ഒഴിയാതെ മാലിന്യം; കുയ്യാലിപ്പുഴ മാലിന്യം കൊണ്ട് നിറയുന്നു
Mail This Article
തലശ്ശേരി∙ നഗരത്തെ മാലിന്യ മുക്തമാക്കാൻ നഗരസഭയും അധികൃതരും തീവ്ര ശ്രമം തുടരുമ്പോഴും നഗരത്തിലെങ്ങും മാലിന്യം. കുയ്യാലിപ്പുഴയോരം മാലിന്യത്താൽ നിറഞ്ഞിരിക്കുകയാണ്. പ്ലാസ്റ്റിക് ബോട്ടിലുകളും പാഴ്‌വസ്തുക്കളും തള്ളാനുള്ളയിടമായി പുഴ മാറി. ഇതിലെ വെള്ളത്തിനുപോലും നിറംമാറ്റം വന്നു. കുയ്യാലി പാലത്തിന്റെ പരിസരങ്ങളിലും റിവർസൈഡ് എൻക്ളേവിന്റെ വടക്കേ അറ്റത്തും പുഴയോരത്ത് നിറയെ പ്ളാസ്റ്റിക് ബോട്ടിലുകളും മറ്റും അടിഞ്ഞു കൂടിയിരിക്കുകയാണ്. കണ്ടൽ ചെടികൾക്കിടയിലും വെള്ളത്തിലും കരയിലുമെല്ലാം പ്ലാസ്റ്റിക് ചിതറി കിടക്കുന്നു. രാത്രിയിൽ വാഹനങ്ങളിലെത്തി പുഴയിലേക്കു മാലിന്യം വലിച്ചെറിയുന്നതായി പരിസരത്തുള്ളവർ ചൂണ്ടിക്കാട്ടുന്നു.
ഒട്ടേറെ പേർ മീൻ പിടിക്കാനെത്താറുണ്ട്. എന്നാൽ പുഴയിലേക്ക് പ്ലാസ്റ്റിക് വലിച്ചെറിയൽ തുടർന്നാൽ മീനുകളെയും മറ്റും ദോഷകരമായി ബാധിക്കും.കുയ്യാലി പുഴയിലിതാണു പ്രശ്നമെങ്കിൽ ദേശീയപാതയിൽ പൊലീസ് ക്വാർട്ടേഴ്സിനു മുൻപിലെ ചെറിയ ഓവുചാലിൽ മലിന ജലം കെട്ടിനിൽക്കാൻ തുടങ്ങിയിട്ടു മാസങ്ങളായി. ക്വാർട്ടേഴ്സിൽ പൊലീസുകാരും കുടുംബാംഗങ്ങളും താമസിക്കുന്നതിനു പുറമെ മിനി സിവിൽ സ്റ്റേഷൻ, സബ്ബ് ട്രഷറി ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലേക്കെത്തുന്നവരും നൂറുകണക്കിനു ജീവനക്കാരും സദാ ഇടപഴകുന്ന ഇടമാണിത്. കറുത്ത നിറത്തിൽ ഓവുചാലിൽ കെട്ടിനിൽക്കുന്ന മലിനജലം ഒഴുക്കി കളയാനോ എടുത്തുമാറ്റാനോ നടപടിയില്ല.