ADVERTISEMENT

മാങ്ങാട്ടുപറമ്പ് ∙ സർവകലാശാലാ അത്‌ലറ്റിക് മീറ്റിൽ പുരുഷ വിഭാഗത്തിൽ 67 പോയിന്റുമായി കണ്ണൂർ എസ്എൻ കോളജും വനിതാ വിഭാഗത്തിൽ 64 പോയിന്റുമായി പയ്യന്നൂർ കോളജും ചാംപ്യൻമാരായി.   പുരുഷ വിഭാഗത്തിൽ 39 പോയിന്റുമായി പയ്യന്നൂർ കോളജ് റണ്ണേഴ്സ്അപ്പായി. തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് 21 പോയിന്റുമായി മൂന്നാം സ്ഥാനം നേടി. വനിതാ വിഭാഗത്തിൽ 54 പോയിന്റുമായി ബ്രണ്ണൻ കോളജാണ് റണ്ണേഴ്സ്അപ്. ഇകെഎൻ‌എം ഗവ കോളജ് ഏളേരിത്തട്ട് 22 പോയിന്റുമായി മൂന്നാം സ്ഥാനത്തെത്തി. 

മാങ്ങാട്ടുപറമ്പിലെ സിന്തറ്റിക് ട്രാക്കിൽ ഇരു ചാംപ്യൻമാരുടെയും വിജയത്തിനു പത്തരമാറ്റ് തിളക്കം. ഒരു പതിറ്റാണ്ടിനു ശേഷമാണു കണ്ണൂർ എസ്എൻ കോളജ് പുരുഷ വിഭാഗം ചാംപ്യൻമാരായത്.  9 സ്വർണവും 4 വെള്ളിയും നേടിയാണു വിജയം. എഡ്വിൻ മാത്യു, ആർ.രമേശ് എന്നിവർ ദേശീയ നിലവാരത്തിലേക്ക് ഉയർന്നു. പയ്യന്നൂർ കോളജ് ചരിത്രത്തിൽ ആദ്യമായാണു വനിതാ വിഭാഗം ചാംപ്യൻ പട്ടം നേടുന്നത്. 7 സ്വർണവും 6 വെള്ളിയും 2 വെങ്കലവും നേടി. 8 വർഷമായി ചാംപ്യൻമാരായ ബ്രണ്ണൻ കോളജിനെയാണ് അട്ടിമറിച്ചത്. 

എഡ്വിൻ മാത്യു, ഡെൽന ഫിലിപ്.
എഡ്വിൻ മാത്യു, ഡെൽന ഫിലിപ്.

എഡ്വിനും ഡെൽനയും താരങ്ങൾ
∙ മീറ്റിലെ താരങ്ങളായതു പുരുഷ വിഭാഗത്തിൽ കണ്ണൂർ എസ്എൻ കോളജിന്റെ എഡ്വിൻ മാത്യുവും വനിതാ വിഭാഗത്തിൽ ഗവ ബ്രണ്ണൻ കോളജിന്റെ ഡെൽന ഫിലിപ്പുമാണ്. എഡ്വിൻ മാത്യു ബിഎം രണ്ടാം വർഷ മലയാളം വിദ്യാർഥിയാണ്. വയനാട് ആനപ്പാറ സ്പോർട്സ് അക്കാദമിയിലെ പി.ഷിജിനാണു പരിശീലകൻ. 400, 800 മീറ്ററുകളിൽ സ്വർണവും 4–400 മീറ്റർ റിലേയിൽ ചാംപ്യന്മാരായ ടീം അംഗവുമാണ്. വയനാട് ബത്തേരി സ്വദേശിയാണ്.

എംഎ ഒന്നാം വർഷ ഫിലോസഫി വിദ്യാർഥിനി ഡെൽന 400, 100 മീറ്റർ ഹർഡിൽസിൽ സ്വർണവും 4–400 മീറ്റർ റിലേയിൽ ചാംപ്യൻമാരായ ടീം അംഗവുമാണ്. കാസർകോട് കടുമേനി സ്വദേശിയാണ്. ജോസ് മാത്യുവിന്റെ ശിഷ്യയാണ്. തലശ്ശേരി സായി സെന്ററിലാണു പരിശീലിക്കുന്നത്. 

പുരുഷവിഭാഗം പോൾവാൾട്ടിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ കോളജിലെ കെ.അതുൽ രാജ്.
പുരുഷവിഭാഗം പോൾവാൾട്ടിൽ റെക്കോർഡോടെ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ കോളജിലെ കെ.അതുൽ രാജ്.

റെക്കോർഡ് കുറിച്ച് അതുൽരാജ്
∙പുരുഷ വിഭാഗം പോൾവാൾട്ടിൽ റെക്കോർഡ് കുറിച്ച് പയ്യന്നൂർ കോളജിലെ ബിഎ ഫങ്ഷണൽ ഹിന്ദി ഒന്നാം വർഷ വിദ്യാർഥി കെ.അതുൽരാജ്. 4.30 മീറ്റർ ഉയരം കണ്ടെത്തി 2013ൽ എസ്പിഇഎസ്എസിലെ ആർ.കെ.സുധീഷ് തീർത്ത 3.33 മീറ്റർ റെക്കോഡാണ് ഈ നാദാപുരം സ്വദേശി തിരുത്തിയത്. 

English Summary:

Kannur University Athletic Meet** concluded with SN College securing the championship in the men's section with 67 points, while Payyannur College clinched the title in the women's section with 64 points at the Mangattuparamba venue. The event showcased remarkable athletic talent from colleges across Kerala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com