അദാലത്തുകൾ സാമൂഹിക നീതി നിർവഹണത്തിന്റെ ഭാഗം: മന്ത്രി കടന്നപ്പള്ളി
Mail This Article
തളിപ്പറമ്പ്∙ സംസ്ഥാന സർക്കാർ നടത്തുന്ന അദാലത്തുകൾ സാമൂഹിക നീതി നിർവഹണത്തിന്റെ ഭാഗമാണെന്നും ജനകീയ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കുമെന്നും മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. അദാലത്തിലെത്തുന്ന പരാതികൾ കാലതാമസമില്ലാതെ പരിഹരിക്കുകയാണ് ലക്ഷ്യം. നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ കൂടി അദാലത്തിൽ പങ്കെടുക്കുന്നതിനാൽ നിയമപരമായി പരാതികളിൽ തീർപ്പുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ കോംപൗണ്ടിൽ നടന്ന കരുതലും കൈത്താങ്ങും താലൂക്ക് അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്നകുമാരി അധ്യക്ഷത വഹിച്ചു.
ജനങ്ങളെ നേരിൽ കണ്ട് പരാതികൾ കേൾക്കുകയും പരിഹാരം കാണുകയും ചെയ്യുന്ന ഇത്തരം അദാലത്തുകൾ ബഹുജന സമ്പർക്ക പരിപാടിയായി മാറിക്കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു. വേദിയിൽ വച്ച് 20 പേർക്ക് മുൻഗണന റേഷൻ കാർഡുകൾ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ വിതരണം ചെയ്തു. പഴയതും പുതുതായി ലഭിച്ച 302 അപേക്ഷകളും ഉൾപ്പെടെ 505 അപേക്ഷകളാണ് അദാലത്തിൽ ലഭിച്ചത്.ഇതിൽ 154 അപേക്ഷകൾക്ക് തീർപ്പാക്കി. 121 പേർ മന്ത്രിയെ കണ്ടാണ് അപേക്ഷകളിൽ പരിഹാരമുണ്ടാക്കിയത്. മന്ത്രിമാരായ പി.പ്രസാദ്, ഒ.ആർ. കേളു എന്നിവരും അദാലത്തിന് എത്തുമെന്ന് അറിയിച്ചിരുന്നുവെങ്കിലും രാമചന്ദ്രൻ കടന്നപ്പള്ളി മാത്രമാണ് ഉണ്ടായിരുന്നത്.
എം.എൽ.എമാരായ സജീവ് ജോസഫ്, എം. വിജിൻ, ആന്തൂർ നഗരസഭ അധ്യക്ഷൻ പി മുകുന്ദൻ, തളിപ്പറമ്പ് നഗരസഭ അധ്യക്ഷ മുർഷിദ കൊങ്ങായി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.എം.കൃഷ്ണൻ, നഗരസഭ ഉപാധ്യക്ഷൻ കല്ലിങ്കീൽ പത്മനാഭൻ, കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി.എം.സീന, ചെങ്ങളായി പഞ്ചായത്ത് പ്രസിഡന്റ് വി.പി.മോഹനൻ, ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം സി.പത്മചന്ദ്ര കുറുപ്പ്, ആർഡിഒ ടി.വി.രഞ്ജിത്ത്, ഭൂരേഖ തഹസിൽദാർ കെ. ചന്ദ്രശേഖരൻ, തളിപ്പറമ്പ് തഹസിൽദാർ പി. സജീവൻ എന്നിവർ പങ്കെടുത്തു. ഇന്ന് 10 ന് പയ്യന്നൂർ താലൂക്ക് അദാലത്ത് ശ്രീവത്സം ഓഡിറ്റോറിയത്തിലും ഇരിട്ടി താലൂക്ക് അദാലത്ത് 16ന് 10ന് ഇരിട്ടി തന്തോട് സെന്റ് ജോസഫ് ചർച്ച് ഹാളിലും നടക്കും.
