മുച്ചിലോട്ടമ്മയുടെ അനുഗ്രഹം തേടി ഭക്തജന പ്രവാഹം
Mail This Article
പിലാത്തറ∙ പെരുങ്കളിയാട്ടത്തിൽ മൂന്നാം ദിനമായപ്പോൾ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിലേക്ക് മുച്ചിലോട്ടമ്മയുടെ അനുഗ്രഹം തേടിയെത്തുന്നവരുടെ എണ്ണമേറുന്നു. മുച്ചിലോട്ടു ഭഗവതിയുടെ ഉച്ചത്തോറ്റവും അന്തിത്തോറ്റവും നെയ്യാട്ടവും കാണാനും വണങ്ങാനും അനേകരെത്തി. പുലർച്ചെ 4നു മുച്ചിലോട്ടു ഭഗവതിയുടെ നേർ ചങ്ങാതി കണ്ണങ്ങാട്ട് ഭഗവതി പുറപ്പാടായി.രണ്ടു കിട്ടിയാലൊന്ന് ഒന്നു കിട്ടിയാലര' എന്ന പ്രകാരത്തിൽ വായും മനസ്സുമായി മുച്ചിലോട്ടു ഭഗവതിയുടെ നേർ ചങ്ങാതിയായ കണ്ണങ്ങാട്ട് ഭഗവതി ഭക്തർക്ക് പ്രിയങ്കരിയായ ദേവിയാണ്. ചിലപ്പതികാരത്തിലെ കണ്ണകിയാണ് കണ്ണങ്ങാട്ട് ഭഗവതിയെന്നു ചില പണ്ഡിതർ സമർഥിക്കുന്നു.
പുലിയൂർ കാളി, പുലിയൂർ കണ്ണൻ തുടങ്ങിയ തെയ്യങ്ങളും ഇന്നലെ ഭക്തരിൽ ആരാധനയും ആവേശവും നിറച്ച് നടനം ചെയ്തു. പുലിവേഷം ധരിച്ച് പാർവതിയും പരമേശ്വരനും കാട്ടിൽ കളിയാടി നടന്നപ്പോൾ പുലിപ്പെണ്ണ് മാതനാർ കല്ലിലെ "മടമാന്തി' പ്രസവിച്ച പുലിക്കുഞ്ഞുങ്ങളിൽ വീര്യമുള്ള പൊൻമകളാണ് പുലിയൂർ കാളി. അതുപോലെ ദേവചൈതന്യമേറ്റു വാങ്ങിയ ദേവനാണ് പുലിയൂർ കണ്ണൻ. ഒരു 'വിളിക്കൊമ്പത് കൂറ്റുകാട്ടി ഓടിയെത്തി തുണ നിൽക്കുന്ന' ദേവതകളാണ് ഇരുവരും. കുണ്ടോർ ചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളും ഇന്നലെ നർത്തനമാടി.
പെരുങ്കളിയാട്ടത്തിൽ ഇന്നും നാളെയും
ഇന്ന് പുലർച്ചെ പുലിയൂർകണ്ണൻ, രാവിലെ ഏഴിന് കണ്ണങ്ങാട്ട് ഭഗവതി, 8.30-ന് പുലിയൂർകാളി, 9.30-ന് വിഷ്ണുമൂർത്തി, കുണ്ടോർചാമുണ്ഡി, 11- ന് അടിച്ചുതളിത്തോറ്റം, 11.30 മുതൽ അന്നദാനം, ഉച്ചയ്ക്ക് രണ്ടിന് കൂത്ത്, 2.30 ചങ്ങനും പൊങ്ങനും, മൂന്നിന് മംഗല്യക്കുഞ്ഞുങ്ങളോട് കൂടിയ തോറ്റം, നെയ്യാട്ടം, 5.30-ന് പുലിയൂർകണ്ണൻ വെള്ളാട്ടം, വൈകീട്ട് ആറുമുതൽ അന്നദാനം, രാത്രി എട്ടിന് വിഷ്ണുമൂർത്തി, കുണ്ടോർചാമുണ്ഡി തോറ്റങ്ങൾ, രാത്രി 10-ന് മൂവർ തോറ്റം, നെയ്യാട്ടം, അടുക്കളയിൽ എഴുന്നള്ളത്ത് എന്നിവയുണ്ടാകും. സാംസ്കാരിക– കലാപരിപാടികൾ: വൈകിട്ട് 6.30ന് സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും.
കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിക്കും.സ്പീക്കർ എ.എൻ.ഷംസീർ, സിനിമ സംവിധായകൻ ജയരാജ്, പത്മശ്രീ നാരായണ പെരുവണ്ണാൻ എന്നിവർ മുഖ്യാതിഥിയായി പങ്കെടുക്കും. രാത്രി 9.30ന് മെഗാ ഷോ 2024 നാളെ പുലർച്ചെ മുതൽ പുലിയൂർ കണ്ണൻ, തലച്ചറൻ കൈക്കോളൻ ദൈവം, കൊടിയിലത്തോറ്റം. മേലേരി കൂട്ടൽ,നരമ്പിൽ ഭഗവതി, കണ്ണങ്ങാട്ട് ഭഗവതി,പുലിയൂര് കാളി, വിഷ്ണുമൂർത്തി, കുണ്ടോറചാമുണ്ഡി. ഉച്ചയ്ക്ക് 12ന് മേലേരി കയ്യേൽക്കൽ, 12.30-ന് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരൽ, രാത്രി 11.30-ന് ആറാടിക്കൽ തുടർന്ന് വെറ്റിലാചാരം.
