ദുരിതമായി സർവീസ് റോഡ് : വീതി കുറവ്; കുരുക്കിൽ വലഞ്ഞ് നാട്ടുകാർ
Mail This Article
മുഴപ്പിലങ്ങാട്∙ പുതുതായി നിർമിക്കുന്ന ദേശീയപാതയുടെ ഇരുവശവും പ്രാദേശിക ഗതാഗതത്തിനായി നിർമിക്കുന്ന സർവീസ് റോഡിന്റെ വീതി കുറവ് യാത്രക്കാരെ വലയ്ക്കുന്നു. സർവീസ് റോഡിലെ മുഴപ്പിലങ്ങാട്, എടക്കാട് ഭാഗത്ത് മുഴുവൻ സമയവും ഗതാഗതക്കുരുക്ക് അനുഭവപ്പെടുകയാണ്. മുഴപ്പിലങ്ങാട് കുളം ബസാറിലെ സർവീസ് റോഡിൽ നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് പോകുന്ന റോഡിലും എടക്കാട് ടൗണിലെ സർവീസ് റോഡിൽ നിന്ന് ഡ്രൈവ് ഇൻ ബീച്ചിലേക്ക് പോകുന്ന റോഡിലും റെയിൽവേ ഗേറ്റുകൾ ഉണ്ട്. ഈ റെയിൽവേ ഗേറ്റുകൾ അടയ്ക്കുമ്പോൾ വാഹനങ്ങളുടെ നീണ്ടനിര വീതി കുറഞ്ഞ സർവീസ് റോഡിലേക്കും എത്തുന്നതാണ് കണ്ണൂർ–തലശ്ശേരി റൂട്ടിലെ കണ്ണൂർ ഭാഗത്തേക്കുള്ള സർവീസ് റോഡിലെ മുഴുവൻ സമയ ഗതാഗതക്കുരുക്കിന് കാരണം.
മുഴപ്പിലങ്ങാട് കുളം ബസാർ ബീച്ച് റോഡിലെ റെയിൽവേ ഗേറ്റിലും എടക്കാട് ബീച്ച് റോഡ് റെയിൽവേ ഗേറ്റിലും റെയിൽവേ മേൽപാലം അനുവദിച്ചിട്ടുണ്ടെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ പോലും തുടങ്ങിയിട്ടില്ല. ദേശീയപാതയുടെ മുഴപ്പിലങ്ങാട്–എടക്കാട് ഭാഗത്തെ സർവീസ് റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ ഡ്രൈവ് ഇൻ ബീച്ച് റോഡുകളിൽ റെയിൽവേ മേൽപാലം മാത്രമാണ് പോംവഴി.