തിരിമറി മറയ്ക്കാൻ കാറുകൾ കത്തിച്ചു; കാർ ഷോറൂം ജീവനക്കാരൻ അറസ്റ്റിൽ
Mail This Article
തലശ്ശേരി∙ ചിറക്കരയിൽ ഇൻഡസ് മോട്ടോഴ്സ് നെക്സ ഷോറൂം യാഡിൽ സൂക്ഷിച്ച 3 പുതിയ കാറുകൾ കത്തിച്ച കേസിൽ ഷോറൂം ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. സെയിൽസ് എക്സിക്യൂട്ടീവ് മാനന്തവാടി മക്കിയാട് തെന്നമലയിലെ പി.സജീറാണ് (28) പിടിയിലായത്. ഇയാളെ 10ന് പുലർച്ചെ 3.30ന് ആണ് കാറുകൾ കത്തിനശിച്ചത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു, തീകൊളുത്തിയതാണെന്ന് പൊലീസ് സ്ഥികരീകരിച്ചിരുന്നു. ഷോറൂമിനകത്തുള്ളവർ തന്നെയായിരിക്കാം സംഭവത്തിനു പിന്നിലെന്ന് പൊലീസിന് സംശയമുണ്ടായിരുന്നു. കാർ ബുക്ക് ചെയ്തവരിൽനിന്ന് സജീർ വാങ്ങിയ പണം സ്ഥാപനത്തിൽ എത്തിയിരുന്നില്ല.
ബുക്ക് ചെയ്ത വാഹനം ലഭിക്കാത്തതിനാൽ ബന്ധപ്പെട്ടവർ സമ്മർദം ചെലുത്തുമ്പോൾ അതിൽ നിന്ന് ശ്രദ്ധ തിരിക്കാമെന്നു കരുതിയാണ് കാറുകൾ കത്തിച്ചതെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇതിനായി മാഹിയിൽ നിന്ന് പെട്രോൾ വാങ്ങി. സ്വന്തം കാറിൽ സ്ഥലത്തെത്തി സിസിടിവിയിൽ ദൃശ്യം പതിയാത്ത ഭാഗത്തുകൂടെ കയറി തീ കൊളുത്തിയെന്നാണു പൊലീസ് കണ്ടെത്തിയത്. സംഭവ സമയത്ത് ഇയാൾ ധരിച്ച ടീ ഷർട്ടാണ് പ്രതിയെ വേഗത്തിൽ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്.
സംഭവദിവസം പൊലീസ് പരിശോധന നടക്കുമ്പോൾ മറ്റു ജീവനക്കാർക്കൊപ്പം സജീറും സ്ഥലത്തുണ്ടായിരുന്നു. ഇയാൾ കുയ്യാലിയിലാണ് വാടകയ്ക്കു താമസിക്കുന്നത്. സംഭവദിവസം അവിടെയുണ്ടായിരുന്നില്ല. എന്നാൽ ഇയാളുടെ സാന്നിധ്യം നഗരത്തിലുണ്ടായിരുന്നതായി മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ നോക്കി പൊലീസ് കണ്ടെത്തി. കാറുകൾ കത്തിയതുമൂലം സ്ഥാപനത്തിന് 35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കാക്കുന്നത്.