ഓട്ടോറിക്ഷയിൽ കടത്തിയ കഞ്ചാവ് പിടികൂടി
Mail This Article
തലശ്ശേരി∙ ഓട്ടോറിക്ഷയിൽ കടത്തുകയായിരുന്ന 1.610 കിലോ കഞ്ചാവ് എക്സൈസ് പിടികൂടി. ഓട്ടോ ഓടിച്ചിരുന്ന മട്ടാമ്പ്രത്തെ പി.കെ.നൗഷാദിനെ (45) എക്സൈസ് ഇൻസ്പെക്ടർ കെ.സുബിൻരാജും പാർട്ടിയും ചേർന്നു അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി സ്പെഷ്യൽ സബ് ജയിലിലേക്ക് റിമാൻഡ് ചെയ്തു. ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു. ദേശീയപാതയിൽ പുന്നോൽ ഉസ്സൻമെട്ടയിൽ ഇന്നലെ പുലർച്ചെ 5.30നാണ് ഇയാൾ എക്സൈസിന്റെ പിടിയിലായത്. വാഹന പരിശോധന നടത്തുകയായിരുന്ന എക്സൈസ് പാർട്ടി കൈകാണിച്ചപ്പോൾ ഓട്ടോറിക്ഷ നിർത്താതെ ഓടിച്ചുപോയി.
സംശയം തോന്നിയ ഉദ്യോഗസ്ഥർ ഓട്ടോയെ വാഹനത്തിൽ പിന്തുടർന്നു പുന്നോലിൽ വച്ചു പിടികൂടി. വാഹനം പരിശോധിച്ചപ്പോൾ ഡ്രൈവറുടെ സീറ്റിനടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. അന്വേഷണ സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ലെനിൻഎഡ്‍വേർഡ‍്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സരിൻരാജ്, പി.പി.സുബീഷ് എന്നിവരും ഉണ്ടായിരുന്നു.