സ്വന്തം റെക്കോർഡ് തകരുന്നതു കാത്തിരുന്നു കണ്ടു; അപ്പോൾത്തന്നെ വിളിച്ചുകൊടുത്തു ഒരു കാഷ് അവാർഡ്
Mail This Article
കണ്ണൂർ∙ സ്വന്തം റെക്കോർഡ് എന്നും നിലനിൽക്കണമെന്നായിരിക്കും ഏതു കായികതാരവും ആഗ്രഹിക്കുക. എന്നാൽ, കണ്ണൂർ സർവകലാശാല അത്‌ലറ്റിക് മീറ്റിൽ 400 മീറ്റർ ഹർഡിൽസിൽ കാൽനൂറ്റാണ്ടു മുൻപു താൻ സ്ഥാപിച്ച റെക്കോർഡ് പുതുതലമുറയ്ക്കു മുൻപിൽ പഴങ്കഥയാകുന്നതു കാണാൻ ഇന്നലെ മാങ്ങാട്ടുപറമ്പ് സ്റ്റേഡിയത്തിലെ ഗാലറിയിൽ സന്തോഷത്തോടെ കാത്തിരിക്കുകയായിരുന്നു കണ്ണൂർ കാടാച്ചിറ സ്വദേശി ദിനേഷ് ദിവെ.
തന്റെ റെക്കോർഡ് തകർക്കുന്ന താരത്തിനു കാഷ് അവാർഡ് നൽകുമെന്നു ദിനേഷ് നേരത്തേ തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ഇന്നലെ തലശ്ശേരി ഗവ ബ്രണ്ണൻ കോളജിലെ ഡെൽവിൻ ഫിലിപ്പ് 55.94 സമയം കൊണ്ടു തന്റെ 56.22 സമയം മറികടന്നപ്പോൾ ആദ്യം കയ്യടിച്ചതും ദിനേഷ് തന്നെ. ട്രാക്കിലെത്തി കെട്ടിപ്പിടിക്കുകയും ചെയ്തു. തുടർന്നു കാഷ് അവാർഡ് കൈമാറി. അസം റൈഫിൾസിൽ നോൺ കമ്മിഷൻഡ് ഓഫിസറായി കഴിഞ്ഞ മാസമാണ് ഇദ്ദേഹം വിരമിച്ചത്.