കോക്കാട് മുച്ചിലോട്ട് പെരുങ്കളിയാട്ടം നാളെ മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും
പിലാത്തറ∙ 15 വർഷത്തിനു ശേഷം നടക്കുന്ന ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ നാളെ ഉച്ചയ്ക്ക് മുച്ചിലോട്ട് ഭഗവതിയുടെ തിരുമുടി നിവരും. പെരുങ്കളിയാട്ടത്തിൽ ഇന്നലെ രാവിലെ മുതൽ രാത്രി വൈകും വരെ ക്ഷേത്രത്തിൽ ഭക്തജന പ്രവാഹമായിരുന്നു. ഉച്ചയ്ക്കും രാത്രിയും നടന്ന അന്നദാനത്തിനും വിശ്വാസികൾ ഏറെയുണ്ടായിരുന്നു. പുലർച്ചെ മുതൽ വിവിധ തെയ്യങ്ങളും തോറ്റവും കാണാൻ നാടിന്റെ നാനാഭാഗത്ത് നിന്നും ജനങ്ങൾ ക്ഷേത്രാങ്കണത്തിൽ എത്തി.
വൈകിട്ട് നടന്ന സാംസ്കാരിക സമ്മേളനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. എം.വിജിൻ എംഎൽഎ അധ്യക്ഷത വഹിച്ചു. മുരുകൻ കാട്ടാക്കട, എം.ആർ.മുരളി, പ്രശാന്ത് നായർ, കെ.എൻ.ജയരാജ്, എം.വി.രവി എന്നിവർ പ്രസംഗിച്ചു. ഇന്ന് പുലർച്ചെ മുതൽ വിവിധ തെയ്യക്കോലങ്ങളുടെ പുറപ്പാട്. ഉച്ചയ്ക്ക് 2ന് കൂത്ത് തുടർന്നു ചങ്ങനും പൊങ്ങനും, 3ന് മംഗലകുഞ്ഞുങ്ങളോട് കൂടിയുള്ള തോറ്റം, നെയ്യാട്ടം. രാത്രി വിവിധ തെയ്യങ്ങളുടെ തോറ്റം.
നെയ്യാട്ടം കാണാൻ ഭക്തജനത്തിരക്ക്
പിലാത്തറ ∙ ചെറുതാഴം കോക്കാട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടത്തിൽ നെയ്യാട്ടം കാണാൻ ക്ഷേത്രം തിരുമുറ്റവും പരിസരവും ഭക്തരാൽ നിറഞ്ഞു. മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങളിലെത്തുന്ന ഭക്തർക്ക് വിശ്വാസപരമായ ചടങ്ങാണ് നെയ്യാട്ടം. മുച്ചിലോട്ടമ്മ തറവാട്ടിലെത്തി കുടിയിരുന്നതിന്റെ പ്രതീകമായാണ് ഭക്തർ ഇതിനെ കാണുന്നത്. ഭഗവതിയുടെ തോറ്റ സമയങ്ങളിൽ വ്യത്യസ്ത അർഥങ്ങളിലൂടെയാണ് നെയ്യാട്ടം നടക്കുന്നത്. അവകാശികളായ വാല്യക്കാർ ചെമ്പ് കുടം തലയിലേറ്റി തിരുമുറ്റത്തിന് ചുറ്റും നൃത്തം ചെയ്യുന്നത് അവകാശികളായ വാല്യക്കാരാണ്.
ഭഗവതി, മുച്ചിലോടൻ പടനായകരുടെ തൂത്തികയിൽ സ്ഥാനമുറപ്പിച്ച് തറവാട്ടിലെത്തിയതിന്റെയും പടിഞ്ഞാറ്റയിൽ നിറഞ്ഞ് തുളുമ്പിയതിന്റെയും പ്രതീകാത്മകമായാണ് ഭക്തർ നെയ്യാട്ടത്തെ കാണുന്നത്. മണി കിണറിൽ നിന്ന് കോരുന്ന വെള്ളം ചെമ്പ് കുടത്തിൽ നിറച്ച് തലയിൽ വച്ച് കന്നിമൂലയിലെ കൈലാസകല്ല് വലം വച്ച് തുടങ്ങുന്ന നെയ്യാട്ടം തോറ്റം തിരുമുറ്റത്തെത്തുന്നത് വരെ നൃത്തം ചെയ്ത് നീങ്ങും. കുടത്തിൽ നിന്ന് തുളുമ്പി മറിയുന്ന വെള്ളം ചക്കിൽ ആട്ടിയെടുത്ത എണ്ണയായി ഭക്തർ സങ്കൽപ്പിക്കുന്നു. അതുകൊണ്ട് തന്നെ തുളുമ്പിയൊഴുകുന്ന വെള്ളം വാല്യക്കാരുടെ ശരീരത്തിലേക്ക് വീഴുന്നത് ഭഗവതിയുടെ അനുഗ്രഹമായി ഭക്തർ കാണുന്നത്.