മാലിന്യപ്രശ്നം: സ്വകാര്യ അക്കാദമിക്ക് അടച്ചുപൂട്ടൽ നോട്ടിസ് നൽകും
തളിപ്പറമ്പ്∙ സ്വകാര്യ അക്കാദമിയിൽ നിന്നുള്ള മാലിന്യ പ്രശ്നത്തിൽ വലഞ്ഞ പരിസര വാസികൾക്ക് ആശ്വാസമായി കരുതലും കൈത്താങ്ങും തളിപ്പറമ്പ് താലൂക്ക് അദാലത്തിൽ മന്ത്രിയുടെ ഉത്തരവ്. മയ്യിൽ പഞ്ചായത്തിലെ വേളത്ത് പ്രവർത്തിക്കുന്ന ഡ്രോൺ അക്കാദമിക്കെതിരെയാണ് പരാതിയുമായി നാട്ടുകാർ എത്തിയത്.100 ഓളം വിദ്യാർഥികൾ താമസിച്ച് പഠിക്കുന്ന ഇവിടെ മതിയായ സെപ്റ്റിക് ടാങ്കും പ്ലാസ്റ്റിക് മാലിന്യ സംസ്കരണ സംവിധാനവും ഇല്ലാത്തതിനാൽ സമീപത്തുള്ള കിണറുകളിൽ മാലിന്യം കലരുന്നുവെന്നും പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്നുമായിരുന്നു പരാതി. പരാതി പരിശോധിച്ച മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ അക്കാദമി കെട്ടിടം പരിശോധിച്ച് ആവശ്യമായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലെങ്കിൽ അടച്ചുപൂട്ടാനുളള നോട്ടിസ് നൽകാൻ പഞ്ചായത്ത് സെക്രട്ടറിക്ക് നിർദേശം നൽകി.
അനധികൃത ചെങ്കൽ ഖനനത്തിന് സ്റ്റോപ് മെമ്മോ
തളിപ്പറമ്പ്∙ ചുഴലി പഞ്ചായത്തിലെ അനധികൃത ചെങ്കൽ ഖനനത്തിന് അടിയന്തരമായി സ്റ്റോപ് മെമ്മോ നൽകാൻ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ ഉത്തരവ് നൽകി. അനധികൃത ഖനനം നിർത്തിവയ്പിച്ച് ഈ വിവരം സംബന്ധിച്ച് ഉടൻ കലക്ടർക്ക് റിപ്പോർട്ട് നൽകുവാൻ ചുഴലി വില്ലേജ് ഓഫിസർക്കും ചെങ്ങളായി പഞ്ചായത്ത് സെക്രട്ടറിക്കും മന്ത്രി നിർദേശം നൽകി. ചുഴലി സ്വദേശിയായ ജയപ്രകാശിന്റെ പരാതിയിലാണ് നടപടി. പഞ്ചായത്ത് റോഡിൽ നിന്ന് ദൂരപരിധി പാലിക്കാതെ ചെങ്കൽ ഖനനം നടക്കുന്നുവെന്നായിരുന്നു പരാതി. മിച്ചഭൂമി കയ്യേറിയും ഖനനം നടക്കുന്നുവെന്നും പരാതിയിൽ പറഞ്ഞിരുന്നു.
ഹസ്സൻ കുഞ്ഞിയുടെ സ്ഥലം കണ്ടെത്താൻ നിർദേശം
തളിപ്പറമ്പ്∙ 2018 വരെ നികുതി അടച്ച സ്ഥലം ഇപ്പോൾ മുഴുവനായും കാണാത്തതിനാൽ നികുതി അടക്കാൻ സാധിക്കാത്തിതിന്റെ പരാതിയുമായി ഭിന്നശേഷിക്കാരനായ മഹറൂഫിന് സമീപത്തേക്ക് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എത്തി പരാതി സ്വീകരിച്ചു. തളിപ്പറമ്പ് താലൂക്ക് ആശുപത്രിക്ക് സമീപം പെട്ടിക്കട നടത്തുന്ന 2 കാലുകൾക്കും സ്വാധീനമില്ലാത്ത കുറുമാത്തൂർ കടവിലെ എം.എം.മഹറൂഫിന്റെ(51) സ്ഥലത്തിന്റെ ഒരു ഭാഗമാണ് കാണാതായത്. 6.25 സെന്റ് സ്ഥലമാണ് മഹറൂഫിന് ഉണ്ടായിരുന്നത്. എന്നാൽ 2018ന് ശേഷം നികുതി അടക്കാൻ പോയപ്പോഴാണ് 4.50 സെന്റ് സ്ഥലം മാത്രമേ വില്ലേജ് ഓഫിസിലെ കംപ്യൂട്ടർ രേഖയിൽ ഉള്ളൂ എന്ന് മനസ്സിലായത്. ഇതിൽ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. താലൂക്ക് ഓഫിസിൽ അദാലത്ത് നടക്കുന്ന വിവരം കഴിഞ്ഞ ദിവസമാണ് ഇദ്ദേഹം അറിഞ്ഞത്.
