ഗുരുതര പരുക്കേറ്റ പൂച്ചയുടെ ജീവൻകാത്ത് അശ്വന്ത്
Mail This Article
പിണറായി ∙ വാഹനമിടിച്ച് റോഡിൽ പിടയുന്ന പൂച്ചയെ ആശുപത്രിയിലെത്തിച്ച് ജീവൻകാത്ത് യുവാവ്. പിണറായി പന്തക്കപ്പാറ ശ്രീനന്ദനത്തിൽ തലശ്ശേരി ട്രാഫിക് സ്റ്റേഷൻ എസ്ഐ പി.അശോകന്റെയും വി.ഷൈനയുടെയും മകൻ വി.അശ്വന്ത് (24) ആണ് പൂച്ചയെ രക്ഷിച്ചത്. മാഹി കോഓപ്പറേറ്റീവ് കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ ബിഎഡ് ഫിസിക്കൽ സയൻസ് രണ്ടാംവർഷ വിദ്യാർഥിയാണ് അശ്വന്ത്. കഴിഞ്ഞദിവസം കണ്ണൂരിലേക്ക് കാറിൽ പോകുമ്പോഴാണ് പെരളശ്ശേരി പള്ള്യത്ത് റോഡിൽ വാഹനമിടിച്ച് പിടയുന്ന പൂച്ചയെ കണ്ടത്. വാഹനം നിർത്തുമ്പോഴേക്കും നാട്ടുകാർ പൂച്ചയെ റോഡരികിലേക്ക് മാറ്റിയിരുന്നു. അശ്വന്ത് പൂച്ചയെ ഉടൻ മൂന്നുപെരിയയിലെ മൃഗാശുപത്രിയിലെത്തിച്ചു. എക്സ്റേ എടുക്കാൻ ആവശ്യപ്പെട്ടതിനാൽ ജില്ലാ മൃഗാശുപത്രിയിലെത്തി. എക്സ്റേ എടുത്തപ്പോഴാണ് തുടയെല്ല് പൊട്ടിയെന്നും വാരിയെല്ലിനു ചതവുണ്ടെന്നും മനസ്സിലായത്.
4 ദിവസം കുത്തിവയ്പ് നൽകി പിന്നീട് ശസ്ത്രക്രിയ നടത്തണമെന്നും ഡോക്ടർ പറഞ്ഞു. തുടർന്ന് പൂച്ചയുമായി വീട്ടിലെത്തിയ അശ്വന്ത്, പിണറായി മൃഗാശുപത്രിയിലെത്തിച്ച് നാലു ദിവസവും കുത്തിവയ്പ് നൽകി. അശ്വന്ത് ഏറ്റെടുത്ത ദൗത്യത്തെക്കുറിച്ച് അറിഞ്ഞ് പൂച്ചയുടെ ശസ്ത്രക്രിയയ്ക്കുള്ള ചെലവ് ബിഎഡ് കോളജിലെ കൂട്ടുകാരും അധ്യാപകരും സ്വരൂപിച്ചു നൽകി. കണ്ണൂർ പള്ളിക്കുന്നിലെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ശസ്ത്രക്രിയ. വെറ്ററിനറി ഡോക്ടർ ജയമോഹനൻ, ഡോ: പി.സനൂപ് എന്നിവർ ഒന്നരമണിക്കൂർ സമയമെടുത്താണ് പൂച്ചയുടെ ശസ്ത്രക്രിയ പൂർത്തിയാക്കിയത്. പൊട്ടലുണ്ടായിരുന്ന കാലിന്റെ എല്ല് സ്റ്റീൽ ഇട്ട് പൂർവസ്ഥിതിയിലാക്കി. പൂച്ചയെ കൈവിടാതെ പോറ്റുമെന്ന് അശ്വന്ത് പറഞ്ഞു.