽ എത്താനുള്ള എളുപ്പ വഴി കൂടിയാണിത്. കോൺക്രീറ്റ് റോഡ് ഇന്ന് വൈകിട്ട് 4.30ന് ടി.ഐ.മധുസൂദനൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ.വി.ലേജു അധ്യക്ഷത വഹിക്കും.