ADVERTISEMENT

പിലാത്തറ∙ കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന് പുറച്ചേരിയിലെ പി.കെ.മനോഹരൻ (മനു ) നേണിക്കം (54) മുച്ചിലോട്ട് ഭഗവതിയുടെ കോലധാരിയാകും.ഇന്നലെ രാവിലെ ക്ഷേത്രമുറ്റത്ത് നടന്ന വരച്ചുവയ്ക്കൽ ചടങ്ങിലെ പ്രശ്ന ചിന്തയിലുടെയാണ് കോലധാരിയാകാനുള്ള ഭാഗ്യം ലഭിച്ചത്. 6-ാമത്തെ വയസ്സിൽ ആടിവേടൻ കെട്ടി തെയ്യം രംഗത്ത് കടന്നു. ആലക്കാട് കൊങ്ങിണിച്ചാൽ ഭഗവതി ക്ഷേത്രത്തിൽ നിന്നു പട്ടും വളയും വാങ്ങി നേണിക്കമായി ആചാരപ്പെട്ടു.

വെള്ളൂർ ചാമക്കാവ് ഭഗവതി ക്ഷേത്രം, കൊട്ടണച്ചേരി തുടങ്ങിയ ക്ഷേത്രങ്ങളിൽ നിരവധി തെയ്യക്കോലങ്ങൾ കെട്ടിയാടി. കോറോം മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ 2 വട്ടം ഭഗവതിയുടെ കോലധാരിയായി. ഗുരുസ്ഥാനീയനായി കണ്ടുവരുന്ന ജ്യേഷ്ഠസഹോദരൻ പി. കെ. ബാലൻ നേണിക്കം തന്നെയാണ് മനു നേണിക്കത്തിന്റെ പേര് വരച്ചുവയ്ക്കൽ ചടങ്ങിൽ നിർദേശിച്ചത്. പരേതരായ രാമൻ എരമംഗലത്തിന്റെയും കാർത്യായനിയുടെയും മകനാണ്. ഭാര്യ: കെ.ബിന്ദു (ചെറുതാഴം ബാങ്ക്), മകൻ: മാനവ്.

ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ ആയിരങ്ങളെ സാക്ഷി നിർത്തിയാണ് കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ വരച്ചുവയ്ക്കൽ ചടങ്ങ് നടന്നത്.ഭഗവതിമാരുടെ പ്രതിപുരുഷന്മാർ അരങ്ങിലിറങ്ങി അരങ്ങുണർത്തിയ ശേഷം ജന്മ കണിശൻ ചെറുതാഴം പപ്പൻ ജ്യോത്സ്യർ രാശിക്കളം വരച്ച് പ്രശ്നചിന്തക്ക് തുടക്കമിട്ടു. 

മനോഹരൻ നേണിക്കം
മനോഹരൻ നേണിക്കം

കരിങ്കയം വിജയൻ ജ്യോത്സ്യർ, പെരളം മണികണ്ഠൻ ജോത്സ്യർ എന്നിവർ നേതൃത്വം നൽകി. ക്ഷേത്രം അന്തിത്തിരിയൻ മൂന്നുവട്ടം രാശിക്കളത്തെ വലംവച്ച് അരിയും പൂവും സ്വർണ്ണവും രാശിക്കളത്തിൽ വെച്ചു. തുടർന്ന് നടന്ന പ്രശ്ന ചിന്തയിൽ ഭഗവതിയുടെ കോലധാരിയായി പുറച്ചേരിയിലെ മനോഹരൻ നേണിക്കത്തെ കണ്ടെത്തി.

കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വനിതാ സമിതി ഇന്നലെ രാത്രി അവതരിപ്പിച്ച മെഗാ തിരുവാതിര.
കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി വനിതാ സമിതി ഇന്നലെ രാത്രി അവതരിപ്പിച്ച മെഗാ തിരുവാതിര.

തുടർന്ന് ഭഗവതിയുടെ പ്രതിപുരുഷൻ കോലധാരിയെ മഞ്ഞൾക്കുറിയിട്ട് അനുഗ്രഹിച്ച് ക്ഷേത്രം പരിസരത്ത് ഒരുക്കിയ കുച്ചിലകത്തേക്ക് പ്രവേശിപ്പിച്ചു. കരിവെള്ളൂർ മുച്ചിലോട്ട് വലിയഛൻ പ്രമോദ് കോമരം ഉൾപ്പെടെയുള്ള സമീപ ക്ഷേത്രങ്ങളിലെ സ്ഥാനികരും ക്ഷേത്രം കോയ്മയും ചടങ്ങിൽ സാക്ഷികളായി. അന്നദാനവും നടന്നു. 11 മുതൽ 14 വരെയാണ് പെരുങ്കളിയാട്ടം നടക്കുന്നത്.

English Summary:

Perunkaliyattam festival at the Kokkad Muchilot Bhagavathy Temple will feature P.K. Manoharan Nenickam as the oracle (Kola Dhari), chosen through the traditional 'Varachuvaykkal' ceremony and astrological divination. Nenickam, a seasoned Theyyam performer, will embody the deity during the festival, which attracts thousands of devotees.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com