ദേശീയപാത ബൈപാസ് : ‘വയൽക്കിളി’ സമരം നടന്ന കീഴാറ്റൂരിലേക്കുള്ള മേൽപാലമൊരുങ്ങി
Mail This Article
തളിപ്പറമ്പ്∙ ‘വയൽക്കിളി’ സമരം നടന്ന കീഴാറ്റൂരിലുടെയുള്ള ദേശീയപാത ബൈപാസ് നിർമാണത്തിന്റെ ഭാഗമായുള്ള ആകാശപാതയുടെ ആദ്യഘട്ടം പൂർത്തിയായി. മാന്ധംകുണ്ടിൽ നിന്ന് കീഴാറ്റൂർ തിട്ടയിൽപാലം വരെയുള്ള 600 മീറ്റർ ദൂരത്തേക്കുള്ള മേൽപാലത്തിന്റെ നിർമാണമാണ് ആദ്യഘട്ടം പൂർത്തിയായത്. 19 തൂണുകളിലായാണ് മേൽപാലം. 20 മീറ്റർ വീതം നീളത്തിൽ ഇതിനായി നിർമിച്ച കൂറ്റൻ കോൺക്രീറ്റ് സ്പാനുകൾ തൂണുകളുടെ മുകളിൽ കയറ്റി ഉറപ്പിക്കുന്ന ജോലിയാണ് പൂർത്തിയായത്. പുളിമ്പറമ്പിൽ പട്ടുവം റോഡിൽ കുന്നിടിച്ച് നിർമാണം നടത്തുന്ന സ്ഥലത്തുനിന്ന് മാന്ധംകുണ്ടിലെ മേൽപാലത്തിലേക്ക് മണ്ണുനിറച്ച് ബൈപാസ് റോഡ് ഉയർത്തുകയാണ് ചെയ്യുന്നത്.
കുപ്പത്തുനിന്ന് ആരംഭിച്ച് കണിക്കുന്ന് വഴി വരുന്ന ബൈപാസിനായി പുളിമ്പറമ്പിൽ കുന്നിടിച്ച് താഴ്ത്തുന്നുണ്ട്. പട്ടുവം റോഡിലും 20 മീറ്റർ താഴ്ത്തിയാണ് ദേശീയപാത ബൈപാസ് കടന്ന് പോകുന്നത്. ഇതിന് കണക്കായാണ് മേൽപാലത്തിലേക്ക് റോഡ് ഉയർത്തി പ്രവേശിക്കുന്നത്. കീഴാറ്റൂർ തിട്ടയിൽ പാലത്തിനുസമീപം ഇതേരീതിയിൽ ഉയർത്തി നിർമിച്ച റോഡിലൂടെയാണ് ദേശീയപാത ബൈപാസ് കീഴാറ്റൂർ റോഡിലേക്കു പ്രവേശിക്കുന്നത്.
ഇപ്പോൾ ഉയർത്തിവച്ച മേൽപാലത്തിന്റെ സ്പാനുകളിൽ സ്ലാബുകൾ കോൺക്രീറ്റ് ചെയ്യുന്നതിന്റെയും ഡ്രെയ്നേജ് പൈപ്പുകളുടെ നിർമാണവും പുരോഗമിക്കുകയാണെന്ന് അധികൃതർ പറഞ്ഞു. പൈപ്പുകൾ താഴേക്ക് ഘടിപ്പിച്ച ശേഷം ബിറ്റുമിൻ ടാറിങ് പ്രവൃത്തി നടക്കും. കീഴാറ്റൂർ വയൽ മേഖലയിലൂടെ കടന്ന് പോകുന്ന ബൈപാസിലെ കൾവർട്ടുകളുടെയും മറ്റും പ്രവൃത്തികളും നടന്ന് കൊണ്ടിരിക്കുകയാണ്.