ഒടുവിൽ നടപടി; പൊട്ടിയ ശുദ്ധജല പൈപ്പ് മാറ്റാനുള്ള പ്രവൃത്തി തുടങ്ങി
Mail This Article
തലശ്ശേരി∙ ഒടുവിൽ അധികൃതർ ഉണർന്നു. നഗരമധ്യത്തിൽ ലോഗൻസ് റോഡിൽ പൊട്ടിയ ശുദ്ധജല പൈപ്പ് മാറ്റാനുള്ള പ്രവൃത്തി ഇന്നലെ തുടങ്ങി. രാത്രിയിലും പണി പുരോഗമിക്കുകയാണ്. നൂറുകണക്കിന് വാഹനങ്ങൾ കടന്നു പോവുന്ന റോഡിൽ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം ഓടയിലേക്ക് ഒഴുകാൻ തുടങ്ങിയിട്ട് ആഴ്ചകളായി.
ഇവിടെ പാകിയ ഇന്റർലോക്ക് ഇളകിയ നിലയിലാണ്. സമീപത്തെ വ്യാപാരികളും നാട്ടുകാരും പരാതിപ്പെട്ടിട്ടും പൈപ്പ് നന്നാക്കാൻ നടപടിയില്ലെന്ന് പരാതി ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് മലയാള മനോരമ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ലോഗൻസ് റോഡിലെ പൊട്ടിയ പൈപ്പ് ഉടനെ മാറ്റുമെന്ന് ജല അതോറിറ്റി അധികൃതർ അറിയിച്ചിരുന്നു. അധികൃതർ വാക്ക് പാലിച്ചു. ഇന്നലെ രാവിലെ മുതൽ ജോലിക്കാരെത്തി പൈപ്പ് നന്നാക്കാനുള്ള പ്രവൃത്തി തുടങ്ങി.