മാസങ്ങളായി നിർത്തിയിട്ട കാറിനടിയിൽ നായ്ക്കളുടെ താവളം; തെരുവുനായയെ ഭയന്നോടിയ യുവതിക്ക് വീണുപരുക്ക്
Mail This Article
തലശ്ശേരി∙ നഗരവാസികൾ തെരുവുനായ ഭീഷണിയിൽ. ചേറ്റംകുന്നിൽ കൊമ്മച്ചാംകണ്ടി റോഡിന് സമീപത്തെ ഒഴിഞ്ഞ പറമ്പിൽ മാസങ്ങളായി ആരോ നിർത്തിയിട്ട കാറിനടിയിൽ നായ്ക്കൾ പെറ്റുപെരുകി. ഇതുവഴി നടന്നുപോവുന്നവരുടെ പിന്നാലെ നായ്ക്കൾ ഓടുന്നത് പതിവായി. ഇന്നലെ സമീപത്തെ വീട്ടിലെ ഫർസീന നടന്നുവരുന്നതിനിടയിൽ നായ പിറകെ ഓടിയതിനെത്തുടർന്ന് വീണു യുവതിക്ക് കൈക്ക് പരുക്കേറ്റു. ഇതുവഴി കടന്നു പോവുന്നവരുടെ പിറകെ നായ ഓടുന്നത് പതിവായതായി പരിസരവാസികൾ പറഞ്ഞു.
സമീപത്തെ വീടുകൾക്ക് പുറത്ത് അഴിച്ചുവയ്ക്കുന്ന ചെരുപ്പ് കടിച്ചു കൊണ്ടുപോവുന്നതും പതിവായി. കഴിഞ്ഞ ദിവസം രാത്രിയാണ് നഗരത്തിൽ ഗോപാലപേട്ട മുതൽ പിലാക്കൂൽ വരെ പത്തിലേറെ പേർക്ക് തെരുവു നായയുടെ കടിയേറ്റത്. നായ്ക്കൂട്ടം റോഡിൽ ഇരുചക്ര വാഹനങ്ങൾക്ക് കുറുകെ ചാടുന്നതും പിറകെ ഓടുന്നതും മൂലം യാത്രക്കാർ വീണു പരുക്കേൽക്കുന്ന സംഭവവും ഉണ്ടാവുന്നു. റെയിൽവേ സ്റ്റേഷൻ, കോടതി വളപ്പ്, തുടങ്ങി പൊതുഇടങ്ങളിലെല്ലാം തെരുവ് നായ്ക്കൾ അലയുകയാണ്. ഇതിനെ നിയന്ത്രിക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.