ഇന്നലെ പരാതിയുമായി അദാലത്തിന് എത്തിയപ്പോൾ 300 കഴിഞ്ഞുള്ള ടോക്കനാണ് ലഭിച്ചത്. എന്നാൽ ഭിന്നശേഷിക്കാരനായതിനാൽ ഉടൻ തന്നെ മന്ത്രിയെ കാണാനുള്ള സൗകര്യം അധികൃതർ ഒരുക്കുകയായിരുന്നു. പട്ടുവം അപ്ലൈഡ് സയൻസ് കോളജിലെ ഗ്രീൻ ബ്രിഗേഡ് വിദ്യാർഥികൾ ചക്രകസേരയിൽ മഹറൂഫിനെ മന്ത്രി കടന്നപ്പള്ളിയുടെ സമീപത്ത് എത്തിച്ചു. വിഷയം പരിശോധിച്ച് നടപടി സ്വീകരിക്കാൻ കുറുമാത്തൂർ വില്ലേജ് ഓഫിസർക്ക് മന്ത്രി നിർദേശം നൽകി. 8 വർഷത്തോളം വിദേശത്ത് ജോലി ചെയ്ത് പ്രമേഹം ബാധിച്ച് 2 കാലുകളും മുറിച്ച് മാറ്റേണ്ട അവസ്ഥയായ ചൊറുക്കളയിലെ ഹസ്സൻകുഞ്ഞി(42)യുടെ ചികിത്സാ സഹായത്തിനുള്ള അപേക്ഷയും മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നേരിട്ടെത്തി സ്വീകരിച്ചു.
ബിപിഎൽ കാർഡ് ലഭിച്ചതിന്റെ സന്തോഷത്തിൽ വിതുമ്പി രാധ
തളിപ്പറമ്പ്∙ എപിഎൽ കാർഡ് ബിപിൽ കാർഡാക്കുവാൻ കഴിഞ്ഞ വർഷം നടന്ന അദാലത്തിൽ പരാതി നൽകിയ മയ്യിൽ ആറാംമൈലിലെ പി.വി.രാധ(70)യ്ക്ക് ഇത്തവണ അദാലത്തിൽ വച്ച് ബിപിഎൽ കാർഡ് കയ്യിൽ കിട്ടിയപ്പോൾ വിതുമ്പിപ്പോയി. കഴിഞ്ഞ തവണ നടത്തിയ അദാലത്തിൽ രാധയ്ക്ക് ബിപിഎൽ കാർഡ് നൽകാൻ നിർദേശമുണ്ടായിരുന്നെങ്കിലും നടപ്പിലായില്ല. അതിനാൽ മകളുടെ ഭർത്താവിന്റെ സഹായത്തോടെ ഇത്തവണ വീണ്ടും പരാതിയുമായി അദാലത്തിന് എത്തുകയായിരുന്നു.
രാധയുടെ ഭർത്താവ് കുഞ്ഞിരാമൻ കാൻസർ രോഗിയുമാണ്. ബിപിഎൽ കാർഡ് ലഭിക്കാത്തതിനെ കുറിച്ച് പരാതി സ്വീകരിക്കാൻ ഇരുന്ന എം.വിജിൻ എംഎൽഎയോട് പറഞ്ഞപ്പോഴേക്കും താലൂക്ക് സപ്ലൈ ഓഫിസ് അധികൃത്ര രാധയുടെ ബിപിഎൽ കാർഡുമായി എത്തിയിരുന്നു. എം.വിജിൻ എംഎൽഎ രാധയെ ചേർത്ത് പിടിച്ച് കാർഡ് കൈമാറിയപ്പോഴാണ് രാധ വിതുമ്പി പോയത്. വിജിൻ എംഎൽഎ തന്നെ രാധയെ ആശ്വസിപ്പിച്ചാണ് പറഞ്ഞയച്ചത്.