ADVERTISEMENT

ചന്ദനത്തോട്∙ അവിചാരിതമായി തടസ്സങ്ങൾ ഉണ്ടായില്ലെങ്കിൽ ഒരാഴ്ചയ്ക്കുള്ളിൽ പേര്യ ചുരം റോഡ് തുറന്നു കൊടുക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടീവ് എൻജിനീയർ എം.ജഗദീഷ് അറിയിച്ചു. ഡിസംബർ പകുതിയോടെ പണികൾ പൂർത്തിയാക്കി റോഡ് തലശ്ശേരി– ബാവലി സംസ്ഥാനാന്തര പാത ഗതാഗതത്തിനു പൂർണമായി തുറന്നു കൊടുക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇടയ്ക്ക് മഴയെത്തിയത് ഏതാനും ദിവസം കൂടി വൈകുന്നതിനു കാരണമായി. സംരക്ഷണ ഭിത്തിയുടെ നിർമാണം ഏകദേശം പൂർത്തിയാകുകയും മണ്ണ് നിറയ്ക്കുകയും ചെയ്തു. 100 മീറ്റർ നീളത്തിൽ 10 മീറ്ററോളം താഴ്ത്തി മണ്ണെടുത്തു നീക്കിയാണ് പണികൾ നടത്തിയത്. പണി പൂർത്തിയായ ശേഷം ആദ്യം ചെറിയ വാഹനങ്ങൾ കടത്തി വിടും.  അതിനു ശേഷം ഏതാനും ദിവസങ്ങൾ കൂടി കഴിഞ്ഞു മാത്രമായിരിക്കും വലിയ വാഹനങ്ങൾ കടത്തി വിടുക. ടാറിങ് പണികൾ പിന്നീട് നടത്തും. 

നെടുംപൊയിൽ മുതൽ ചന്ദനത്തോടുവരെ കണ്ണൂർ ജില്ലയിൽ ഉൾപ്പെടുന്ന 12.40 കിലോമീറ്റർ ദൂരം പൂർണമായി റീടാറിങ് നടത്തും. അതോടൊപ്പമായിരിക്കും തകർന്ന ഭാഗത്തെ ടാറിങ്ങും നടത്തുക. വയനാട് ദുരന്തമുണ്ടായ ദിവസമാണ് കണ്ണൂർ വയനാട് ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന സുപ്രധാന പാതയായ തലശ്ശേരി മാനന്തവാടി ബാവലി സംസ്ഥാനാന്തര പാതയിലെ ചുരം ഭാഗത്തെ റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ടത്. വാഹനങ്ങൾക്കു കടന്നു പോകാൻ കഴിയാത്ത വിധം റോഡിൽ വിള്ളൽ രൂപപ്പെട്ടതിനാൽ ഗതാഗതം പൂർണമായി നിരോധിക്കുകയായിരുന്നു. പേര്യ ചുരത്തിലെ ഈ പ്രതിസന്ധിയെ തുടർന്നു നാല് മാസത്തിൽ അധികമായി റോഡ് അടച്ചിട്ടതിനാൽ വാഹനങ്ങൾ എല്ലാം കൊട്ടിയൂർ ബോയ്സ് ടൗൺ റോഡിലൂടെയാണു പോകുന്നത്.

റോഡിനെ ആശ്രയിച്ച് പേര്യയിലെക്കും മാനന്തവാടിയിലെക്കും യാത്ര ചെയ്തിരുന്ന വിദ്യാർഥികളടക്കമുള്ളവർ പ്രതിസന്ധിയിലായിരുന്നു. ഏലപ്പീടിക, സെമിനാരി വില്ല, 29–ാം മൈൽ, പൂളക്കുറ്റി, ചന്ദനത്തോട് മേഖലകളിലുള്ളവർക്ക് വിവിധ ആവശ്യങ്ങൾക്കായി ഏറ്റവും അടുത്തുള്ള പേരാവൂർ, നെടുംപൊയിൽ, പേര്യ എന്നിവിടങ്ങളിൽ എത്തുന്നതിനു വാഹന സൗകര്യം പൂർണമായി ഇല്ലാതായി. കിലോമീറ്ററുകളോളം ചുറ്റിക്കറങ്ങി വയനാട്ടിലേക്കു പോകേണ്ടി വന്നു. ഈ സാഹചര്യങ്ങൾ എല്ലാം പരിഗണിച്ചു റോഡുപണി വേഗത്തിൽ നടത്താൻ നിർദേശിക്കുകയായിരുന്നു. ചുരത്തിലെ വളവുകളിൽ ഇന്റർലോക്ക് പാകുന്നതിന്റെയും ഓവുചാലുകൾ നിർമിക്കുന്നതിന്റെയും പണികളും നടത്തി വരികയാണ്.

English Summary:

peria ghat pass the crucial road link between Kannur and Wayanad, is expected to reopen within a week after months of closure due to repairs. The reopening will bring much-needed relief to commuters who have faced significant detours and travel difficulties

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com