പുതിയങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിന് വാഹനപാർക്കിങ് കേന്ദ്രം വേണം
Mail This Article
പഴയങ്ങാടി∙ മത്സ്യബന്ധന കേന്ദ്രമായ പുതിയങ്ങാടി ഫിഷ് ലാൻഡിങ് സെന്ററിന് വാഹന പാർക്കിങ് കേന്ദ്രം വേണമെന്നാവശ്യം. ഇവിടെനിന്ന് കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ഇതര സംസ്ഥാനങ്ങളിലേക്കും മത്സ്യം അയയ്ക്കുന്നുണ്ട്.
എന്നാൽ നല്ല ഗതാഗതസൗകര്യം ഇല്ലാത്തതും വാഹന പാർക്കിങ് കേന്ദ്രം ഇല്ലാത്തതും പ്രയാസം സൃഷ്ടിക്കുന്നുണ്ട്.കടലോരത്തുനിന്നു റോഡിലേക്കു മത്സ്യം കയറ്റിയ വാഹനങ്ങൾ പോകുന്നത് സാഹസികമായാണ്. ലോറികൾ പാർക്ക് ചെയ്യാൻ മതിയായ സൗകര്യവുമില്ല. ഇതു ഫിഷ് ലാൻഡിങ് സെന്ററിന്റെ സാധ്യതകൾ ഇല്ലാതാകുന്നുണ്ട്.
പുതിയങ്ങാടി കടപ്പുറത്ത് മത്സ്യബന്ധന തുറമുഖത്തിനാവശ്യമായ നടപടികൾ എടുക്കുമെന്ന് അധികൃതർ ഉറപ്പുനൽകിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അടിസ്ഥാന സൗകര്യങ്ങൾ പോലും ഒരുക്കാൻ കഴിഞ്ഞിട്ടില്ല. വലിയ ലോറികളിലാണ് ഇവിടെനിന്ന് മത്സ്യം കയറ്റിഅയയ്ക്കുന്നത്. 50ൽ ഏറെ ലോറികൾ ഇവിടെ മാത്രമുണ്ട്. പുതിയങ്ങാടിയിലെ റോഡരികിലും ബസ് സ്റ്റാൻഡിലുമാണ് ഇവ പാർക്ക് ചെയ്യുന്നത്.